ADVERTISEMENT

ഹരിയാനയെ കീഴടക്കാൻ എത്തി തമിഴ്നാടിനെ പേടിച്ച് കേരളം മടങ്ങുന്നു. ദേശീയ ജൂനിയർ അത്‌ലറ്റിക് ചാംപ്യൻഷിപ്പിൽ കേരളത്തിന് ആശങ്കകളുടെ രണ്ടാം സ്ഥാനം. 17 സ്വർണം, 18 വെള്ളി, 15 വെങ്കലം എന്നിവയടക്കം 407.5 പോയിന്റുമായി എതിരാളികൾ ഇല്ലാതെ ദേശീയ ജൂനിയർ അത്‌ലറ്റിക് കിരീടം ഹരിയാന നിലനിർത്തിയപ്പോൾ ഇഞ്ചോടിഞ്ച് പൊരുതി കേരളവും തമിഴ്നാടും രണ്ടാം സ്ഥാനം പങ്കിട്ടു. 17 സ്വർണം, 8 വെള്ളി, 17 വെങ്കലം എന്നിവ നേടി 316.5 പോയിന്റാണു കേരളത്തിന്. 11 സ്വർണം, 13 വെള്ളി, 16 വെങ്കലം എന്നിവ അടക്കം തമിഴ്നാടും ഇതേ പോയിന്റ് നേടി. ഓരോ ഇനത്തിലും ആദ്യ 6 സ്ഥാനത്തിനു വരെ പോയിന്റ് ലഭിക്കും. 301 പോയിന്റുമായി മഹാരാഷ്ട്രയാണു മൂന്നാമത്.

പെൺകുട്ടികളുടെ വിഭാഗത്തിൽ ചാംപ്യന്മാരായതു മാത്രമാണ് കേരളത്തിന്റെ നേട്ടം. ഒരു വിഭാഗത്തിലും കേരളത്തിൽ നിന്നുള്ളവർ മികച്ച താരങ്ങളായി തിരഞ്ഞെടുക്കപ്പെട്ടില്ല. ഹരിയാന എന്ന വലിയ എതിരാളിക്കൊപ്പം തമിഴ്നാട് എന്ന ‘പേടിക്കേണ്ട അയൽക്കാരെയും’ കണ്ടാണ് കേരളം ഗുണ്ടൂരിൽ നിന്നു മടങ്ങുന്നത്. കഴിഞ്ഞ ദിവസം ഒരു പോയിന്റിനു തമിഴ്നാടിനു പിന്നിൽ നിന്ന കേരളം ഹർഡിൽസ്, റിലേ മത്സരങ്ങളിലെ മെഡൽ നേട്ടം വഴിയാണു ഒപ്പമെത്തിയത്. ട്രിപ്പിൾ ജംപ്‌, ഹർഡിൽസ് മത്സരങ്ങൾ വഴി തമിഴ്നാടും പോയിന്റ് പിടിച്ചപ്പോൾ, രണ്ടാം സ്ഥാനത്തിനു വേണ്ടിയുള്ള പോരാട്ടം തുല്യതയിലായി. അണ്ടർ 20 ആൺകുട്ടികളുടെ ട്രിപ്പിൾ ജംപിൽ സ്വർണവും വെങ്കലവും നേടി തമിഴ്നാട് കുതിച്ചപ്പോൾ മീറ്റിന്റെ അവസാന ഇനമായ 4x400 മീറ്റർ റിലേയിൽ മെഡൽ നേടി കേരളം പിടിച്ചു നിന്നു. കൂടുതൽ മെഡലുകൾ നേടിയില്ലെങ്കിലും പല മത്സരങ്ങളിലും ആദ്യ 6 സ്ഥാനത്തിനുള്ളിൽ എത്താനായതാണ് പോയിന്റ് നേട്ടത്തിൽ തമിഴ്നാടിനു തുണയായത്.

കേരളത്തിന് 3 സ്വർണം

അണ്ടർ 20 പെൺ 400 മീറ്റർ ഹർഡിൽസിൽ കെ.എം.നിഭ (1:01.55 മിനിറ്റ്), അണ്ടർ 18 ആൺ 400 മീറ്റർ ഹർഡിൽസിൽ എ രോഹിത് ( 52.88 മിനിറ്റ്), അണ്ടർ 20 പെൺ 4 X 400 മീറ്റർ റിലേ ടീം (3:50. 51 മിനിറ്റ്) എന്നിവരാണു മീറ്റിന്റെ അവസാന ദിനം കേരളത്തിനായി സ്വർണം നേടിയത്. പാലക്കാട് എസ് സ്റ്റാർ അത്‌ലറ്റിക് അക്കാദമിയുടെ താരമായ കെ.എം. നിഭ പാലക്കാട് കടുക്കാംകുന്നം കോട്ടാല എസ്. മണികണ്ഠന്റെയും പുഷ്പയുടെയും മകളാണ്. എ.ആർ.സൂരജാണ് പരിശീലകൻ. 

