ADVERTISEMENT

‘മംഗളൂരു എക്സ്പ്രസി’ന്റെ മുന്നേറ്റത്തിനു തടയിടാൻ ഇത്തവണയും കേരളത്തിലെ സർവകലാശാലകൾക്കായില്ല. ദേശീയ അന്തർ സർവകലാശാലാ അത്‌ലറ്റിക് മീറ്റിൽ തുടർച്ചയായി നാലാം തവണയും മാംഗ്ലൂർ സർവകലാശാലയ്ക്ക് (170 പോയിന്റ്) ഓവറോൾ കിരീടം. മദ്രാസ് (98.5) രണ്ടാം സ്ഥാനം നേടി. കഴിഞ്ഞ തവണ റണ്ണറപ്പായിരുന്ന മഹാത്മാഗാന്ധി സർവകലാശാല (എംജി– 80 ) ഇത്തവണ മൂന്നാമതും കാലിക്കറ്റ്(64) നാലാമതുമാണ്. ഒൻപതു വീതം സ്വർണവും വെള്ളിയും അഞ്ച് വെങ്കലവും ഉൾപ്പെടെയാണ് മാംഗ്ലൂരിന്റെ നേട്ടം.

കേരളത്തിന് 25 മെഡൽ

കേരളത്തിൽനിന്നുള്ള സർവകലാശാലകൾ മീറ്റിൽ ആകെ നേടിയത് 25 മെഡലുകൾ. കാലിക്കറ്റ് 4 സ്വർണവും 2 വീതം വെള്ളിയും വെങ്കലവും സ്വന്തമാക്കി. ഒരു സ്വർണവും 6 വീതം വെള്ളിയും വെങ്കലവുമാണ് എംജിയുടെ നേട്ടം. 2 സ്വർണവും 2 വെങ്കലവുമാണ് കേരളയ്ക്ക്. അവസാന ദിനം പോൾവോൾട്ടിൽ കാലിക്കറ്റിന്റെ ഗുരുവായൂർ ശ്രീകൃഷ്ണ കോളജ് വിദ്യാർഥി ഗോഡ്‌വിൻ ഡാമിയനും (4.70മീറ്റർ) എംജിയുടെ കോലഞ്ചേരി സെന്റ് പീറ്റേഴ്സ് കോളജ് വിദ്യാർഥിനി ദിവ്യ മോഹനും(3.70 മീറ്റർ) സ്വർണം നേടി. 200 മീറ്ററിൽ കാലിക്കറ്റിന്റെ താരങ്ങളായ യു.വി. ശ്രുതിരാജ് (24:99 സെക്കൻഡ്), 1500ൽ സി. ബബിത(4:32 മിനിറ്റ്) എന്നിവർ വെങ്കലമണിഞ്ഞു.

ട്രിപ്പിൾ ജംപ് വനിതാ വിഭാഗത്തിൽ എംജിയുടെ സാന്ദ്ര ബാബു (13.28 മീറ്റർ), പുരുഷ വിഭാഗത്തിൽ എ.ബി.അരുൺ (16.12 മീറ്റർ) എന്നിവർ വെള്ളി നേടി. 4– 400 റിലേയിൽ വനിതകളിൽ ജിസ്ന മാത്യു, എംപി അർച്ചന, എസ്. അർഷിത, അബിത മേരി മാനുവൽ എന്നിവരുടെ കാലിക്കറ്റ് ടീം (3:40 മിനിറ്റ്) സ്വർണം നേടി. കെ.സ്നേഹ, പി.ആർ.അലീഷ, കെ.ടി.എമിലി, അനില വേണു എന്നിവരുടെ എംജി ടീം(3:42 മിനിറ്റ്) വെള്ളി നേടി. 4–400 പുരുഷ റിലേയിൽ ടി.ടിജിൻ, അമൽ ജോസഫ്, അനന്തു വിജയൻ, ടി.ആർ.അനിരുദ്ധ് എന്നിവരടങ്ങുന്ന എംജി ടീം (3.11 മിനിറ്റ്) വെള്ളി സ്വന്തമാക്കി.

