ADVERTISEMENT

കേരള അത്‌ലറ്റിക്സിനു താരങ്ങളെ സമ്മാനിച്ച അക്കാദമികളും സ്കൂളുകളും സാമ്പത്തിക പ്രസിസന്ധിയിൽ. ഗംഭീര പ്രകടനത്തിലൂടെ അത്‍ലീറ്റുകൾ മെഡൽപ്പടികൾ കയറുമ്പോഴും ചെലവും വരവും തമ്മിൽ പൊരുത്തപ്പെടാത്തതിന്റെ സമ്മർദത്തിലാണ് അക്കാദമി നടത്തിപ്പുകാർ. ഉദാരമതികൾ സഹായിച്ചും കടം വാങ്ങിയുമുള്ള ഈ ഓട്ടം എന്നുവരെ? എന്താണ് പരിഹാരം?a 16ന് കണ്ണൂരിൽ ആരംഭിക്കുന്ന സംസ്ഥാന സ്കൂൾ കായികമേളയ്ക്കു മുൻപ് ഒരു അന്വേഷണം....

ദോഹയിൽ നടന്ന ലോക അത്‍ലറ്റിക് ചാംപ്യൻഷിപ്പിൽ 200 മീറ്ററിൽ വെള്ളി നേടിയ യുഎസിന്റെ ബ്രിട്ടാനി ബ്രൗണിന്റെ ചിത്രമാണ് മുകളിലുള്ളത്. മെഡലിലേക്ക് ഓടിയെത്തിയശേഷം പുറത്തിറങ്ങുമ്പോൾ മാധ്യമപ്രവർത്തകരോടു ബ്രിട്ടാനിക്കു പറയാനുണ്ടായിരുന്നതു തന്റെ കണ്ണീർക്കഥയായിരുന്നു. ‘എനിക്ക് ഇതുവരെ ഒരു സ്പോൺസറെ കിട്ടിയിട്ടില്ല.

ഹോട്ടലിൽ ഭക്ഷണം വിളമ്പിയും വൃദ്ധമന്ദിരത്തിൽ അന്തേവാസികളെ പരിചരിച്ചുമാണു പരിശീലനത്തിനു പണം കണ്ടെത്തുന്നത്. ഒരു പ്രമുഖ പരിശീലകന്റെ ശിക്ഷണം തേടാനായി വായ്പയ്ക്കു ബാങ്കിനെ സമീപിച്ചെങ്കിലും അപേക്ഷ തള്ളി,’ ഇതു പറയുമ്പോൾ ഇരുപത്തിനാലുകാരിയായ ലോകതാരത്തിന്റെ കണ്ണുനിറഞ്ഞു.

യുഎസിൽപ്പോലും അത്‍ലീറ്റുകളും അത്‍ലറ്റിക്സും പ്രതിസന്ധിയിലാണ്. ട്രാക്ക് ആൻഡ് ഫീൽഡ് അത്‍ലീറ്റുകളുടെ കാര്യമെടുത്താൽ, ഇന്ത്യയിലായാലും യുഎസിലായാലും, അതിജീവനം വലിയ വെല്ലുവിളിയാണ്. മികവുള്ള അത്‍ലീറ്റുകളെ ഒരുക്കുന്നതിൽ വലിയ പങ്കുവഹിക്കുന്ന അക്കാദമികളും സ്കൂളുകളും ഒട്ടേറെയുണ്ട് കേരളത്തിൽ. എന്നാൽ, അവയിൽ പലതും സാമ്പത്തിക പ്രയാസത്തിലാണിപ്പോൾ.

∙ ഉഷ പറയുന്നു: കഠിനം ഈ ട്രാക്ക് !

കേരളത്തിന്റെ പൊന്നുഷസ്സ്, പി.ടി.ഉഷ, പരിശീലക വേഷത്തിൽ ട്രാക്കിൽ ഉദിച്ചത് 2002ൽ ആണ്. കഴിഞ്ഞ 17 വർഷമായി ഉഷ സ്കൂൾ ഓഫ് അത്‍ലറ്റിക്സിന്റെ കുട്ടികൾ സംസ്ഥാന, ദേശീയ, രാജ്യാന്തര തലങ്ങളിൽ നാടിനും രാജ്യത്തിനും അഭിമാനാർഹമായ നേട്ടങ്ങളാണ് ഓടിയെടുക്കുന്നത്.

ടിന്റു ലൂക്ക മുതൽ ജിസ്ന മാത്യു വരെയുള്ളവരിലൂടെ സ്പ്രിന്റിലും മധ്യദൂരത്തിലും ഉഷയുടെ കുട്ടികൾ മികവു തെളിയിച്ചു. കേന്ദ്ര, സംസ്ഥാന സർക്കാരുകളുടെ സഹായത്തോടെ കോഴിക്കോട് കിനാലൂരിൽ ഭൂമി കണ്ടെത്തി ട്രാക്ക് ഒരുക്കി. സ്പോൺസർമാരുടെ സഹായത്തോടെ ഭൗതിക സാഹചര്യങ്ങൾ ക്രമീകരിച്ചു. ഉഷയുടെ പേരിൽ പലരും ഈ അക്കാദമിയെ ഇപ്പോഴും സഹായിച്ചുപോരുന്നുണ്ട്.

