ADVERTISEMENT

മലപ്പുറം ∙ ഫുട്ബോൾ വാങ്ങാൻ യോഗം കൂടി മിഠായി ഉപേക്ഷിക്കാൻ തീരുമാനമെടുത്ത കുരുന്നു നിഷ്കളങ്കതയ്ക്കു കേരളമൊന്നാകെ കയ്യടിച്ചതോടെ മമ്പാട് പുളിക്കലോടിയിലെ 13 കുട്ടി താരങ്ങൾ പെട്ടെന്നു സൂപ്പർ സ്റ്റാറുകളായി. പുതിയൊരു പന്തു വാങ്ങാനുള്ള ധനസമാഹരണത്തിനായി കളിക്കളത്തിൽ  യോഗം ചേർന്ന ഇവരുടെ ആവേശമാണ് ഇപ്പോൾ സമൂഹമാധ്യമങ്ങളിൽ പ്രധാന ചർച്ച. കുട്ടിക്കൂട്ടം നടത്തിയ യോഗത്തിന്റെ വിഡിയോ ഫെയ്സ്ബുക്കിൽ വന്നതോടെയാണ് കേരളമാകെ തരംഗമായത്. ഈ വിഡിയോ രണ്ടുദിവസത്തിനിടെ ലക്ഷക്കണക്കിനു പേരാണ് കണ്ടത്.

ലോകമെങ്ങുമുള്ള മലയാളികളുടെ ഗൃഹാതുരത്വത്തെ ഉണർത്തി അത്. ഒട്ടേറെപ്പേർ കുട്ടികൾക്കു ഫുട്ബോൾ വാഗ്ദാനം ചെയ്തു. ഇന്നലെ വൈകിട്ടു വരെ കിട്ടിയത് ഏഴെണ്ണം. ഇനിയും എത്ര ഫുട്ബോൾ വാങ്ങിത്തരണമെന്നു ചോദിച്ച് ഇപ്പോഴും ആളുകളുടെ വിളിയെത്തുന്നുണ്ട്. നടൻ ഉണ്ണി മുകുന്ദൻ അയച്ചു കൊടുത്തത് 15 ജഴ്സികൾ. സ്പാനിഷ് പരിശീലകൻ ടിനോയുടെ നേതൃത്വത്തിലെത്തിയ മലപ്പുറം വേക്ക് അപ് അക്കാദമി കുട്ടികൾക്കു ഫുട്ബോ‍ളുകൾ സമ്മാനിച്ചു. കുട്ടികളിൽ 2 പേരെ അക്കാദമിയിൽ പരിശീലനത്തിനു ക്ഷണിച്ചിട്ടുമുണ്ട്.

∙ കൂട്ട്, ഫുട്ബോളോളം!

സംഭവം ഇങ്ങനെ; ഗൗരവമുള്ള ഒരു യോഗത്തിൽ പ്രസംഗിക്കുകയാണ് ഈ കുഞ്ഞിക്കൂട്ടുകാർ. നിലമ്പൂർ മമ്പാട് പുളിക്കലോടിയിലെ 13 അംഗ കുട്ടിക്കൂട്ടം അവരുടെ കളിസ്ഥലത്തു യോഗം ചേർന്നത്, സ്വന്തമായി ഒരു ഫുട്ബോൾ വാങ്ങുന്നതിനെക്കുറിച്ചു ചർച്ച ചെയ്യാനാണ്. തികച്ചും ജനാധിപത്യപരമായ രീതിയിൽ നടന്ന യോഗത്തിന്റെ വിഡിയോയാണ് ഇന്നലെ വൈറലായത്.

ഓലമടലിൽ കമ്പു കുത്തി വളച്ചുണ്ടാക്കിയ മൈക്കിനു മുന്നിൽ നിന്നുള്ള കുട്ടികളുടെ പ്രസംഗം, മലയാളിയുടെ മനസ്സിൽ തട്ടിയ ഗൃഹാതുരത്വം കൂടിയായിരുന്നു. മികച്ച ഗോൾ കീപ്പറിനുള്ള പൊന്നാട ആദരം ഏറ്റുവാങ്ങി മുഹമ്മദ് നിഹാദും യോഗനടപടികൾ ഗൗരവത്തോടെ നിയന്ത്രിച്ച പ്രസിഡന്റ് അദിനുമെല്ലാം ഒറ്റ ദിവസംകൊണ്ട് കളിയാരാധകരുടെ ഹൃദയത്തിൽ ചേക്കേറി.

foot-ball-kids
മുഖ്യ പ്രഭാഷണം – അനന്യ (കുഞ്ഞാവ), അധ്യക്ഷൻ – അദിൻ (പ്രസിഡന്റ്), ആമുഖപ്രസംഗം – അർജുൻ (സെക്രട്ടറി), ആശംസ – നിഷാദ്, പ്രസംഗം – അജിൻ രാജ്

‘കൈയിലുള്ള പന്തുകളൊക്കെ പൊട്ടി. കളിക്കാൻ പുതിയൊരു ഫുട്ബോൾ വാങ്ങണം. അതിനു 400 രൂപയോളം വേണ്ടിവരും. സാധിക്കുമെങ്കിൽ കുറച്ചു ജഴ്സികളും. തിങ്കൾ മുതൽ ശനി വരെ മിഠായി വാങ്ങുന്ന പൈസ മാറ്റിവച്ച് 10 രൂപയാക്കി ഓരോരുത്തരും ധനസമാഹരണ നിധിയിലേക്കു നൽകണം.–  കുസൃതിക്കൂട്ടം  നടത്തിയ ചർച്ചയിലെ പ്രധാന തീരുമാനങ്ങൾ ഇതൊക്കെയായിരുന്നു.

‘ഇനി മുതൽ നമുക്കു മിഠായി വാങ്ങേണ്ട, പല്ലൊക്കെ ചീത്തയാകും, ആ പണം നമ്മുടെ ഫണ്ടിലേക്കു ചേർക്കാം’ –  അഭിപ്രായം ഏകകണ്ഠമായി അംഗീകരിച്ചു യോഗം പിരിഞ്ഞു.

English Summary: Thirteen Children Met to Buy New Football and Jersey - Video Viral

ഇവിടെ പോസ്റ്റു ചെയ്യുന്ന അഭിപ്രായങ്ങൾ മലയാള മനോരമയുടേതല്ല. അഭിപ്രായങ്ങളുടെ പൂർണ ഉത്തരവാദിത്തം രചയിതാവിനായിരിക്കും. കേന്ദ്ര സർക്കാരിന്റെ ഐടി നയപ്രകാരം വ്യക്തി, സമുദായം, മതം, രാജ്യം എന്നിവയ്ക്കെതിരായി അധിക്ഷേപങ്ങളും അശ്ലീല പദപ്രയോഗങ്ങളും നടത്തുന്നത് ശിക്ഷാർഹമായ കുറ്റമാണ്. ഇത്തരം അഭിപ്രായ പ്രകടനത്തിന് നിയമനടപടി കൈക്കൊള്ളുന്നതാണ്.
തൽസമയ വാർത്തകൾക്ക് മലയാള മനോരമ മൊബൈൽ ആപ് ഡൗൺലോഡ് ചെയ്യൂ
അവശ്യസേവനങ്ങൾ കണ്ടെത്താനും ഹോം ഡെലിവറി  ലഭിക്കാനും സന്ദർശിക്കു www.quickerala.com