ADVERTISEMENT

കിരീടം ഉറപ്പിച്ച് ഹരിയാന; രണ്ടാം സ്ഥാനത്തിനു പൊരുതി അയൽക്കാരായ കേരളവും തമിഴ്നാടും. ദേശീയ ജൂനിയർ അത്‌ലറ്റിക് ചാംപ്യൻഷിപ്പിനു കൊടിയിറങ്ങാൻ ഒരു ദിവസം ശേഷിക്കെ ചിത്രം വ്യക്തം. 327.5 പോയിന്റുമായി നിലവിലെ ചാംപ്യന്മാരായ ഹരിയാന ഏറെ മുന്നിൽ കുതിക്കുന്നു.

244. 5 പോയിന്റുമായി തമിഴ്നാട് രണ്ടാം സ്ഥാനത്തും 243.5 പോയിന്റുമായി കേരളം മൂന്നാം സ്ഥാനത്തുമാണ്. നാലാമതുള്ള മഹാരാഷ്ട്രയ്ക്ക് 219.5 പോയിന്റ്. ഇന്നലെ 2 സ്വർണവും 6 വെങ്കലവും ആണ് കേരളം നേടിയത്. ഇതോടെ കേരളത്തിന് ആകെ 14 സ്വർണവും 6 വെള്ളിയും 14 വെങ്കലവുമായി. 176 പോയിന്റുമായി പെൺകുട്ടികളുടെ വിഭാഗത്തിൽ കേരളം ഇപ്പോൾ ഒന്നാം സ്ഥാനത്താണ്.

പെൺ സ്വർണം

ഇന്നലെ പിറന്ന കേരളത്തിന്റെ 2 സ്വർണവും പെൺകുട്ടികളുടെ വകയാണ്. ഫീൽഡിൽ നിന്ന് ലിസ്ബത്ത് കാരലിൻ ജോസഫും ട്രാക്കിൽ നിന്നു പ്രിസ്കില ഡാനിയലും.

ഫൗൾ പേടി മറികടന്ന് കരിയറിലെ മികച്ച പ്രകടനം നടത്തിയാണ് ട്രിപ്പിൾ ജംപിൽ ലിസ്ബത്ത് കാരലിൻ ജോസഫ് സ്വർണത്തിലേക്ക് കുതിച്ചത്. സംസ്ഥാന ജൂനിയർ മീറ്റിൽ ആകെയുള്ള 6 അവസരങ്ങളിൽ 5 ഉം ലിസ്ബത്ത് ഫൗളാക്കിയിരുന്നു. ആറാം ചാട്ടത്തിൽ സ്വർണം നേടി ദേശീയ മീറ്റിനു യോഗ്യത നേടി. ഇന്നലെയും ലിസ്ബത്തിന്റെ പ്രകടനത്തിന് ഇടയിൽ ഫൗൾ വന്നിരുന്നു. 

എന്നാൽ, ഇതെല്ലാം മറികടന്ന് 12.99 മീറ്റർ ചാടിയ ലിസ്ബത്തിന് എതിരാളികൾ വെല്ലുവിളി ഉയർത്തിയില്ല.  പാലാ അൽഫോൻസ കോളജിൽ  വിദ്യാർഥിനിയായ ലിസ്ബത്തിന്റെ പരിശീലകൻ അനൂപ് ജോസഫ് ആണ്. കോഴിക്കോട് പുല്ലൂരാംപാറ കൊല്ലിത്താനത്ത് സജി ഏബ്രഹാമിന്റെയും ലാൻസിയുടെയും മകളാണ്.

ആധികാരിക കുതിപ്പോടെയാണ് തിരുവനന്തപുരം സായിയുടെ പ്രിസ്കില ഡാനിയൽ സ്വർണം നേടിയത്. 2:09.11 മിനിറ്റിൽ അണ്ടർ 18 പെൺ വിഭാഗം 800മീറ്ററിന്റെ ഫിനിഷ് ലൈൻ തൊട്ടു.  കാട്ടാക്കട ഇളംകോണത്ത് എ. ഡാനിയലിന്റെയും ലൂർദ ഭായിയുടെയും മകളായ പ്രിസ്കില കാര്യവട്ടം തുണ്ടത്തിൽ എംവിഎച്ച്എസ്എസിൽ പ്ലസ്ടു വിദ്യാർഥിയാണ്. ജോജി ജോസഫ് ആണു പരിശീലകൻ.

മറ്റു മെഡൽ നേട്ടക്കാർ: വെങ്കലം– ഗായത്രി ശിവകുമാർ: അണ്ടർ 20 പെൺ ട്രിപ്പിൾ ജംപ് (കോതമംഗലം എംഎ അത്‌ലറ്റിക് അക്കാദമി) 12.37 മീറ്റർ, സ്റ്റെഫി സാറാ കോശി: അണ്ടർ 18 പെൺ 800 മീറ്റർ (പാലക്കാട് ഗ്രേസ് അക്കാദമി) 2:12.73 മിനിറ്റ്.

അതുല്യ ഉദയൻ: അണ്ടർ 20 പെൺ 800 മീറ്റർ (കോഴിക്കോട് ഉഷ സ്കൂൾ ) 2:10.28 മിനിറ്റ്., ബി.ഭരത് രാജ്: അണ്ടർ 16 ഹൈജംപ് (പത്തനംതിട്ട ഇരവിപേരൂർ സെന്റ് ജോൺസ്) 1.89 മീറ്റർ

സ്നേഹാ മോൾ ജോർജ്: അണ്ടർ 16 പെൺ പെന്റാത്തലൻ (കോട്ടയം പൂഞ്ഞാർ കെ.പി. തോമസ് അക്കാദമി) 3216 പോയിന്റ്.

