sections
MORE

എനിക്കു വേണ്ടി, എന്റെ നാട് കാണുന്ന സ്വപ്നം!

athlete
അക്ഷയ് വിനോദ് സ്പൈക്സുമായി സങ്‌രൂരിലെ ഗാലറിയിൽ. ചിത്രം: മനോരമ
SHARE

പഞ്ചാബിലെ സങ്‌രൂരിൽ ദേശീയ സ്കൂൾ മീറ്റിൽ പങ്കെടുക്കാൻ സ്പൈക്സും ജാവലിനും 26,000 രൂപ പോക്കറ്റ് മണിയും തന്നു യാത്രയാക്കിയ തന്റെ നാട്ടുകാരുടെ സ്നേഹത്തെക്കുറിച്ച് ആലപ്പുഴ കായിപ്പുറം സ്വദേശി അക്ഷയ് വിനോദ് ‌ മനോരമ ലേഖകൻ അജയ് ബെന്നിനോട് പറഞ്ഞത്: 

ഒരു ദേശീയ സ്കൂൾ മീറ്റിന്റെ വേദിയിൽ ഇതുപോലെ നിൽക്കുമെന്നു ഞാൻ ഒരിക്കലും പ്രതീക്ഷിച്ചതല്ല. അത്‍ലറ്റിക്സ് താരം ആകണമെന്നത് ഒരുവർഷം മുൻപുവരെ എന്റെ സ്വപ്നത്തിൽ പോലും ഇല്ലായിരുന്നു.

പക്ഷേ, എനിക്കുവേണ്ടി നാട്ടുകാർ കണ്ട സ്വപ്നങ്ങളാണ് എന്നെ ഇവിടെ വരെ എത്തിച്ചത്. കണ്ണൂരിൽ നടന്ന സംസ്ഥാന സ്കൂൾ കായികമേളയിൽ ജാവലിൻ ത്രോയിൽ വെള്ളി നേടിയപ്പോഴും ദേശീയ മത്സരത്തിൽ പങ്കെടുക്കാനാകുമെന്ന് ഒരു ഉറപ്പുമില്ലായിരുന്നു.

പണച്ചെലവ് തന്നെയായിരുന്നു പ്രശ്നം. വേമ്പനാട്ടു കായലിൽ കക്ക വാരി ജീവിക്കുന്ന അച്ഛൻ ബ്ലാത്തിക്കൽ വിനോദിന് എന്റെ ആഗ്രഹങ്ങൾക്കൊപ്പം നിൽക്കാനുള്ള സാമ്പത്തിക സ്ഥിതിയുണ്ടായിരുന്നില്ല. പക്ഷേ കായിപ്പുറത്തുകാർ ഒറ്റക്കെട്ടായി എന്നെ സഹായിക്കാനെത്തി.

26,000 രൂപ പോക്കറ്റ് മണിയുമായാണ് ഞാൻ ഇപ്പോൾ പഞ്ചാബിലുള്ളത്. സുഹൃത്തുക്കളും അധ്യാപകരും അയൽവാസികളും ചേർന്നു സ്വരൂപിച്ചതാണ് ഈ വലിയ തുക. എനിക്ക് ഇവിടെ ഒന്നിനും കുറവുണ്ടാകരുതെന്നത് അവരുടെ നിർബന്ധമായിരുന്നു.

സംസ്ഥാന സ്കൂൾ കായികമേളയിൽ മത്സരിച്ചപ്പോൾ സ്പൈക്സ് ഉണ്ടായിരുന്നില്ല. ഇതറിഞ്ഞ് അച്ഛന്റെ സുഹൃത്തുക്കളായ കണ്ണൻ ചേട്ടനും പ്രജിത്തേട്ടനും ചേർന്ന് സ്പൈക്സ് വാങ്ങിത്തന്നു. പഞ്ചാബിലേക്കു പുറപ്പെടുന്നതിന്റെ തലേന്നാണ് അവരതു വീട്ടിലെത്തിച്ചു തന്നത്. കഴിഞ്ഞവർഷം പരിശീലനം ആരംഭിച്ച സമയത്ത് പുതിയൊരു ജാവലിൻ വാങ്ങിതന്നതു കായിപ്പുറത്തെ കുഞ്ഞിരാമേട്ടനാണ്.

എന്നെ അത്‍ലറ്റിക്സിലേക്ക് എത്തിച്ച അഖിൽ പ്രസാദ്, ആരോമൽ എസ്.മധു എന്നീ പരിശീലകരോടു വലിയ കടപ്പാടുണ്ട്. അവരുടെ സ്കൂളിലെ വിദ്യാർഥി അല്ലാതിരുന്നിട്ടുകൂടി ദിവസവും എനിക്കു പരിശീലനം നൽകി. അതിനായി ജോലിത്തിരക്കുകൾക്കിടയിൽ സമയം കണ്ടെത്തി. പരിശീലനത്തിനുള്ള ചെലവ് എന്നെ അറിയിക്കാതെ അവർ തന്നെയാണ് വഹിക്കുന്നതും...

(കായിപ്പുറം  ഗ്രാമത്തിൽ നിന്ന് ഇതുവരെ അത്‍ലറ്റിക്സിൽ ഒരു ദേശീയ താരം ഉണ്ടായിരുന്നില്ല. ഇപ്പോൾ അക്ഷയ് വിനോദ് ഉണ്ട്. ഇനി ഈ നാടിനുവേണ്ടത് ഒരു ദേശീയ മെഡലാണ്. കട്ട സപ്പോർട്ടുമായി കൂടെയുള്ള നാട്ടുകാരുടെ സ്നേഹത്തിനു സ്വർണം തന്നെ തിരിച്ചുകൊടുക്കണമെന്നാണു അക്ഷയിന്റെ ആഗ്രഹം. ഏഴിനാണ് ജൂനിയർ ആൺകുട്ടികളുടെ ജാവലിൻത്രോ മത്സരം)

തൽസമയ വാർത്തകൾക്ക് മലയാള മനോരമ മൊബൈൽ ആപ് ഡൗൺലോഡ് ചെയ്യൂ
MORE IN OTHER SPORTS
SHOW MORE
FROM ONMANORAMA