ADVERTISEMENT

ന്യൂഡൽഹി ∙ ഇന്ത്യൻ താരം സൈന നെഹ്‍വാളുമായി ബന്ധപ്പെട്ട് ഗുരുതര ആരോപണവുമായി രംഗത്തെത്തിയ മുൻ ഇന്ത്യൻ താരവും ദേശീയ ബാഡ്മിന്റൻ പരിശീലകനുമായ പി. ഗോപീചന്ദിന് പ്രകാശ് പദുക്കോൺ ബാഡ്മിന്റൻ അക്കാദമിയുടെ മറുപടി. മുൻ ലോക ഒന്നാം നമ്പർ താരം സൈന നെഹ്‌വാൾ തന്റെ അക്കാദമിയിൽ നിന്നും മാറാൻ കാരണക്കാരൻ പ്രകാശ് പദുക്കോണാണെന്ന ഗോപീചന്ദിന്റെ ആരോപണത്തിൽ കഴമ്പില്ലെന്ന് പദുക്കോൺ അക്കാദമി വ്യക്തമാക്കി. അക്കാദമി മാറിയത് സൈനയുടെ മാത്രം തീരുമാനപ്രകാരമാണെന്നും അവർ പ്രസ്താവനയിൽ വ്യക്തമാക്കി. 2014ൽ ആയിരുന്നു സൈന ഗോപീചന്ദ് അക്കാദമിയിൽ നിന്നും പ്രകാശ് പദുക്കോണിന്റെ അക്കാദമിയിലെ വിമൽ കുമാറിനു കീഴിലേക്കു മാറിയത്. 

അടുത്തുതന്നെ പുറത്തിറങ്ങാൻ പോകുന്ന തന്റെ ‘ഡ്രീംസ് ഓഫ് എ ബില്യൻ: ഇന്ത്യ ആൻഡ് ഒളിംപിക് ഗെയിംസ്’ എന്ന പുസ്തകത്തിലാണ് ഗോപീചന്ദ് ആരോപണം ഉന്നയിച്ചത്. ‘ഏറ്റവും പ്രിയപ്പെട്ട ഒരാൾ വിട്ടുപോകുന്ന വിഷമമാണ് സൈന പോയപ്പോൾ എനിക്കുണ്ടായത്. പോകരുതെന്നു ഞാൻ അപേക്ഷിച്ചിരുന്നു. പക്ഷേ, പലരുടേയും സ്വാധീനത്തിനു വഴങ്ങി അവൾ തീരുമാനം മാറ്റാൻ കൂട്ടാക്കിയില്ല. ചിലപ്പോൾ സിന്ധുവിനു ഞാൻ അധിക പരിഗണന നൽകുന്നു എന്ന് സൈന തെറ്റിദ്ധരിച്ചിരിക്കാം. എന്റെ അക്കാദമി ഉപേക്ഷിക്കാൻ പ്രകാശ് സാർ എന്തിനാണ് സൈനയെ പ്രോൽസാഹിപ്പിച്ചതെന്ന് എനിക്കറിയില്ല’– ഗോപീചന്ദ് പുസ്തകത്തിൽ കുറിച്ചു.

‘ഹൈദരാബാദിൽനിന്ന് ബെംഗളൂരുവിലെ പ്രകാശ് പദുക്കോൺ അക്കാദമിയിലേക്ക് പരിശീലനം മാറ്റാനുള്ള സൈന നെഹ്‌വാളിന്റെ തീരുമാനത്തിൽ അക്കാദമിക്ക് യാതൊരു പങ്കുമില്ല. എങ്കിലും കരിയറിലെ വെല്ലുവിളി നിറഞ്ഞ കാലത്ത് വിമൽകുമാർ സൈനയെ സഹായിച്ചതും അവർ ലോക ഒന്നാം നമ്പർ താരമായതും വാസ്തവമാണ്. ലോക ചാംപ്യൻഷിപ്പിലും ഓൾ ഇംഗ്ലണ്ട് ചാംപ്യൻഷിപ്പിലും വെള്ളി നേടിയതും ഇക്കാലത്തുതന്നെ’ – പദുക്കോൺ അക്കാദമി പ്രസ്താവനയിൽ ചൂണ്ടിക്കാട്ടി.

കളത്തിൽ സജീവമായിരുന്ന കാലത്ത് 2001 വരെ പ്രകാശ് പദുക്കോണിനു കീഴിൽ പരിശീലിച്ചിരുന്ന വ്യക്തിയാണ് ഗോപീചന്ദെന്നതും ശ്രദ്ധേയമാണ്. അതിനുശേഷമാണ് ഗോപീചന്ദ് ഗാംഗുലി പ്രസാദിനു കീഴിലേക്ക് പരിശീലനം മാറ്റുന്നതും ഓൾ ഇംഗ്ലണ്ട് ചാംപ്യൻഷിപ്പിൽ കിരീടം ചൂടി ചരിത്രമെഴുതിയതും.

English Summary: The Prakash Padukone Badminton Academy (PPBA) made it clear that it played no role in Saina Nehwal shifting from Gopichand Academy in Hyderabad to Bengaluru to train under Vimal Kumar.

ഇവിടെ പോസ്റ്റു ചെയ്യുന്ന അഭിപ്രായങ്ങൾ മലയാള മനോരമയുടേതല്ല. അഭിപ്രായങ്ങളുടെ പൂർണ ഉത്തരവാദിത്തം രചയിതാവിനായിരിക്കും. കേന്ദ്ര സർക്കാരിന്റെ ഐടി നയപ്രകാരം വ്യക്തി, സമുദായം, മതം, രാജ്യം എന്നിവയ്ക്കെതിരായി അധിക്ഷേപങ്ങളും അശ്ലീല പദപ്രയോഗങ്ങളും നടത്തുന്നത് ശിക്ഷാർഹമായ കുറ്റമാണ്. ഇത്തരം അഭിപ്രായ പ്രകടനത്തിന് നിയമനടപടി കൈക്കൊള്ളുന്നതാണ്.
തൽസമയ വാർത്തകൾക്ക് മലയാള മനോരമ മൊബൈൽ ആപ് ഡൗൺലോഡ് ചെയ്യൂ
അവശ്യസേവനങ്ങൾ കണ്ടെത്താനും ഹോം ഡെലിവറി  ലഭിക്കാനും സന്ദർശിക്കു www.quickerala.com