വിക്ടോറിയ കോളജിൽ രണ്ടാം വർഷ ഡിഗ്രി വിദ്യാർഥിനിയാണ്. പാലക്കാട് ഒളിംപിക് അക്കാദമിയിൽ സി.ഹരിദാസിന്റെ ശിക്ഷണത്തിൽ പരിശീലിക്കുന്ന എ. രോഹിത്ത് കണ്ണൂർ അഴീക്കോട് സ്വദേശിയാണ്. ധനേശൻ - സപ്ന ദമ്പതികളുടെ മകനാണ്. പാലക്കാട് ബിഇഎം ഹയർ സെക്കൻഡറി സ്കൂളിൽ പ്ലസ്ടു വിദ്യാർഥിയാണ്. ടി. സൂര്യമോൾ (കോഴിക്കോട് ഉഷ സ്കൂൾ), റിയാമോൾ ജോയി (പാലാ അൽഫോൻസാ), കെ.എം.നിഭ, ആർ.ആരതി (പേരാവൂർ അക്കാദമി) എന്നിവർ അടങ്ങിയ ടീമാണ് അണ്ടർ 20 പെൺകുട്ടികളുടെ 4x400 മീറ്റർ റിലേയിൽ കേരളത്തിനായി സ്വർണം നേടിയത്.

കേരളത്തിന്റെ മറ്റു മെഡലുകൾ

വെള്ളി: അഖിൽ ബാബു: അണ്ടർ 18 ആൺ 400 മീറ്റർ ഹർഡിൽസ് (തിരുവനന്തപുരം സായി) 54.21 സെക്കൻഡ്, എം. മനോജ് കുമാർ: അണ്ടർ 20 ആൺ 3000 മീറ്റർ സ്റ്റീപ്പിൾ ചേസ് (പാലക്കാട് എസ് സ്റ്റാർ അക്കാദമി) 9:3232 മിനിറ്റ്. വെങ്കലം: ആർ.ആരതി : അണ്ടർ 20 പെൺ 400 മീറ്റർ ഹർഡിൽസ് (പേരാവൂർ അത്‌ലറ്റിക് അക്കാദമി ) 1:03.13 മിനിറ്റ്, അജിത്ത് ജോൺ: അണ്ടർ 20 ആൺ 200 മീറ്റർ (ക്രൈസ്റ്റ് കോളജ് ഇരിങ്ങാലക്കുട) 21.71 സെക്കൻഡ്, അണ്ടർ 20 ആൺ 4 x 400 മീറ്റർ റിലേ.

തമിഴ്നാടിനെ രക്ഷിച്ചത് മലയാളി!

രണ്ടാം സ്ഥാനത്തിനു പോരാട്ടം കനത്ത നേരത്തു തമിഴ്നാടിനെ രക്ഷിച്ചത് മലയാളി താരം! അണ്ടർ 20 പെൺകുട്ടികളുടെ 200 മീറ്ററിൽ വെള്ളി നേടിയ സാന്ദ്രാ തെരേസ മാർട്ടിനാണു തമിഴ്നാടിനു വേണ്ടി വെള്ളി നേടിയ മലയാളി. ആലുവ തായിക്കാട്ടുകര സ്വദേശിയായ സാന്ദ്ര ചെന്നൈ എസ്ഡിഎ ടി അക്കാദമി താരമാണ്. ചെന്നൈയിൽ സ്ഥിരതാമസമാക്കിയ മാർട്ടിൻ വാഴപ്പള്ളി- മറീന ദമ്പതികളുടെ മകളാണ്.   

English Summary: Haryana wins national junior athletic championship

ഇവിടെ പോസ്റ്റു ചെയ്യുന്ന അഭിപ്രായങ്ങൾ മലയാള മനോരമയുടേതല്ല. അഭിപ്രായങ്ങളുടെ പൂർണ ഉത്തരവാദിത്തം രചയിതാവിനായിരിക്കും. കേന്ദ്ര സർക്കാരിന്റെ ഐടി നയപ്രകാരം വ്യക്തി, സമുദായം, മതം, രാജ്യം എന്നിവയ്ക്കെതിരായി അധിക്ഷേപങ്ങളും അശ്ലീല പദപ്രയോഗങ്ങളും നടത്തുന്നത് ശിക്ഷാർഹമായ കുറ്റമാണ്. ഇത്തരം അഭിപ്രായ പ്രകടനത്തിന് നിയമനടപടി കൈക്കൊള്ളുന്നതാണ്.
തൽസമയ വാർത്തകൾക്ക് മലയാള മനോരമ മൊബൈൽ ആപ് ഡൗൺലോഡ് ചെയ്യൂ
അവശ്യസേവനങ്ങൾ കണ്ടെത്താനും ഹോം ഡെലിവറി  ലഭിക്കാനും സന്ദർശിക്കു www.quickerala.com