ADVERTISEMENT

ന്യൂയോർക്ക് ∙ രണ്ടു മത്സരങ്ങൾ ബാക്കി നിൽക്കെ മെഴ്സിഡീസിന്റെ ബ്രിട്ടിഷ് ഡ്രൈവർ ലൂയിസ് ഹാമിൽട്ടൻ ഫോർമുല വൺ കാറോട്ട കിരീടം നിലനിർത്തി. ഞായറാഴ്ച നടന്ന അമേരിക്കൻ ഗ്രാൻപ്രിയിൽ രണ്ടാം സ്ഥാനത്താണു മത്സരം പൂർത്തിയാക്കിയതെങ്കിലും കിരീടധാരണത്തിന് ആ 18 പോയിന്റ് ധാരാളമായിരുന്നു. മെഴ്സിഡീസിലെ സഹതാരം വൾട്ടേരി ബൊത്താസാണ് അമേരിക്കൻ ഗ്രാൻപ്രി ജേതാവ്.

ഗ്രിഡിൽ അഞ്ചാമനായി മത്സരം തുടങ്ങിയ ഹാമിൽട്ടൻ കീരീടം ഉറപ്പിക്കാനുള്ള ഉറച്ച പോരാട്ടമായിരുന്നു മത്സരത്തിലുടനീളം പുറത്തെടുത്തത്. ഇതോടെ ഇനിയുള്ള ബ്രസീൽ, അബുദാബി ഗ്രാൻപ്രികൾ അപ്രസക്തമായി. ഇതിഹാസ താരം മൈക്കൽ ഷൂമാക്കറുടെ 7 കിരീടമെന്ന ലോക റെക്കോർഡിന് ഒപ്പമെത്താൻ ഹാമിൽട്ടന് ഒരു കിരീടം കൂടി മതി. അടുത്ത സീസണിലും ഈ പ്രകടനം ആവർത്തിച്ചാൽ മൈക്കൽ ഷൂമാക്കറിന്റെ മറ്റു റെക്കോർഡുകളും ഹാമിൽട്ടൻ എത്തിപ്പിടിക്കും.

1985 ജനുവരി 7നു ബ്രിട്ടണിലെ സ്റ്റീവനേജിൽ ജനിച്ച ഹാമിൽട്ടൻ ഫോർമുല വൺ ചരിത്രത്തിലെ ആദ്യത്തെ കറുത്ത വർഗക്കാരനായ ഡ്രൈവറാണ്. 2007ൽ കനേഡിയൻ ഗ്രാൻപ്രിയിലാണു ഹാമിൽട്ടന്റെ ആദ്യജയം. മക്‌ലാരനൊപ്പം തുടങ്ങിയ കരിയറിൽ ആദ്യ വർഷം (2007) ഒരു പോയിന്റിനു കിരീടം നഷ്ടമായി. എന്നൽ അടുത്ത വർഷം മക്‌ലാരനു വേണ്ടിത്തന്നെ ആദ്യ കിരീടമുയർത്തി. 2013ൽ മെഴ്സിഡീസിലെത്തി. 2014, 2015, 2017, 2018, 2019 വർഷങ്ങളിലും കിരീടം.

2016ൽ മെഴ്സിഡീസിലെത്തന്നെ ജർമൻ താരം നിക്കോ റോസ്ബർഗിനോടു പൊരുതിത്തോറ്റു. ആ സീസണിൽ 10 ഗ്രാൻപ്രികൾ ജയിച്ചെങ്കിലും കിരീടം റോസ്ബർഗിനായിരുന്നു.

ഇവിടെ പോസ്റ്റു ചെയ്യുന്ന അഭിപ്രായങ്ങൾ മലയാള മനോരമയുടേതല്ല. അഭിപ്രായങ്ങളുടെ പൂർണ ഉത്തരവാദിത്തം രചയിതാവിനായിരിക്കും. കേന്ദ്ര സർക്കാരിന്റെ ഐടി നയപ്രകാരം വ്യക്തി, സമുദായം, മതം, രാജ്യം എന്നിവയ്ക്കെതിരായി അധിക്ഷേപങ്ങളും അശ്ലീല പദപ്രയോഗങ്ങളും നടത്തുന്നത് ശിക്ഷാർഹമായ കുറ്റമാണ്. ഇത്തരം അഭിപ്രായ പ്രകടനത്തിന് നിയമനടപടി കൈക്കൊള്ളുന്നതാണ്.
തൽസമയ വാർത്തകൾക്ക് മലയാള മനോരമ മൊബൈൽ ആപ് ഡൗൺലോഡ് ചെയ്യൂ
അവശ്യസേവനങ്ങൾ കണ്ടെത്താനും ഹോം ഡെലിവറി  ലഭിക്കാനും സന്ദർശിക്കു www.quickerala.com