ADVERTISEMENT

റാഞ്ചി ∙ ലോങ്ജംപിലെ ദേശീയ നേട്ടത്തിലേക്ക് ഒരിക്കൽകൂടി കുതിച്ചു ചാടി എം.ശ്രീശങ്കർ. ദേശീയ മീറ്റിൽ തന്റെ ആദ്യ വ്യക്തിഗത സ്വർണം നേടി വി.കെ.വിസ്മയ. ഓപ്പൺ അത്‌ലറ്റിക് മീറ്റിൽ ഇന്നലെ മലയാളികളുടെ ദിവസമായിരുന്നു. പുരുഷ 400 മീറ്ററിൽ സ്വർണം നേടിയ നോഹ നിർമൽ ടോമും വനിതാ പോൾവോൾട്ടിൽ ഒന്നാമതെത്തിയ കൃഷ്ണ രചനും കേരളത്തിന്റെ മെഡൽ സന്തോഷങ്ങൾ ഇരട്ടിയാക്കി.

400 മീറ്ററിൽ രാജ്യാന്തര മീറ്റുകളിൽ സ്വർണം നേടിയിട്ടും എഷ്യൻ ഗെയിംസ് സ്വർണം നേടിയ റിലേ ടീമിൽ അംഗമായിട്ടും ദേശീയ സീനിയർ മീറ്റിൽ സ്വർണമില്ലെന്ന പേരുദോഷമാണു വിസ്മയ ഇന്നലെ മാറ്റിയെഴുതിയത്. ദേശീയ ഫെഡറേഷനായി മത്സരിച്ച കണ്ണൂർ സ്വദേശിനി 52.71 സെക്കൻഡിൽ ഓടിയെത്തി. ഹരിയാനയുടെ കിരൺ വെള്ളി നേടി (52.73). പുരുഷ വിഭാഗത്തിൽ മലയാളി താരങ്ങളുടെ ആധിപത്യമായിരുന്നു. നോഹ നിർമൽ ടോമിനു (45.88) പിന്നിൽ അമോജ് ജേക്കബ് വെള്ളി നേടി. ലോങ്ജംപിൽ കാര്യമായ വെല്ലുവിളികളില്ലാതെ മുന്നേറിയ പാലക്കാട്ടുകാരൻ ശ്രീശങ്കർ 7.93 മീറ്ററിലാണു സ്വർണം നേടിയത്. 

വനിതാ പോൾവോൾട്ടിൽ റെയിൽവേക്കായി മത്സരിച്ച കണ്ണൂർ ചാല സ്വദേശിനി കൃഷ്ണ രചൻ 8.20 മീറ്റർ ചാടിയപ്പോൾ കേരളത്തിനായി മത്സരിച്ച നിവ്യ ആന്റണി വെള്ളി നേടി. ദിജ സ്വരൂപും ആർഷ ബാബുവും വെങ്കലം നേടി. ഷോട്പുട്ടിൽ ദേശീയ റെക്കോർഡ് തിരുത്തി തേജീന്ദർ പാൽ ടൂ‍ർ വീണ്ടും താരമായി. മീറ്റ് ഇന്ന് സമാപിക്കാനിരിക്കെ 205 പോയിന്റുമായി റെയിൽവേ ബഹുദൂരം മുന്നിലാണ്. സർവീസസാണ് രണ്ടാമത് (120 പോയിന്റ്).

ഇവിടെ പോസ്റ്റു ചെയ്യുന്ന അഭിപ്രായങ്ങൾ മലയാള മനോരമയുടേതല്ല. അഭിപ്രായങ്ങളുടെ പൂർണ ഉത്തരവാദിത്തം രചയിതാവിനായിരിക്കും. കേന്ദ്ര സർക്കാരിന്റെ ഐടി നയപ്രകാരം വ്യക്തി, സമുദായം, മതം, രാജ്യം എന്നിവയ്ക്കെതിരായി അധിക്ഷേപങ്ങളും അശ്ലീല പദപ്രയോഗങ്ങളും നടത്തുന്നത് ശിക്ഷാർഹമായ കുറ്റമാണ്. ഇത്തരം അഭിപ്രായ പ്രകടനത്തിന് നിയമനടപടി കൈക്കൊള്ളുന്നതാണ്.
തൽസമയ വാർത്തകൾക്ക് മലയാള മനോരമ മൊബൈൽ ആപ് ഡൗൺലോഡ് ചെയ്യൂ
അവശ്യസേവനങ്ങൾ കണ്ടെത്താനും ഹോം ഡെലിവറി  ലഭിക്കാനും സന്ദർശിക്കു www.quickerala.com