ADVERTISEMENT

ഗുവാഹത്തി ∙ ഖേലോ ഇന്ത്യ യൂത്ത് ഗെയിംസിന്റെ മൂന്നാം ദിനം രണ്ടു സ്വർണവുമായി കേരള താരം ആൻസി സോജന്റെ സ്വപ്നസമാനമായ കുതിപ്പ്. അണ്ടർ 21 പെൺകുട്ടികളുടെ ലോങ്ജംപിൽ റെക്കോർഡ് കുറിച്ച ആൻസി പിന്നാലെ നടന്ന 100 മീറ്റർ ഓട്ടമത്സരത്തിലും സ്വർണം നേടി. കരിയറിലെ ഏറ്റവും മികച്ച പ്രകടനമായ 6.36 മീറ്റർ ചാടിയാണ് തൃശൂർ നാട്ടിക ഗവ. ഫിഷറീസ് ഹയർ സെക്കൻഡറി സ്കൂൾ വിദ്യാർഥിനിയായ ആൻസി ലോങ്ജംപിൽ ചരിത്രമെഴുതിയത്. 100 മീറ്ററിൽ 12.21 സെക്കൻ‍ഡിലായിരുന്നു ആൻസിയുടെ ഫിനിഷ്. 

കഴിഞ്ഞ വർഷം പുണെയിൽ തമിഴ്നാടിന്റെ  ഷെറിൻ അബ്ദുൽ ഗഫൂർ സ്ഥാപിച്ചതായിരുന്നു ലോങ്ജംപിലെ നിലവിലെ റെക്കോർഡ്; 6.15 മീറ്റർ. ഇത്തവണ ഷെറിനും ആൻസിയും തമ്മിൽ ഉശിരൻ പോരാട്ടമാണ് അരങ്ങേറിയത്. അവസാന ചാട്ടം ഫൗളായതൊഴിച്ചാൽ മറ്റ് 5 അവസരങ്ങളിലും ആൻസി 6 മീറ്ററിനപ്പുറം ചാടി. – 6.11 മീറ്റർ, 6.36, 6.29, 6.08, 6.13 എന്നിങ്ങനെയായിരുന്നു ആൻസിയുടെ ചാട്ടം.  അതേസമയം, ഷെറിന് ആൻസിയുടെ റെക്കോർഡ് ചാട്ടത്തിനൊപ്പമെത്താൻ കഴിഞ്ഞില്ല. 5.99 മീറ്റർ, 6.16, 6.11, 6.06, 6.30, 6.13 എന്നിങ്ങനെയായിരുന്നു ഷെറിന്റെ പ്രകടനം. രണ്ടാമത്തെ ചാട്ടത്തിൽ ആൻസി റെക്കോർഡ് പേരിലാക്കി. ഷെറിൻ വെള്ളിയും (6.30 മീറ്റർ) കേരളത്തിന്റെ സാന്ദ്ര ബാബു (5.99 മീറ്റർ) വെങ്കലവും നേടി.

കണ്ണൂരിൽ നടന്ന സംസ്ഥാന സ്കൂൾ അത്‌ലറ്റിക്സി‍ൽ ലോങ്ജംപിൽ 6.24 മീറ്റർ ചാടി ആൻസി റെക്കോർഡ് നേടിയിരുന്നു. 

ചാട്ടത്തിനിടെ ഓട്ടം;  ഡബിളാ ഡബിൾ! 

ഗുവാഹത്തി ∙ അണ്ടർ 21 പെൺകുട്ടികളുടെ ലോങ് ജംപ് മത്സരം ആവേശകരമായി പുരോഗമിക്കുന്നതിനിടെ ആൻസി സോജനെ കാണാതായി! രണ്ടാമത്തെ ചാട്ടത്തിൽ 6.36 മീറ്ററെന്ന റെക്കോർഡിലെത്തിയ ആൻസി നാലാമത്തെ ചാട്ടത്തിനു ശേഷം പോയത് 100 മീറ്റർ ഹീറ്റ്സ് മത്സരത്തിൽ പങ്കെടുക്കാനാണ്. ഈ സമയത്ത് തമിഴ്നാടിന്റെ ഷെറിൻ, ആൻസി ചാടിയ ദൂരം മറികടക്കാൻ കിണഞ്ഞു ശ്രമിക്കുകയായിരുന്നു.  100 മീറ്റർ ഹീറ്റ്സി‍ൽ വിജയിച്ചു ഫീൽഡിൽ തിരിച്ചെത്തിയ ആൻസി ഇടവേളയില്ലാതെ ലോങ് ജംപ് പൂർത്തിയാക്കി. വൈകിട്ടു  100 മീറ്ററിലും സ്വർണം നേടി മേളയുടെ മൂന്നാം ദിനത്തിലെ താരപ്പകിട്ടും പേരിലാക്കി. 

English Summary: Ancy Sojan wins two gold medals in Khelo India Youth Games

ഇവിടെ പോസ്റ്റു ചെയ്യുന്ന അഭിപ്രായങ്ങൾ മലയാള മനോരമയുടേതല്ല. അഭിപ്രായങ്ങളുടെ പൂർണ ഉത്തരവാദിത്തം രചയിതാവിനായിരിക്കും. കേന്ദ്ര സർക്കാരിന്റെ ഐടി നയപ്രകാരം വ്യക്തി, സമുദായം, മതം, രാജ്യം എന്നിവയ്ക്കെതിരായി അധിക്ഷേപങ്ങളും അശ്ലീല പദപ്രയോഗങ്ങളും നടത്തുന്നത് ശിക്ഷാർഹമായ കുറ്റമാണ്. ഇത്തരം അഭിപ്രായ പ്രകടനത്തിന് നിയമനടപടി കൈക്കൊള്ളുന്നതാണ്.
തൽസമയ വാർത്തകൾക്ക് മലയാള മനോരമ മൊബൈൽ ആപ് ഡൗൺലോഡ് ചെയ്യൂ
അവശ്യസേവനങ്ങൾ കണ്ടെത്താനും ഹോം ഡെലിവറി  ലഭിക്കാനും സന്ദർശിക്കു www.quickerala.com