വനിതകളിൽ 2–ാമത് എംജി

പുരുഷ വിഭാഗത്തിലും(101 പോയിന്റ്) വനിതാ വിഭാഗത്തിലും(69) മാംഗ്ലൂർ തന്നെയാണ് ചാംപ്യന്മാർ. വനിതാ വിഭാഗത്തിൽ 47 പോയിന്റ് നേടി എംജി വാഴ്സിറ്റി രണ്ടാമതെത്തി. കഴിഞ്ഞ വർഷവും വനിതാ വിഭാഗത്തിൽ എംജിക്കായിരുന്നു രണ്ടാം സ്ഥാനം. മദ്രാസ് മൂന്നാം സ്ഥാനം നേടി.

പുരുഷ വിഭാഗത്തിൽ മദ്രാസ് ആണ് റണ്ണറപ്പ്. മഹർഷി ദയാനന്ദ് സർവകലാശാല മൂന്നാമതും കാലിക്കറ്റ് നാലാമതുമാണ്. മികച്ച പുരുഷ അത്‌ലീറ്റായി രണ്ടാം തവണയും മംഗളൂരു യൂണിവേഴ്സിറ്റിയിലെ ജയ്ഷാ പ്രദീപിനെ തിരഞ്ഞെടുത്തു. ആചാര്യ നാഗാർജുന യൂണിവേഴ്സിറ്റിയിലെ വൈ.ജ്യോതിയാണ് മികച്ച വനിതാ അത്‌ലീറ്റ്.

മലയാളി താരത്തിളക്കം

മൂഡബിദ്രി ആൽവാസ് കോളജ് ദത്തെടുത്ത് മാംഗ്ലൂർ സർവകലാശാലയ്ക്കുവേണ്ടി ഇത്തവണ കളത്തിലിറക്കിയത് രണ്ട് മലയാളി താരങ്ങളെയാണ്. ടി. ആരോമലും (ഹൈജംപ്), ജെറീന ജോസഫും (400 മീറ്റർ).ഇതിൽ ആരോമൽ ഹൈജംപിൽ വെളളി നേടുകയും ചെയ്തു.  ഒളിംപ്യൻ ഒ.പി ജയ്ഷയുടെ ശിഷ്യരായ ബെംഗളൂരുവിന്റെ അമൻദീപ് 800 മീറ്ററിൽ സ്വർണവും സുനിൽ 1500 മീറ്ററിൽ വെള്ളിയും നേടി.

ചിത്രയുടെ റെക്കോർഡ് തകർന്നു

കാലിക്കറ്റ് സർവകലാശാലാ താരമായിരുന്ന പി.യു ചിത്ര 2018 ൽ സ്ഥാപിച്ച 1500 മീറ്റർ ഓട്ടത്തിലെ മീറ്റ് റെക്കോർഡ് (4:24:87 മിനിറ്റ്) സെക്കൻഡിന്റെ നൂറിലൊരംശത്തിൽ  പഞ്ചാബി സർവകലാശാലയിലെ ഹർമിലൻ കൗർ ബൈൻസ് മറികടന്നു. (സമയം:4:24:86 മിനിറ്റ്) 2002 ഏഷ്യൻ ഗെയിംസിൽ 800 മീറ്റർ വെള്ളിനേടിയ അർജുന അവാർഡ് ജേതാവുമായ മാധുരി ബൈൻസിന്റെ മകളാണ് ഹർമിലൻ.

ഇവിടെ പോസ്റ്റു ചെയ്യുന്ന അഭിപ്രായങ്ങൾ മലയാള മനോരമയുടേതല്ല. അഭിപ്രായങ്ങളുടെ പൂർണ ഉത്തരവാദിത്തം രചയിതാവിനായിരിക്കും. കേന്ദ്ര സർക്കാരിന്റെ ഐടി നയപ്രകാരം വ്യക്തി, സമുദായം, മതം, രാജ്യം എന്നിവയ്ക്കെതിരായി അധിക്ഷേപങ്ങളും അശ്ലീല പദപ്രയോഗങ്ങളും നടത്തുന്നത് ശിക്ഷാർഹമായ കുറ്റമാണ്. ഇത്തരം അഭിപ്രായ പ്രകടനത്തിന് നിയമനടപടി കൈക്കൊള്ളുന്നതാണ്.
തൽസമയ വാർത്തകൾക്ക് മലയാള മനോരമ മൊബൈൽ ആപ് ഡൗൺലോഡ് ചെയ്യൂ
അവശ്യസേവനങ്ങൾ കണ്ടെത്താനും ഹോം ഡെലിവറി  ലഭിക്കാനും സന്ദർശിക്കു www.quickerala.com