ADVERTISEMENT

കോഴിക്കോട് മെഡിക്കൽ കോളജ് ഗ്രൗണ്ടിൽ ജില്ലാ സ്കൂൾ കായികമേയിൽ നടന്ന ഹാമർ ത്രോ മത്സരത്തിൽനിന്നാണ് ഈ ചിത്രം. ഹാമറിന്റെ ചങ്ങല പൊട്ടി മീഞ്ചന്ത രാമകൃഷ്ണ മിഷൻ ഹയർ സെക്കൻഡറി സ്കൂൾ വിദ്യാർഥി ടി.ടി.മുഹമ്മദ് നിഷാമിനു (18) പരുക്കേറ്റത് ഇവിടെ വച്ചാണ്. ഇരുമ്പുവല കൊണ്ടുള്ള സുരക്ഷാവേലിക്കുള്ളിൽ നടത്തേണ്ട ഹാമർ ത്രോ മത്സരമാണു തുറന്ന മൈതാനത്തു നടത്തിയത്. കൈയൊന്നു പിഴച്ചാൽ, ചങ്ങല പൊട്ടിയാൽ ഹാമർ ചെന്നു വീഴുക കാഴ്ചക്കാരുടെ തലയിലേക്കായിരിക്കും. അതുണ്ടായില്ല; ഭാഗ്യംകൊണ്ടുമാത്രം! 

വരുത്തി വച്ച അപകടം!

കോഴിക്കോട് ∙ മെഡിക്കൽ കോളജ് ഗ്രൗണ്ടിൽ നടന്ന ജില്ലാ സ്കൂൾ കായികമേളയിലെ ഹാമർ ത്രോ മത്സരത്തിനിടെ ഹാമർ പൊട്ടി വിദ്യാർഥിക്കു പരുക്കേറ്റതിനു കാരണം സംഘാടകരുടെ അശ്രദ്ധയും അനാസ്ഥയും. മീഞ്ചന്ത രാമകൃഷ്ണ മിഷൻ ഹയർ സെക്കൻഡറി സ്കൂൾ വിദ്യാർഥി ടി.ടി.മുഹമ്മദ് നിഷാമിന്റെ (18) കൈവിരൽ ഒടിഞ്ഞു. 

hammer-throw-5
ഇരുമ്പുവലയ്ക്കുള്ളിൽ നടക്കുന്ന ഹാമർ ത്രോ മത്സരം (ഫയൽ ചിത്രം).

ഹാമർ എറിയാൻ ശ്രമിക്കുന്നതിനിടെ ഏഴര കിലോഗ്രാം ഭാരമുള്ള ഇരുമ്പുഗോളം ചങ്ങലയിൽനിന്നു വേർപെട്ടുപോയി. ചങ്ങലയുമായി വീണ നിഷാം നിലത്തു കൈ കുത്തിയപ്പോഴാണു വിരലിന് ഒടിവു സംഭവിച്ചത്. ഹാമർ ചങ്ങലയിൽനിന്നു വിട്ട് ഇടതുവശത്തേക്ക് 10 മീറ്ററോളം ദൂരത്തിൽ തെറിച്ചു. ഭാഗ്യത്തിന് അവിടെ കാഴ്ചക്കാരായി    ആരുമുണ്ടായിരുന്നില്ല.

സമയലാഭത്തിന്  വളഞ്ഞ വഴി

പാലായിൽ കഴിഞ്ഞ മാസം സംസ്ഥാന ജൂനിയർ മീറ്റിൽ ഹാമർ ത്രോ തലയിൽ പതിച്ചു വിദ്യാർഥി മരിച്ചതിനെത്തുടർന്ന് മറ്റു സ്കൂൾ മീറ്റുകളിൽ സുരക്ഷാ ക്രമീകരണങ്ങൾ കർശനമാക്കണമെന്നു നിർദേശമുണ്ടായിരുന്നെങ്കിലും കോഴിക്കോട്ട് അതൊന്നുമുണ്ടായില്ല. ത്രോ ഒഴികെയുള്ള അത്‌ലറ്റിക് മത്സരങ്ങൾ സമീപത്തെ സിന്തറ്റിക് ട്രാക്കിലാണ് നടത്തിയത്. ത്രോ മത്സരങ്ങൾ നടക്കുമ്പോൾ ട്രാക്കിൽ മറ്റിനങ്ങൾ പാടില്ലെന്നു നിർദേശമുണ്ടായിരുന്നു. ഇതുമൂലം നഷ്ടമാകുന്ന സമയം ലാഭിക്കാനാണു സമീപത്തെ തുറന്ന മൈതാനത്തേക്കു ഹാമർ ത്രോ മത്സരം മാറ്റിയതെന്നാണു സംഘാടകർ നൽകുന്ന വിശദീകരണം.

