ADVERTISEMENT

ദേശീയ അന്തർ സർവകലാശാലാ അത്‌ലറ്റിക് മീറ്റിൽ മിക്സ്ഡ് റിലേയിൽ സ്വർണം നേടി കാലിക്കറ്റ് സർ‌വകലാശാല ചരിത്രമെഴുതിയ ദിനം കേരളത്തിലെ മറ്റു സർവകലാശാലകൾക്കും നേട്ടം.

അന്തർ സർവകലാശാല മീറ്റിൽ ആദ്യമായി അരങ്ങേറിയ 4–400 മീറ്റർ മിക്സ്ഡ് റിലേയിൽ എം.നവനീത്, അബിത മേരി മാനുവൽ, ജിസ്ന മാത്യു, മുഹമ്മദ് ബാദുഷ എന്നിവരാണു കാലിക്കറ്റിനായി സുവർണ ബാറ്റൺ പിടിച്ചത് (3 മിനിറ്റ് 24.65 സെക്കൻഡ്).

എംജി സർവകലാശാല (അനന്തു വിജയൻ, കെ.ടി.എമിലി, അനില വേണു, സി.ആർ.അനിരുദ്ധ്) വെള്ളി നേടി. 4 പതിറ്റാണ്ടിനുശേഷം സൽമാൻ ഫാരിസിലൂടെ ഡെക്കാത്‌ലൺ സ്വർണം കാലിക്കറ്റ് തിരിച്ചുപിടിച്ചു.

salman
സൽമാൻ

മീറ്റ് ഇന്നു സമാപിക്കാനിരിക്കെ 127 പോയിന്റോടെ മംഗളൂരു സർവകലാശാല ചാംപ്യൻഷിപ്പിലേക്കുകുതിക്കുകയാണ്. മദ്രാസ് രണ്ടാമതും (70) എംജി (47) മൂന്നാമതുമാണ്. കാലിക്കറ്റ് (36) ആറാം സ്ഥാനത്ത്. കേരള (18) പത്താമത്. ഇന്നലെ കേരളത്തിലെ സർവകലാശാലകൾ 2 സ്വർണവും ഒരു വെളളിയും 3 വെങ്കലവും സ്വന്തമാക്കി.

ചരിത്രം സൽമാനൊപ്പം

1978ൽ കാലിക്കറ്റിന്റെ ടോം ജോസഫ് സ്വർണം നേടിയശേഷം ഇതാദ്യമായാണ് ഒരു മലയാളി അന്തർ സർവലകലാശാല മീറ്റിൽ ഡെക്കാത്‍ലണിൽ സ്വർണം നേടുന്നത്.

പത്താം ക്ലാസ് വരെ കൂട്ടിലങ്ങാടി പിഎംഎസ്എ പൂക്കോയ തങ്ങൾ യത്തീംഖാനയിലായിരുന്നു സൽമാൻ ഫാരിസിന്റെ പഠനം. ഓട്ടവും ചാട്ടവും തുടങ്ങിയത് അവിടെനിന്നാണ്. സ്‌കൂൾ മീറ്റിലെ പ്രകടനം കോഴിക്കോട് സായിയിലേക്കുള്ള വഴി എളുപ്പമാക്കി. 10 ഇനങ്ങളിൽ മത്സരമുള്ള ഡെക്കാത്‍ലണിൽ ധൈര്യപൂർവം മത്സരിച്ചു തുടങ്ങി.

inter-university-meet-prizes
മരിയ, റൊണാൾഡ്, അപർണ

6645 പോയിന്റ് നേടിയാണു സൽമാൻ സ്വർണത്തിലെത്തിയത്. ഗുരുവായൂർ ശ്രീകൃഷ്ണ കോളജ് വിദ്യാർഥിയാണു മലപ്പുറം കോട്ടയ്ക്കൽ പൂവഞ്ചിറയിൽ മൊയ്തുണ്ണിയുടെയും സൈനബയുടെയും മകനായ സൽമാൻ. കഴിഞ്ഞ വർഷം നാലാം സ്ഥാനത്തായിരുന്നു.

പിന്റോ ജെ.റെബല്ലോയാണു പരിശീലകൻ. സ്‌പോർട്‌സ് ക്വോട്ടയിൽ ഒരു ജോലിയാണ് ഈ ഇരുപത്തിമൂന്നുകാരന്റെ ഇപ്പോഴത്തെ സ്വപ്നം.

വെങ്കലത്തിൽ അപർണ

പുരുഷ 110 മീറ്റർ കാഞ്ഞിരപ്പള്ളി സെന്റ് ഡൊമിനിക്സ് കോളജിലെ റൊണാൾഡ് ബാബുവും (14.55 സെക്കൻഡ്) ഹെപ്റ്റാത്‌ലണിൽ ചങ്ങാനാശേരി അസംപ്ഷൻ കോളജിലെ മരിയ തോമസും (4492 പോയിന്റ്) എംജിക്കായി വെങ്കലം നേടി.

relay-silver
മിക്സ്ഡ് റിലേയിൽ വെള്ളി നേടിയ എംജി ടീം. (മുകളിൽനിന്ന്) സി.ആർ.അനിരുദ്ധ് അനന്തു വിജയൻ, കെ.ടി.എമിലി, അനില വേണു.

വനിതാ 100 മീറ്റർ ഹർഡിൽസിൽ തിരുവനന്തപുരം മാർ ഇവാനിയോസ് കോളജിലെ അപർണ റോയ് (13.55) മീറ്റ് റെക്കോർഡിനെക്കാൾ മികച്ച പ്രകടനം നടത്തി കേരള സർവകലാശാലയ്ക്കായി വെങ്കലം നേടി. 

ഇവിടെ പോസ്റ്റു ചെയ്യുന്ന അഭിപ്രായങ്ങൾ മലയാള മനോരമയുടേതല്ല. അഭിപ്രായങ്ങളുടെ പൂർണ ഉത്തരവാദിത്തം രചയിതാവിനായിരിക്കും. കേന്ദ്ര സർക്കാരിന്റെ ഐടി നയപ്രകാരം വ്യക്തി, സമുദായം, മതം, രാജ്യം എന്നിവയ്ക്കെതിരായി അധിക്ഷേപങ്ങളും അശ്ലീല പദപ്രയോഗങ്ങളും നടത്തുന്നത് ശിക്ഷാർഹമായ കുറ്റമാണ്. ഇത്തരം അഭിപ്രായ പ്രകടനത്തിന് നിയമനടപടി കൈക്കൊള്ളുന്നതാണ്.
തൽസമയ വാർത്തകൾക്ക് മലയാള മനോരമ മൊബൈൽ ആപ് ഡൗൺലോഡ് ചെയ്യൂ
അവശ്യസേവനങ്ങൾ കണ്ടെത്താനും ഹോം ഡെലിവറി  ലഭിക്കാനും സന്ദർശിക്കു www.quickerala.com