ADVERTISEMENT

ഗുണ്ടൂർ ∙ സാന്ദ്രയുടെ സ്വർണം അഭിമാനം കാത്തെങ്കിലും ദേശീയ ജൂനിയർ അത്‌ലറ്റിക് ചാംപ്യൻഷിപ്പിൽ ആദ്യദിനം കേരളം ആറാം സ്ഥാനത്ത്. ഒരു സ്വർണം, ഒരു വെള്ളി, ഒരു വെങ്കലം എന്നതാണു കേരളത്തിന്റെ സമ്പാദ്യം. നിലവിലെ ചാംപ്യന്മാരായ ഹരിയാനയുടെ കുതിപ്പു കണ്ട ആദ്യദിനത്തിൽ മഹാരാഷ്ട്ര, തമിഴ്നാട് ടീമുകളും മികച്ചു നിന്നു. 2 സ്വർണവും 3 വെള്ളിയും അടക്കം 80 പോയിന്റുമായാണ് ഹരിയാന ആദ്യ ദിനം ഒന്നാമതെത്തിയത്. 42 പോയിന്റുമായി മഹാരാഷ്ട്രയും 38 പോയിന്റുമായി തമിഴ്നാടും രണ്ടും മൂന്നും സ്ഥാനങ്ങളിലുണ്ട്. കേരളത്തിന് 31 പോയിന്റുണ്ട്.

അണ്ടർ 20 പെൺകുട്ടികളുടെ ലോങ് ജംപിൽ സാന്ദ്രാ ബാബു കേരളത്തിനായി സ്വർണം നേടിയപ്പോൾ ആൻസി സോജൻ വെങ്കലം നേടി. അണ്ടർ 18 പെൺകുട്ടികളുടെ ലോങ്ജംപിൽ പി.എസ്.പ്രഭാവതി നേടിയ വെള്ളിയാണ് കേരളത്തിന്റെ മറ്റൊരു മെഡൽ. ലോക ജൂനിയർ അത്‌ലറ്റിക് ചാംപ്യൻഷിപ്പിന് യോഗ്യത നേടിയ പ്രകടനത്തോടെയാണ് സാന്ദ്രയുടെ സ്വർണം. 6.16 മീറ്റർ ചാടിയാണ് സാന്ദ്ര സ്വർണം ഉറപ്പിച്ചത്. 6.15 ആയിരുന്നു ലോക മീറ്റിന്റെ യോഗ്യതാ മാർക്ക്.

national-junior-athletic-championship2
ഗുണ്ടൂരിൽ നടക്കുന്ന ദേശീയ ജൂനിയർ അത്‌ലറ്റിക് ചാംപ്യൻഷിപ്പിനുള്ള കേരള ടീമിന്റെ മാർച്ച് പാസ്റ്റ്. ചിത്രം: റിങ്കുരാജ് മട്ടാഞ്ചേരിയിൽ ∙മനോരമ

കോതമംഗലം എംഎ കോളജിൽ ഒന്നാം വർഷ ഡിഗ്രി വിദ്യർഥിനിയായ സാന്ദ്രയുടെ പരിശീലകൻ ടി.പി.ഔസേപ്പാണ്. ബാബുവും മിശ്രയുമാണു കണ്ണൂർ കേളകം സ്വദേശിനിയായ സാന്ദ്രയുടെ മാതാപിതാക്കൾ. ട്രിപ്പിൾ ജംപിലും മത്സരിക്കുന്ന സാന്ദ്രയ്ക്ക് കഴിഞ്ഞ ജൂനിയർ മീറ്റിൽ ഈ ഇനത്തിൽ സ്വർണം കിട്ടിയിട്ടുണ്ട്.

നിർഭാഗ്യം കൊണ്ടാണ് മലപ്പുറം കടകശേരി ഐഡിയൽ സ്കൂൾ താരം പി.എസ്.പ്രഭാവതിക്ക് ലോങ്ജംപിൽ സ്വർണം നേടാനാകാതെ പോയത്.  ആദ്യ ശ്രമത്തിൽ 5.76 മീറ്റർ പിന്നിട്ട പ്രഭാവതിയുടെ ബാക്കി ശ്രമങ്ങൾ ഫൗൾ ആയി. അഞ്ചാം ശ്രമത്തിലാണ് തമിഴ്നാടിന്റെ പി.എം. തബിയത്ത് 5.85 ചാടി സ്വർണം ഉറപ്പിച്ചത്.