hammer-2

5 കിലോയ്ക്കു പകരം ഏഴര കിലോ

സീനിയർ ആൺകുട്ടികൾ‌ക്ക് എറിയാൻ നൽകിയത് 7.5 കിലോയുടെ ഹാമർ ആണെന്ന് നിഷാമും മറ്റു മത്സരാർഥികളും ആരോപിച്ചു. സ്കൂൾ കായികമേളയിൽ സീനിയർ ആൺകുട്ടികളുടെ വിഭാഗത്തിൽ 5 കിലോയുടെ ഹാമറേ പാടുള്ളൂവെന്നാണു നിയമം (സീനിയർ തലത്തിൽ പുരുഷ വിഭാഗത്തിൽ 7.269 കിലോയുടെ ഹാമറാണ് ഉപയോഗിക്കുന്നത്). ആദ്യ റൗണ്ട് കഴിഞ്ഞപ്പോൾ അമിതഭാരത്തെക്കുറിച്ച് വിദ്യാർഥികൾ പരാതിപ്പെട്ടിരുന്നു. 5 കിലോയുടേത് ലഭ്യമല്ലെന്ന മറുപടിയാണു കിട്ടിയതെന്നും പറയുന്നു. സംഭവം വിവാദമായതോടെ 7.5 കിലോയുടെ ഹാമർ അധികൃതർ സ്ഥലത്തുനിന്നു മാറ്റിയെന്നു വിദ്യാർഥികൾ ആരോപിച്ചു. 6 കിലോയുടെ ഹാമറാണ് ഉപയോഗിച്ചതെന്ന് ആദ്യം പറഞ്ഞ സംഘാടകർ പിന്നീട് 5 കിലോ എന്നാക്കി. ഏഴരക്കിലോയുടെ ഹാമർ ഗ്രൗണ്ടിൽ ഇല്ലായിരുന്നുവെന്നു ഡിഡിഇ വി.പി.മിനി പറഞ്ഞു.

∙ ‘പാലായിലെ അപകടം സുരക്ഷാവീഴ്ചയും അശ്രദ്ധയും മൂലം ആയിരുന്നെങ്കിൽ ഇവിടെ അപകട കാരണം നിലവാരമുള്ള ഉപകരണങ്ങൾ ഉറപ്പാക്കിയില്ലെന്നതാണ്. സംഘാടകരുടെ ജാഗ്രതക്കുറവ് രണ്ടിടത്തും ഉണ്ടായി. കായികമേളകൾ കുട്ടികളുടെ ജീവൻ വച്ചുള്ള കൈവിട്ട കളിയാകരുത്.’ – ടോമി ചെറിയാൻ, മലബാർ സ്പോർട്സ് അക്കാദമി, പുല്ലൂരാംപാറ

ജാവലിൻ എടുക്കാൻ മത്സരാർഥി; നടപടിക്ക് വിദ്യാഭ്യാസ വകുപ്പ്

പാലാ ∙ കോട്ടയം ജില്ലാ സ്കൂൾ കായികമേളയിൽ ത്രോ മത്സരങ്ങൾക്കിടെ സംഭവിച്ച സുരക്ഷാവീഴ്ചയെക്കുറിച്ച് വിദ്യാഭ്യാസ വകുപ്പ് വിശദീകരണം തേടി. മത്സരം നിയന്ത്രിച്ച റഫറിമാരോടു വിശദീകരണം തേടണമെന്നു വിദ്യാഭ്യാസ ഡപ്യൂട്ടി ഡയറക്ടർ ടി.കെ.അജിതാകുമാരി നിർദേശിച്ചു. ജാവലിൻ ത്രോ മത്സരത്തിനിടെ മത്സരാർഥി നേരിട്ടു ഫീൽഡിൽനിന്നു ജാവലിൻ തിരികെയെടുക്കുന്ന ചിത്രവും റിപ്പോർട്ടും ‘മനോരമ’ പ്രസിദ്ധീകരിച്ചിരുന്നു. ജൂനിയർ മീറ്റിനിടെ ഉണ്ടായ ഹാമർ അപകടത്തിന്റെ പശ്ചാത്തലത്തിൽ സ്കൂൾ മീറ്റുകളിൽ സുരക്ഷ കർശനമാക്കണമെന്നു വിദ്യാഭ്യാസ, കായിക വകുപ്പുകൾ നിർദേശം നൽകിയിരുന്നു.

ഇവിടെ പോസ്റ്റു ചെയ്യുന്ന അഭിപ്രായങ്ങൾ മലയാള മനോരമയുടേതല്ല. അഭിപ്രായങ്ങളുടെ പൂർണ ഉത്തരവാദിത്തം രചയിതാവിനായിരിക്കും. കേന്ദ്ര സർക്കാരിന്റെ ഐടി നയപ്രകാരം വ്യക്തി, സമുദായം, മതം, രാജ്യം എന്നിവയ്ക്കെതിരായി അധിക്ഷേപങ്ങളും അശ്ലീല പദപ്രയോഗങ്ങളും നടത്തുന്നത് ശിക്ഷാർഹമായ കുറ്റമാണ്. ഇത്തരം അഭിപ്രായ പ്രകടനത്തിന് നിയമനടപടി കൈക്കൊള്ളുന്നതാണ്.
തൽസമയ വാർത്തകൾക്ക് മലയാള മനോരമ മൊബൈൽ ആപ് ഡൗൺലോഡ് ചെയ്യൂ
അവശ്യസേവനങ്ങൾ കണ്ടെത്താനും ഹോം ഡെലിവറി  ലഭിക്കാനും സന്ദർശിക്കു www.quickerala.com