കഴി‍ഞ്ഞ വർഷം 20 കുട്ടികളെ ഒരുക്കാൻ ഉഷയ്ക്കു ചെലവായത് 83 ലക്ഷം രൂപയാണ്. അത്‍ലീറ്റുകളുടെ ഭക്ഷണം, സ്റ്റാഫിന്റെ ശമ്പളം, താരങ്ങളുടെ പരുക്കിനു ചികിത്സ തേടൽ തുടങ്ങിയവയ്ക്കെല്ലാം വൻതുകയാണു ചെലവായത്. വർഷത്തിലെ ഓരോ ദേശീയ മീറ്റിനും ഏറ്റവും കുറഞ്ഞത് 50,000 രൂപ വീതമാണു യാത്രയ്ക്കും താമസത്തിനുമായി മുടക്കിയത്. ഇത്തവണ ഗുണ്ടൂരിൽ ദേശീയ ജൂനിയർ മീറ്റിൽ പങ്കെടുത്ത 3 കുട്ടികളെ കോഴിക്കോട് ജില്ലാ സ്കൂൾ കായികമേളയിൽ പങ്കെടുപ്പിക്കാൻ വിമാനത്തിലാണു തിരികെ എത്തിച്ചത്.

രാജ്യാന്തര മെഡൽ നേടിയാൽ ലഭിക്കുന്ന സമ്മാനത്തുകയുടെ 25% ഓരോ താരവും സ്കൂളിനു കൊടുക്കണം. താരങ്ങളിൽനിന്നു മറ്റു പിരിവില്ല. കേന്ദ്രത്തിന്റെ ‘ഖേലോ ഇന്ത്യ’ പദ്ധതിയിൽനിന്നു ചെറിയ തുക കിട്ടും. ചെലവിനുവേണ്ട ബാക്കി തുക ക്രൗഡ് ഫണ്ടിങ്ങിലൂടെയും ഉഷയുടെ പരിചയത്തിലൂടെയും സമാഹരിക്കുകയാണ്. പക്ഷേ, അതത്ര എളുപ്പമല്ലെന്ന് ഉഷ പറയുന്നു. ഇങ്ങനെ പോയാൽ, എത്ര കാലം?

∙ ചെലവ് കൂട്ടിനോക്കിയാൽ പിറ്റേന്ന് പൂട്ടേണ്ടി വരും!

എന്നാണോ ചെലവ് കൂട്ടിനോക്കേണ്ടി വരിക, അന്ന് എനിക്ക് ഈ അക്കാദമി പൂട്ടേണ്ടിവരുമെന്ന് ഉറപ്പാണ്. എന്റെ അക്കാദമിയിലുള്ള താരങ്ങൾക്ക് എല്ലാ സൗകര്യങ്ങളും ഒരുക്കുന്നതിലാണു ശ്രദ്ധ. അതിന് എത്ര പണം ചെലവാക്കേണ്ടിവന്നാലും പ്രശ്നമില്ല. ഇതുവരെ 218 കുട്ടികൾക്കു ജോലി ലഭിച്ചു. അതുവഴി 218 കുടുംബങ്ങൾ രക്ഷപ്പെട്ടു. ആ സന്തോഷം മാത്രം മതി എനിക്ക്.- കെ.സി.കെ.സെയ്ദാലി (മാനേജർ, കല്ലടി സ്കൂൾ, പാലക്കാട്)

ഇവിടെ പോസ്റ്റു ചെയ്യുന്ന അഭിപ്രായങ്ങൾ മലയാള മനോരമയുടേതല്ല. അഭിപ്രായങ്ങളുടെ പൂർണ ഉത്തരവാദിത്തം രചയിതാവിനായിരിക്കും. കേന്ദ്ര സർക്കാരിന്റെ ഐടി നയപ്രകാരം വ്യക്തി, സമുദായം, മതം, രാജ്യം എന്നിവയ്ക്കെതിരായി അധിക്ഷേപങ്ങളും അശ്ലീല പദപ്രയോഗങ്ങളും നടത്തുന്നത് ശിക്ഷാർഹമായ കുറ്റമാണ്. ഇത്തരം അഭിപ്രായ പ്രകടനത്തിന് നിയമനടപടി കൈക്കൊള്ളുന്നതാണ്.
തൽസമയ വാർത്തകൾക്ക് മലയാള മനോരമ മൊബൈൽ ആപ് ഡൗൺലോഡ് ചെയ്യൂ
അവശ്യസേവനങ്ങൾ കണ്ടെത്താനും ഹോം ഡെലിവറി  ലഭിക്കാനും സന്ദർശിക്കു www.quickerala.com