കാലിൽ ഏറ്റ പരുക്ക് വകവയ്ക്കാതെയാണ് നാട്ടിക ഫിഷറീസ് കോളജ് വിദ്യാർഥിയായ ആൻസി സോജൻ മത്സരിക്കാനിറങ്ങിയത്. 100 മീറ്റർ ഓടിയെങ്കിലും പുറത്തായി. എന്നിട്ടും മികച്ച പ്രകടനം നടത്തി ലോങ് ജംപിൽ വെങ്കലം പിടിച്ചെടുക്കുകയായിരുന്നു.

national-junior-athletic-championship
ഗുണ്ടൂരിൽ നടക്കുന്ന ദേശീയ ജൂനിയർ അത്‌ലറ്റിക് ചാംപ്യൻഷിപ്പിനുള്ള കേരള ടീമിന്റെ മാർച്ച് പാസ്റ്റ്. ചിത്രം: റിങ്കുരാജ് മട്ടാഞ്ചേരിയിൽ ∙മനോരമ

ഹരിയാനയുടെ ഭാരതി ആദ്യ ദിനത്തിലെ റെക്കോർഡ് നേട്ടക്കാരിയായി. അണ്ടർ 16 പെൺകുട്ടികളുടെ ഷോട്ട്പുട്ടിൽ 15.32 മീറ്റർ എറിഞ്ഞാണ് ഭാരതി ഈ വിഭാഗത്തിലെ ദേശീയ റെക്കോർഡും കുറിച്ചത്. ഇന്ന് 31 ഫൈനലുകൾ നടക്കും. 

ടോണി ഡാനിയലിന്റെ സ്വപ്നം യാഥാർത്ഥ്യമാക്കി ഫെഡറേഷൻ

പ്രായത്തട്ടിപ്പ് തടയാൻ വിരലടയാളവും ഏകീകൃത തിരിച്ചറിയൽ നമ്പറും ഉൾപ്പെടുത്തിയ കാർഡ് അവതരിപ്പിച്ച് അത്‌ലറ്റിക് ഫെഡറേഷൻ ഓഫ് ഇന്ത്യ (എഎഫ്ഐ). ഗുണ്ടൂരിൽ നടക്കുന്ന ദേശീയ ജൂനിയർ അത്‌ലറ്റിക് ചാംപ്യൻഷിപ്പിലാണ് കാർഡ് ആദ്യമായി വിതരണം ചെയ്യുന്നത്. എഎഫ്ഐ വെബ്സൈറ്റ് വഴി കായിക താരങ്ങൾ നേരിട്ട് വ്യക്തിവിവരങ്ങൾ രേകൾ സഹിതം നൽകണം. അപ്പോൾ ലഭിക്കുന്ന  ഏകീകൃത തിരിച്ചറിയൽ നമ്പർ അടിസ്ഥാനമാക്കിയാണ് കാർഡ് രൂപീകരിക്കുന്നത്. ഇത് കായിക താരങ്ങൾക്ക് ആജീവനാന്തം ഉപയോഗിക്കാം.

എഎഫ്ഐ ടെക്നിക്കൽ കമ്മിറ്റി ചെയർമാൻ ആയിരിക്കെ അന്തരിച്ച മലയാളിയായ ഡോ. ടോണി ഡാനിയലിന്റെ കൂടെ സംഭാവനയായിരുന്നു പ്രൊജക്ട് എന്ന് എഎഫ്ഐ ഓപ്പറേഷൻസ് മാനേജർ ദിവേഷ് ഭാൽ പറഞ്ഞു. 

∙ ‘6.16 മീറ്റർ എന്റെ മികച്ച പ്രകടനമാണ്. 6.09 ആയിരുന്നു ഇതുവരെ മികച്ച ദൂരം. ഒഡീഷ, തമിഴ്നാട് താരങ്ങളും നമ്മുടെ ആൻസി സോജനും മികച്ച എതിരാളികൾ ആയിരുന്നു. അതിനാലാണ് മികച്ച ദൂരം പിന്നിടാൻ സാധിച്ചത്. ലോക ജൂനിയർ ചാംപ്യൻഷിപ്പിന് യോഗ്യത നേടാനായതും വലിയ സന്തോഷമായി.’ – സാന്ദ്രാ ബാബു

ഇവിടെ പോസ്റ്റു ചെയ്യുന്ന അഭിപ്രായങ്ങൾ മലയാള മനോരമയുടേതല്ല. അഭിപ്രായങ്ങളുടെ പൂർണ ഉത്തരവാദിത്തം രചയിതാവിനായിരിക്കും. കേന്ദ്ര സർക്കാരിന്റെ ഐടി നയപ്രകാരം വ്യക്തി, സമുദായം, മതം, രാജ്യം എന്നിവയ്ക്കെതിരായി അധിക്ഷേപങ്ങളും അശ്ലീല പദപ്രയോഗങ്ങളും നടത്തുന്നത് ശിക്ഷാർഹമായ കുറ്റമാണ്. ഇത്തരം അഭിപ്രായ പ്രകടനത്തിന് നിയമനടപടി കൈക്കൊള്ളുന്നതാണ്.
തൽസമയ വാർത്തകൾക്ക് മലയാള മനോരമ മൊബൈൽ ആപ് ഡൗൺലോഡ് ചെയ്യൂ
അവശ്യസേവനങ്ങൾ കണ്ടെത്താനും ഹോം ഡെലിവറി  ലഭിക്കാനും സന്ദർശിക്കു www.quickerala.com