ADVERTISEMENT

ക്വാലലംപുർ∙ ലോക ഒന്നാം നമ്പർ ബാഡ്മിന്റൻ താരം ജപ്പാന്റെ കെന്റോ മൊമോട്ട സഞ്ചരിച്ച വാഹനം അപകടത്തിൽപ്പെട്ട് ഡ്രൈവർ മരിച്ചു. മൊമോട്ട ഉൾപ്പെടെ നാലു പേർക്കു പരുക്കേറ്റു. ഇവരുടെ നില ഗുരുതരമല്ല. മലേഷ്യ മാസ്റ്റേഴ്സ് ബാഡ്മിന്റനിൽ കിരീടം ചൂടിയ ശേഷം ക്വാലലംപുർ വിമാനത്താവളത്തിലേക്കു പോകുമ്പോഴായിരുന്നു അപകടം. ഹൈവേയിൽവച്ച് ലോറിയുമായി കൂട്ടിയിടിച്ചാണ് അപകടം. ഡ്രൈവർ സംഭവസ്ഥലത്തുതന്നെ മരിച്ചു.

ഇന്ത്യൻ സമയം പുലർച്ചെ 4.40നാണ് അപകടം നടന്നത്. വിവരമറിഞ്ഞ് പത്തോളം അഗ്നിശമന സേനാംഗങ്ങൾ ഉടൻതന്നെ സ്ഥലത്തെത്തി. കെന്റോ മൊമോട്ട ഉൾപ്പെടെ പരുക്കേറ്റ നാലുപേരുടെയും നില ഗുരുതരമല്ലെന്നാണ് വിവരം. ടോക്യോ ഒളിംപിക്സിന് തയാറെടുക്കുന്ന ഇരുപത്തഞ്ചുകാരനായ മൊമോട്ടയുടെ മൂക്കിനു പൊട്ടലുണ്ട്. മുഖത്തു മറ്റുചില പരുക്കുകളുമുണ്ട്. ഇത് മൊമോട്ടയുടെ ഒളിംപിക്സ് ഒരുക്കങ്ങളെ ബാധിക്കും.

മൊമോട്ടയുടെ സഹപരിശീലകനും ഫിസിയോതെറാപ്പിസ്റ്റും മലേഷ്യയിലെ ഒരു ബാഡ്മിന്റൻ അസോസിയേഷൻ ഭാരവാഹിയുമാണ് വാഹനത്തിലുണ്ടായിരുന്ന മറ്റുള്ളവർ. ഇവർക്കും പരുക്കേറ്റു. ഞായറാഴ്ച നടന്ന മലേഷ്യ മാസ്റ്റേഴ്സ് ബാഡ്മിന്റനിൽ ഡെൻമാർക്ക് താരം വിക്ടർ അക്സെൽസനെ തോൽപ്പിച്ചാണ് മൊമോട്ട കിരീടം ചൂടിയത്. 24-22, 21-11 എന്ന സ്കോറിനായിരുന്നു മൊമോട്ടയുടെ വിജയം.

കഴിഞ്ഞ വർഷം കരിയറിലെ ഏറ്റവും മികച്ച ഫോമിലായിരുന്ന മൊമോട്ട ലോക ചാംപ്യൻഷിപ്പ് ഉൾപ്പെടെ 11 കിരീടങ്ങൾ നേടിയിരുന്നു. ഒരു സീസണിൽ കൂടുതൽ കിരീടങ്ങളെന്ന നേട്ടം സ്വന്തമാക്കിയ മൊമോട്ട ചൈനീസ് ഇതിഹാസം ലിൻ ഡാൻ, മലേഷ്യൻ താരം ലീ ചോങ് വെയ് തുടങ്ങിയവരെയാണ് മറികടന്നത്. വ്യക്തിഗത വിഭാഗത്തിൽ ഇനി ഒളിംപിക് സ്വർണം മാത്രമാണ് മൊമോട്ട നേടാനുള്ളത്. ചൂതുകളിയുടെ പേരിൽ 2016ൽ വിലക്കു നേരിട്ട ശേഷമായിരുന്നു മൊമോട്ടയുടെ ശക്തമായ തിരിച്ചുവരവ് എന്നതും ശ്രദ്ധേയം.

കെന്റോ മൊമോട്ട (25)

ലോക ഒന്നാം നമ്പർ ബാഡ്മിന്റൺ താരം. ലോക – ഏഷ്യ ചാംപ്യൻഷിപ്പുകൾ, ഓൾ ഇംഗ്ലണ്ട് ഓപ്പൺ എന്നിവയടക്കം 11 ടൂർണമെന്റുകൾ 2019 ൽ വിജയിച്ചു. ഒളിംപിക് സ്വർണം ഒഴികെ എല്ലാ പ്രധാന കിരീടങ്ങളും സ്വന്തമാക്കിയിട്ടുണ്ട്.

English Summary: Badminton world No.1 Kento Momota injured in car accident in Malaysia, driver killed

ഇവിടെ പോസ്റ്റു ചെയ്യുന്ന അഭിപ്രായങ്ങൾ മലയാള മനോരമയുടേതല്ല. അഭിപ്രായങ്ങളുടെ പൂർണ ഉത്തരവാദിത്തം രചയിതാവിനായിരിക്കും. കേന്ദ്ര സർക്കാരിന്റെ ഐടി നയപ്രകാരം വ്യക്തി, സമുദായം, മതം, രാജ്യം എന്നിവയ്ക്കെതിരായി അധിക്ഷേപങ്ങളും അശ്ലീല പദപ്രയോഗങ്ങളും നടത്തുന്നത് ശിക്ഷാർഹമായ കുറ്റമാണ്. ഇത്തരം അഭിപ്രായ പ്രകടനത്തിന് നിയമനടപടി കൈക്കൊള്ളുന്നതാണ്.
തൽസമയ വാർത്തകൾക്ക് മലയാള മനോരമ മൊബൈൽ ആപ് ഡൗൺലോഡ് ചെയ്യൂ
അവശ്യസേവനങ്ങൾ കണ്ടെത്താനും ഹോം ഡെലിവറി  ലഭിക്കാനും സന്ദർശിക്കു www.quickerala.com