ജി.രേഷ്മ: അണ്ടർ 20 പെൺ ഹെപ്റ്റാത്തലൻ (പാലാ അൽഫോൻസ കോളജ്) 4150 പോയിന്റ്. 

unnathi-aiyappa
അണ്ടർ 16 പെൺകുട്ടികളുടെ പെന്റാത്തലനിൽ മത്സരിച്ച കർണാടകയുടെ ഉന്നതി അയ്യപ്പ ബൊല്ലണ്ട മത്സരത്തിലെ മികവിനൊപ്പം വ്യത്യസ്തമായ ഹെയർ സ്റ്റൈൽ കൊണ്ടും ശ്രദ്ധ നേടി. വിദേശ താരങ്ങളുടെ ഇടയിൽ സാധാരണമായ ഹെയർ സ്റ്റൈൽ ആണ് ഉന്നതി പരീക്ഷിച്ചത്. പെന്റാത്തലനിൽ താരം വെള്ളിയും നേടി. (ചിത്രം: മനോരമ)

ടിന്റു ലൂക്കയുടെ മീറ്റ് റെക്കോർഡ് തിരുത്തി രചന 

മലയാളി താരം ടിന്റു ലൂക്കയുടെ 11 വർഷം പഴക്കമുള്ള മീറ്റ് റെക്കോർഡ് തകർത്ത് ഹരിയാനയുടെ രചന. അണ്ടർ 20 പെൺകുട്ടികളുടെ 800 മീറ്ററിലാണ് രചനയുടെ മിന്നും പ്രകടനം. 2008 ൽ മൈസൂരുവിൽ നടന്ന ജൂനിയർ മീറ്റിൽ ടിന്റു ലൂക്ക സ്വന്തമാക്കിയ 2:07.48 മിനിറ്റിന്റെ റെക്കോർഡ് ആണ് രചന തിരുത്തിയത്. 2.06.12 ആണ് രചന സ്ഥാപിച്ച പുതിയ സമയം. 

എന്നാൽ ഇതേ ഇനത്തിൽ ടിന്റു ലൂക്കയുടെ 2.05.21 മിനിറ്റിന്റെ  ദേശീയ റെക്കോർഡ് മറികടക്കാൻ രചനയ്ക്ക് കഴിഞ്ഞില്ല.  

തകർത്തു; 29 വർഷമെത്തിയ റെക്കോർഡ്

29 വർഷം പഴയ റെക്കോർഡ് തകർത്ത് പതിനഞ്ചുകാരി. അണ്ടർ 16 പെൺ 3000 മീറ്റർ നടത്തത്തിലാണ് ഉത്തരാഖണ്ഡിന്റെ രേഷ്മാ പട്ടേൽ ചരിത്രമെഴുതിയത്. 1990ൽ എ. കുമാരി സ്ഥാപിച്ച 14:28 മിനിറ്റാണ് രേഷ്മ 14:14.83 ആയി പുതുക്കിയത്. 28 വർഷം പഴക്കമുള്ള അണ്ടർ 16 ആൺ 800 മീറ്റർ റെക്കോർഡും പുതുക്കി. ഹരിയാനയുടെ 15കാരൻ പർവേസ് ഖാനാണു പുതിയ റെക്കോർഡ് കുറിച്ചത്. 1:54.78 മിനിറ്റ്. 

princilla
അണ്ടർ 18 പെൺകുട്ടികളുടെ 800മീറ്ററിൽ സ്വർണം നേടിയ പ്രിസ്കില ഡാനിയൽ

ജിഷ്ന കുതിക്കും; റെയിൽവേയ്ക്കൊപ്പം

മീറ്റ് റെക്കോർഡുമായി അണ്ടർ 20 വനിതാ വിഭാഗം ഹൈജംപിൽ സ്വർണം നേടിയ എം. ജിഷ്നയ്ക്കു റെയിൽവേയിൽ നിന്നു ക്ഷണം. 

ഹൈജംപിലെ പ്രകടനം നേരിട്ടു കണ്ടു വിലയിരുത്തിയ റെയിൽവേ സിലക്ടർമാർ കേരള ടീമിനെ ഓഫർ അറിയിക്കുകയായിരുന്നു. പാലക്കാട് കല്ലടി അക്കാദമിയുടെ താരമായ ജിഷ്ന, കല്ലടി എംഇഎസ് കോളജ് ഒന്നാം വർഷ വിദ്യാർഥിയാണ്.

English summary: National Junior Athletic Champions

ഇവിടെ പോസ്റ്റു ചെയ്യുന്ന അഭിപ്രായങ്ങൾ മലയാള മനോരമയുടേതല്ല. അഭിപ്രായങ്ങളുടെ പൂർണ ഉത്തരവാദിത്തം രചയിതാവിനായിരിക്കും. കേന്ദ്ര സർക്കാരിന്റെ ഐടി നയപ്രകാരം വ്യക്തി, സമുദായം, മതം, രാജ്യം എന്നിവയ്ക്കെതിരായി അധിക്ഷേപങ്ങളും അശ്ലീല പദപ്രയോഗങ്ങളും നടത്തുന്നത് ശിക്ഷാർഹമായ കുറ്റമാണ്. ഇത്തരം അഭിപ്രായ പ്രകടനത്തിന് നിയമനടപടി കൈക്കൊള്ളുന്നതാണ്.
തൽസമയ വാർത്തകൾക്ക് മലയാള മനോരമ മൊബൈൽ ആപ് ഡൗൺലോഡ് ചെയ്യൂ
അവശ്യസേവനങ്ങൾ കണ്ടെത്താനും ഹോം ഡെലിവറി  ലഭിക്കാനും സന്ദർശിക്കു www.quickerala.com