ADVERTISEMENT

റാഞ്ചി ∙ വിജയത്തിന്റെ ട്രാക്ക് ഓടിക്കടന്ന മലയാളി ‘ലോക്കോ പൈലറ്റു’മാരുടെ കരുത്തിൽ ദേശീയ ഓപ്പൺ അത്‍ലറ്റിക്സിൽ വീണ്ടും റെയിൽവേയുടെ കിരീടക്കുതിപ്പ്. സർവീസസിനെ 90 പോയിന്റിനു പിന്നിലാക്കിയാണു റെയിൽവേ ടീം ഓവറോൾ കിരീടം നിലനിർത്തിയത്. റെയിൽവേയുടെ തുടർച്ചയായ ഇരുപത്തിരണ്ടാം കിരീടമാണിത്. മലയാളി താരങ്ങളിലധികവും ജഴ്സി മാറിയിറങ്ങിയ ചാംപ്യൻഷിപ്പിൽ ഒരു സ്വർണവും രണ്ടുവീതം വെള്ളിയും വെങ്കലവും നേടിയ കേരളത്തിന് ഒൻപതാം സ്ഥാനം മാത്രം. ഷോട്പുട് താരം തേജീന്ദർപാൽ സിങ്ങും സ്പ്രിന്റ് റാണി ദ്യുതി ചന്ദും ചാംപ്യൻഷിപ്പിലെ മികച്ച താരങ്ങളായി.

മറുനാടൻ ടീമുകളുടെ നെയിംബോർഡ് വച്ചിറങ്ങിയ മലയാളികളുടെ സ്വർണ നേട്ടങ്ങളോടെയായിരുന്നു ചാംപ്യൻഷിപ്പിന്റെ സമാപനം. 1500 മീറ്ററിനു പുറമേ 800 മീറ്ററിലും ഒന്നാമതെത്തിയ റെയിൽവേയുടെ മലയാളി താരം പി.യു.ചിത്ര ഡബിൾ തികച്ചു. സർവീസസിന്റെ മുഹമ്മദ് അഫ്സൽ പുരുഷ 800 മീറ്ററിലും കാർത്തിക് ഉണ്ണിക്കൃഷ്ണൻ ട്രിപ്പിൾ ജംപിലും സ്വർണം നേടി. 200 മീറ്ററിലും സ്വർണ നേട്ടം ആവർത്തിച്ചതോടെ രാജ്യത്തെ വേഗറാണിപ്പട്ടം തന്റെ കയ്യിൽ‌ സുരക്ഷിതമെന്നു ദ്യുതി ദ്യുതി ചന്ദ് വീണ്ടും തെളിയിച്ചു. 23.17 സെക്കൻഡിൽ ഓടിയെത്തിയ ദ്യുതിയുടേത് സീസണിലെ മികച്ച ഇന്ത്യൻ പ്രകടനമായിരുന്നു.

വനിതാ ഹെപ്റ്റാത്‍ലണിൽ മരീന ജോർജിന്റെ വെള്ളിയും ഹൈജംപിൽ ലിബിയ ഷാജി, പുരുഷ ട്രിപിൾ ജംപിൽ വിമൽ മുകേഷ് എന്നിവർ നേടിയ വെങ്കവുമാണ് ഇന്നലെ കേരളത്തിന്റെ അക്കൗണ്ടിലേക്കെത്തിയ മെഡലുകൾ. ട്രിപിൾ ജംപിൽ‌ സർവീസസിന്റെ മലയാളി താരം അബ്ദുള്ള അബൂക്കർ വെള്ളി നേടിയപ്പോൾ ഹെപ്റ്റാത്‍ലണിൽ റെയിൽവേയുടെ ലിക്സി ജോസഫിനാണു വെങ്കലം. വനിതാ പോൾവോൾട്ടിൽ റെയിൽവേ താരം കൃഷ്ണ രചൻ 3.80 മീറ്റർ ചാടി കഴിഞ്ഞദിവസം സ്വർണം നേടിയിരുന്നു.

∙ ദേശീയ ഓപ്പൺ അത്‍ലറ്റിക്സിൽ മലയാളി താരങ്ങൾ സ്വർണം നേടിയത് 8 ഇനങ്ങളിൽ. ഇതിൽ എം.ശ്രീശങ്കറിന്റെ സ്വർണം മാത്രമാണ് കേരളത്തിനു സ്വന്തമായത്.

English Summary: National Open Athletics Meet, Live Updates

ഇവിടെ പോസ്റ്റു ചെയ്യുന്ന അഭിപ്രായങ്ങൾ മലയാള മനോരമയുടേതല്ല. അഭിപ്രായങ്ങളുടെ പൂർണ ഉത്തരവാദിത്തം രചയിതാവിനായിരിക്കും. കേന്ദ്ര സർക്കാരിന്റെ ഐടി നയപ്രകാരം വ്യക്തി, സമുദായം, മതം, രാജ്യം എന്നിവയ്ക്കെതിരായി അധിക്ഷേപങ്ങളും അശ്ലീല പദപ്രയോഗങ്ങളും നടത്തുന്നത് ശിക്ഷാർഹമായ കുറ്റമാണ്. ഇത്തരം അഭിപ്രായ പ്രകടനത്തിന് നിയമനടപടി കൈക്കൊള്ളുന്നതാണ്.
തൽസമയ വാർത്തകൾക്ക് മലയാള മനോരമ മൊബൈൽ ആപ് ഡൗൺലോഡ് ചെയ്യൂ
അവശ്യസേവനങ്ങൾ കണ്ടെത്താനും ഹോം ഡെലിവറി  ലഭിക്കാനും സന്ദർശിക്കു www.quickerala.com