ADVERTISEMENT

തലമുറകൾ തമ്മിലുള്ള പോരാട്ടം കണ്ടുനിന്നവരിൽ പലരും സംശയിച്ചു, അനറ്റൊളി കാർപോവിന് നിഹാൽ സരിൻ അൽപം കൂടുതൽ ബഹുമാനം നൽകുന്നുണ്ടോ? മേൽക്കൈ നേടാമായിരുന്ന ഘട്ടങ്ങളിൽ അമിത ആക്രമണോൽസുകത കാട്ടാതെ നിഹാൽ മിതത്വം പുലർത്തിയതാണ് ഇങ്ങനെ വ്യാഖ്യാനിക്കപ്പെട്ടത്.

16 തവണ ലോക ചാംപ്യനും ദീർഘകാലം ലോക ഒന്നാം നമ്പറ‍ുമായിരുന്ന റഷ്യൻ ഗ്രാൻഡ് മാസ്റ്റർ അനറ്റൊളി കാർപോവിനോടുള്ള ആദരസൂചകമായാണ് ഫ്രാൻസിൽ ‘കാർപോവ് ട്രോഫി’ രാജ്യാന്തര ചെസ് സംഘടിപ്പിക്കുന്നത്. ടൂർണമെന്റിന്റെ സമാപനത്തിനാണ് കാർപോവ് അതിഥിയായെത്തുന്നത്. ടൂർണമെന്റിലെ ഏതെങ്കിലും ഒരു താരവുമായി പ്രദർശന മത്സരത്തിന് അറുപത്തെട്ടുകാരൻ കാർപോവ് തയാറായി. അത് ആരുവേണമെന്നു തീരുമാനിക്കാൻ സംഘാടകർക്ക് ഒട്ടും വിഷമിക്കേണ്ടിവന്നില്ല. ടൂർണമെന്റിലെ ഏറ്റവും പ്രായംകുറഞ്ഞ താരമായ നിഹാൽ തന്നെ. രണ്ടുപേരും ‘പൊസിഷനൽ പ്ലേ’യുടെ വക്താക്കൾ. 

രണ്ടുവീതം റാപ്പിഡ്, ബ്ലിറ്റ്സ് മത്സരങ്ങളിലാണ് ഇവർ ഏറ്റുമുട്ടിയത്. രണ്ട് റാപ്പിഡ് മത്സരങ്ങളിലും നിഹാൽ വ്യക്തമായ മേധാവിത്തം കാട്ടി. എന്നാൽ, എതിരാളിക്കു നൽകിയ ബഹുമാനം അൽപം കൂടിപ്പോയെന്നു മത്സരഫലം വ്യക്തമാക്കി. വിജയത്തോടെ ഫുൾപോയിന്റ് നേടാനുള്ള അവസരം രണ്ടു സമനിലകളിൽ തീർന്നു (1–1). ആദ്യ ബ്ലിറ്റ്സ് മത്സരത്തിൽ വെള്ളക്കരുവിന്റെ ആനുകൂല്യവുമായി ഇറങ്ങിയ കാർപോവ്, നിഹാലിനെ 69 നീക്കങ്ങൾക്കൊടുവിൽ തോൽപ്പിച്ചു. എന്നാൽ, രണ്ടാം മത്സരത്തിൽ നിഹാൽ വെറും 28 നീക്കത്തിനൊടുവിൽ കാർപോവിനെ കീഴ്‍പ്പെടുത്തി. 2–2ന് മത്സരം അവസാനിച്ചതോടെ നിഹാലിനെ കാർപോവ് അഭിനന്ദിച്ചു. തൃശൂർ ദേവമാത സിഎംഐ പബ്ലിക് സ്കൂളിൽ പത്താം ക്ലാസ് വിദ്യാർഥിയാണ് നിഹാൽ. 

ഇവിടെ പോസ്റ്റു ചെയ്യുന്ന അഭിപ്രായങ്ങൾ മലയാള മനോരമയുടേതല്ല. അഭിപ്രായങ്ങളുടെ പൂർണ ഉത്തരവാദിത്തം രചയിതാവിനായിരിക്കും. കേന്ദ്ര സർക്കാരിന്റെ ഐടി നയപ്രകാരം വ്യക്തി, സമുദായം, മതം, രാജ്യം എന്നിവയ്ക്കെതിരായി അധിക്ഷേപങ്ങളും അശ്ലീല പദപ്രയോഗങ്ങളും നടത്തുന്നത് ശിക്ഷാർഹമായ കുറ്റമാണ്. ഇത്തരം അഭിപ്രായ പ്രകടനത്തിന് നിയമനടപടി കൈക്കൊള്ളുന്നതാണ്.
തൽസമയ വാർത്തകൾക്ക് മലയാള മനോരമ മൊബൈൽ ആപ് ഡൗൺലോഡ് ചെയ്യൂ
അവശ്യസേവനങ്ങൾ കണ്ടെത്താനും ഹോം ഡെലിവറി  ലഭിക്കാനും സന്ദർശിക്കു www.quickerala.com