ADVERTISEMENT

കൊച്ചി∙ മിസ്റ്റർ യൂണിവേഴ്സായി തിരഞ്ഞെടുക്കപ്പെടുന്ന ആദ്യ ഇന്ത്യക്കാരനെന്ന നേട്ടം സ്വന്തമാക്കിയ മലയാളി ചിത്തരേഷ് നടേശനെ അഭിനന്ദിച്ച് സാക്ഷാൽ സച്ചിൻ തെൻഡുൽക്കർ. ട്വിറ്ററിൽ പോസ്റ്റ് ചെയ്ത ലഘു കുറിപ്പിലാണ് ചിത്തരേഷിനെയും ടീം വിഭാഗത്തിൽ രണ്ടാം സ്ഥാനം കരസ്ഥമാക്കിയ ഇന്ത്യൻ ടീമിനെയും സച്ചിൻ അഭിനന്ദിച്ചത്. ദക്ഷിണ കൊറിയയിൽ നടന്ന വേൾഡ് ബോഡി ബിൽഡിങ് ആൻഡ് ഫിസിക് സ്പോർട്സ് ചാംപ്യൻഷിപ്പിലാണ് ഇന്ത്യൻ ടീമും ചിത്തരേഷ് നടേശനും ചരിത്രനേട്ടം സ്വന്തമാക്കിയത്.

90 കിലോഗ്രാം വിഭാഗത്തിൽ മിസ്റ്റർ വേൾഡ് പട്ടം നേടിയ ചിത്തരേഷ്, തുടർന്നു നടന്ന മത്സരത്തിൽ 55–110 കിലോഗ്രാം ഭാരവിഭാഗങ്ങളിലെ ഒൻപതു ലോക ചാംപ്യൻമാരെ പരാജയപ്പെടുത്തിയാണു മിസ്റ്റർ യൂണിവേഴ്സ് പട്ടം സ്വന്തമാക്കിയത്. ഡൽഹിയിൽ ഫിറ്റ്നസ് ട്രെയിനറായി ജോലി നോക്കുന്ന കൊച്ചി വടുതല സ്വദേശിയായ ചിത്തരേഷ് മുൻപു നടന്ന പല ചാംപ്യൻഷിപ്പുകളിലും ഡൽഹിയെ പ്രതിനിധീകരിച്ചാണു മത്സരിച്ചത്. എന്നാൽ കേരളത്തെ പ്രതിനിധീകരിച്ച് ഇന്ത്യൻ ടീമിലെത്തി നടത്തിയ ആദ്യ ശ്രമത്തിൽത്തന്നെ സ്വപ്ന നേട്ടം കരസ്ഥമാക്കി.

ഇന്ത്യൻ ടീമിനെയും ചിത്തരേഷിനെയും അഭിനന്ദിച്ച് സച്ചിൻ തെൻഡുൽക്കർ പോസ്റ്റ് ചെയ്ത ട്വീറ്റ് ഇതാ:

‘കായിക ലോകത്തെ പുതിയൊരു മേഖല കൂടി ഇന്ത്യക്കാർ കീഴടക്കിയത് വിസ്മയിപ്പിക്കുന്നു. ദക്ഷിണ കൊറിയയിൽ നടന്ന വേൾഡ് ബോഡി ബിൽഡിങ് ആൻഡ് ഫിസിക് സ്പോർട്സ് ചാംപ്യൻഷിപ്പിൽ ‘ടീം വിഭാഗ’ത്തിൽ രണ്ടാമതെത്തിയ നമ്മുടെ ബോഡിബിൽഡർമാർക്ക് അഭിനന്ദനങ്ങൾ. മിസ്റ്റർ യൂണിവേഴ്സ് പട്ടം നേടുന്ന ആദ്യ ഇന്ത്യക്കാരനായ ചിത്തരേഷ് നടേശനും അഭിനന്ദനം.’ – #Kerala എന്ന ഹാഷ്ടാഗോടെയാണ് സച്ചിന്റെ ട്വീറ്റ്.

വടുതല ഗണപതി ക്ഷേത്രത്തിനു സമീപത്തെ ആസ്ബറ്റോസ് ഷീറ്റിട്ട ചെറിയ രണ്ടുമുറി വീട്ടിൽനിന്ന് കഷ്ടപ്പാടുകൾ ഏറെ താണ്ടിയാണ് ചിത്തരേഷ് മിസ്റ്റർ യൂണിവേഴ്സ് പട്ടം സ്വന്തമാക്കിയത്. ചരിത്രനേട്ടത്തിനിടെ ഇരട്ടി സന്തോഷം പകർന്നാണ് ഇപ്പോള്‍ മാസ്റ്റർ ബ്ലാസ്റ്ററുടെ അഭിനന്ദനവും എത്തുന്നത്.

English Summary: Sachin Tendulkar Congratulates Chitaresh Natesan

ഇവിടെ പോസ്റ്റു ചെയ്യുന്ന അഭിപ്രായങ്ങൾ മലയാള മനോരമയുടേതല്ല. അഭിപ്രായങ്ങളുടെ പൂർണ ഉത്തരവാദിത്തം രചയിതാവിനായിരിക്കും. കേന്ദ്ര സർക്കാരിന്റെ ഐടി നയപ്രകാരം വ്യക്തി, സമുദായം, മതം, രാജ്യം എന്നിവയ്ക്കെതിരായി അധിക്ഷേപങ്ങളും അശ്ലീല പദപ്രയോഗങ്ങളും നടത്തുന്നത് ശിക്ഷാർഹമായ കുറ്റമാണ്. ഇത്തരം അഭിപ്രായ പ്രകടനത്തിന് നിയമനടപടി കൈക്കൊള്ളുന്നതാണ്.
തൽസമയ വാർത്തകൾക്ക് മലയാള മനോരമ മൊബൈൽ ആപ് ഡൗൺലോഡ് ചെയ്യൂ
അവശ്യസേവനങ്ങൾ കണ്ടെത്താനും ഹോം ഡെലിവറി  ലഭിക്കാനും സന്ദർശിക്കു www.quickerala.com