ADVERTISEMENT

ചരിത്രം വഴിമാറിയില്ല; മാറാൻ കേരളം സമ്മതിച്ചില്ല. ഇന്ത്യൻ സ്കൂൾ കായിക മാമാങ്കത്തിൽ ഓവറോൾ കിരീടം ഇരുപതാം തവണയും കേരളത്തിനു തന്നെ. ആദ്യ 3 ദിവസങ്ങളിൽ പരാജയത്തിന്റെ വഴിയരികിൽ നിന്ന കേരളം അവസാന രണ്ടു ദിവസത്തെ മിന്നും പ്രകടനത്തോടെയാണു വിജയത്തിലേക്ക് ഓടിക്കയറിയത്. കേരളം 273 പോയിന്റുകൾ നേടിയപ്പോൾ 26 പോയിന്റ് പിന്നിലായി മഹാരാഷ്ട്ര രണ്ടാംസ്ഥാനത്തെത്തി. ഹരിയാനയാണു മൂന്നാമത് (241 പോയിന്റ്). അവസാനദിനത്തെ 6 ഫൈനലുകളിൽ നിന്നു കേരളം രണ്ടുവീതം സ്വർണവും വെള്ളിയും വെങ്കലവും സ്വന്തമാക്കി. 

2015ൽ കോഴിക്കോട് നടന്ന ചാംപ്യൻഷിപ്പിനുശേഷം ഇതാദ്യമായാണു ദേശീയ സ്കൂൾ കായികമേളയിൽ ഓവറോൾ ചാംപ്യൻമാരെ നിശ്ചയിച്ചത്. ഇത്തവണത്തെ സബ്ജൂനിയർ, ജൂനിയർ മത്സരങ്ങൾ സമാപിച്ചപ്പോൾ 27 പോയിന്റ് പിന്നിലായിരുന്ന കേരളം സീനിയർ താരങ്ങളുടെ മികവിൽ ആ കടംവീട്ടിയാണു ചാംപ്യൻഷിപ് സ്വന്തമാക്കിയത്. ഇന്നലെ നടന്ന റിലേയിൽ ഉൾപ്പെടെ 4 സ്വർണം നേടിയ ആൻസി സോജൻ പെൺകുട്ടികളിൽ മികച്ച താരമായി. 

സീനിയർ പെൺകുട്ടികളുടെ ടീം ചാംപ്യൻഷിപ് കേരളം സ്വന്തമാക്കിയപ്പോൾ ആൺകുട്ടികൾ മഹാരാഷ്ട്രയ്ക്കു പിന്നിൽ രണ്ടാമതായി. 

പെൺകുട്ടികളുടെ 4-100 മീറ്റർ റിലേയിൽ ആൻസി സോജൻ, ആൻറോസ് ടോമി, എ.എസ്.സാന്ദ്രമോൾ, പി.ഡി.അഞ്ജലി എന്നിവരുൾപ്പെട്ട ടീം സ്വർണം നേടി. ആൺകുട്ടികളുടെ ടീം വെള്ളിയിലൊതുങ്ങി. മുഹമ്മദ് സജീ‍ൻ, കെ.എം.സനൂപ്, ആകാശ് എം.വർഗീസ്, ആർ.കെ.സൂര്യജിത്ത് എന്നിവരായിരുന്നു അംഗങ്ങൾ. 

ആൺകുട്ടികളുടെ 4-400 മീറ്റർ റിലേയിൽനിന്ന് രണ്ടാംസ്വർണം. ആർ.ഹരിശങ്കർ, പി.ഡി.ജിതിൻരാജ്, എം.മനൂപ്, എ.രോഹിത്ത് എന്നിവരടങ്ങിയ ടീം 3.20.87 മിനിറ്റിൽ ഫിനിഷ് ചെയ്തു.  

പെൺകുട്ടികളുടെ ടീമാകട്ടെ  രണ്ടാമതായി. അയോക്ഷ സുദേവൻ, ട്രീസ മാത്യു, എ.എസ്.സാന്ദ്രമോൾ, ഗൗരി നന്ദന എന്നിവരാണു കേരളത്തിനായി മത്സരിച്ചത്. 

1. കേരളം: 273 പോയിന്റ്, സ്വർണം 11, വെള്ളി 10, വെങ്കലം 16.
2. മഹാരാഷ്ട്ര: 247

3. ഹരിയാന: 241

സമ്മാനമായി വിനോദയാത്ര 

ദേശീയ സ്കൂൾ അത്‌ലറ്റിക്സ് കിരീടം നിലനിർത്തിയ കേരള ടീമിനുള്ള സമ്മാനമായി ഇന്ന് ഉല്ലാസ യാത്ര. പരിശീലകരും താരങ്ങളുമടങ്ങുന്ന കേരളത്തിന്റെ 85 അംഗ സംഘം ഇന്നു അമൃത്‍സറിലെ സുവർണ ക്ഷേത്രവും ഇന്ത്യ – പാക്കിസ്ഥാൻ അതിർത്തിയായ അഠാരി –വാഗ സൈനിക പോസ്റ്റും സന്ദർശിക്കും. 

അഭിനന്ദന പ്രവാഹം 

തിരുവനന്തപുരം∙ ദേശീയ സ്കൂൾ കായികമേളയിൽ ചാംപ്യന്മാരായ കേരള ടീമിനെ ഗവർണർ ആരിഫ് മുഹമ്മദ് ഖാൻ, മുഖ്യമന്ത്രി പിണറായി വിജയൻ, മന്ത്രിമാരായ ഇ.പി.ജയരാജൻ, പ്രഫ.സി.രവീന്ദ്രനാഥ് എന്നിവർ അഭിനന്ദിച്ചു. 

 

ഇവിടെ പോസ്റ്റു ചെയ്യുന്ന അഭിപ്രായങ്ങൾ മലയാള മനോരമയുടേതല്ല. അഭിപ്രായങ്ങളുടെ പൂർണ ഉത്തരവാദിത്തം രചയിതാവിനായിരിക്കും. കേന്ദ്ര സർക്കാരിന്റെ ഐടി നയപ്രകാരം വ്യക്തി, സമുദായം, മതം, രാജ്യം എന്നിവയ്ക്കെതിരായി അധിക്ഷേപങ്ങളും അശ്ലീല പദപ്രയോഗങ്ങളും നടത്തുന്നത് ശിക്ഷാർഹമായ കുറ്റമാണ്. ഇത്തരം അഭിപ്രായ പ്രകടനത്തിന് നിയമനടപടി കൈക്കൊള്ളുന്നതാണ്.
തൽസമയ വാർത്തകൾക്ക് മലയാള മനോരമ മൊബൈൽ ആപ് ഡൗൺലോഡ് ചെയ്യൂ
അവശ്യസേവനങ്ങൾ കണ്ടെത്താനും ഹോം ഡെലിവറി  ലഭിക്കാനും സന്ദർശിക്കു www.quickerala.com