ADVERTISEMENT

ഗുവാഹത്തി ∙ ഖേലോ ഇന്ത്യ യൂത്ത് ഗെയിംസ് അത്‍ലറ്റിക്സിൽ കേരളം ഓവറോൾ ചാംപ്യൻമാർ. 10 സ്വർണവും 2 വെള്ളിയും 6 വെങ്കലവും നേടിയാണു കേരളം മുന്നിലെത്തിയത്. ഹരിയാന (9–10–10) രണ്ടാമതും തമിഴ്നാട് (8–16–7) മൂന്നാമതുമെത്തി. ആകെ 107 മെഡലുമായി മഹാരാഷ്ട്രയാണു ഗെയിംസിൽ മുന്നിൽ. ഹരിയാന (67) രണ്ടാമതു നിൽക്കുന്നു. 

സ്വർണം 

അണ്ടർ 21 പെൺകുട്ടികളുടെ 100 മീറ്റർ ഹർഡിൽസിൽ കോഴിക്കോട്ടുകാരി തിരുവനന്തപുരം മാർ ഇവാനിയോസ് കോളജ് വിദ്യാർഥിനി അപർണ റോയി 13.91 സെക്കൻഡിൽ റെക്കോർഡോടെ സ്വർണം നേടി. കഴിഞ്ഞ വർഷം അപർണതന്നെ ഓടിയ സമയമാണ് (14.25 സെക്കൻഡ്) തിരുത്തിയത്. അണ്ടർ 21 പെൺകുട്ടികളുടെ ഹൈജംപിൽ പാലക്കാട് കല്ലടി എംഇഎസ് കോളജിലെ എം.ജിഷ്ണ സ്വർണം നേടി (1.73 മീറ്റർ). 

പെൺകുട്ടികളുടെ 2 റിലേ ടീമുകൾ (4–400 മീറ്റർ) കേരളത്തിനായി സ്വർണം നേടി: അണ്ടർ 21ൽ ഗൗരി നന്ദന, പ്രിസില്ല ഡാനിയൽ, കെ.എം.നിഭ, എ.എസ്.സാന്ദ്ര എന്നിവർ ബാറ്റൺ പിടിച്ചപ്പോൾ ദേശീയ റെക്കോർഡും പിറന്നു: 3 മിനിറ്റ് 48.98 സെക്കൻഡ്. അണ്ടർ 17 ടീം: സാന്ദ്രമോൾ സാബു, പ്രതിഭ വർഗീസ്, സ്റ്റെഫി സാറാ കോശി, എൽഗ തോമസ്. 3 മിനിറ്റ് 52.07 സെക്കൻഡിൽ ടീം ദേശീയ റെക്കോർഡുമിട്ടു. 

kerala-team
ഖേലോ ഇന്ത്യ അത്‍ലറ്റിക്സി‍ൽ ഓവറോൾ ചാംപ്യൻമാരായ കേരള ടീം അംഗങ്ങൾ പരിശീലകർക്കൊപ്പം.

വെള്ളി 

2 റിലേ ടീമുകൾ കേരളത്തിനായി വെള്ളി നേടി: അണ്ടർ 21 ആൺകുട്ടികളുടെ 4–400 മീറ്റർ റിലേ – എ.രോഹിത്, പി.എം.നവനീത്, അഖിൽ ബാബു, അനന്തു വിജയൻ എന്നിവർ വെള്ളി ഓടിയെടുത്തു (3 മിനിറ്റ് 16.78 സെക്കൻഡ്). ദേശീയ റെക്കോർഡിനെക്കാൾ മികച്ച പ്രകടനവുമാണിത്. അണ്ടർ 17 ആൺ 4–400 മീറ്റർ റിലേ ടീം: ആർ.കെ.വിശ്വജിത്, വി.മുഹമ്മദ് ഹനാൻ, കെ.അഭിജിത്ത്, എസ്.അക്ഷയ് (3 മിനിറ്റ് 24.65 സെക്കൻ‍ഡ്). 

ഡബിൾ സ്റ്റെഫി 

കഴിഞ്ഞ ദിവസം അണ്ടർ 17ലെ 800 മീറ്ററിൽ സ്വർണം നേടിയ പാലക്കാട്ടുകാരി സ്റ്റെഫി സാറ കോശി ഇന്നലെ 4–400 മീറ്റർ റിലേയിലും സ്വർണം സ്വന്തമാക്കി. പത്തിരിപ്പാല ഗവ. ഹയർ സെക്കൻഡറി സ്കൂളിലെ 10–ാം ക്ലാസ് വിദ്യാർഥിനിയാണ്. 

സംസ്ഥാന സ്കൂൾ കായികമേളയിലും 800 മീറ്ററിൽ സ്വർണം നേടിയിട്ടുണ്ട്. കേന്ദ്രീയ വിദ്യാലയത്തിന്റെ ദേശീയ കായികമേളയിൽ 400, 800,1500 മീറ്ററുകളിൽ ജേതാവായിരുന്നു.

ഇവിടെ പോസ്റ്റു ചെയ്യുന്ന അഭിപ്രായങ്ങൾ മലയാള മനോരമയുടേതല്ല. അഭിപ്രായങ്ങളുടെ പൂർണ ഉത്തരവാദിത്തം രചയിതാവിനായിരിക്കും. കേന്ദ്ര സർക്കാരിന്റെ ഐടി നയപ്രകാരം വ്യക്തി, സമുദായം, മതം, രാജ്യം എന്നിവയ്ക്കെതിരായി അധിക്ഷേപങ്ങളും അശ്ലീല പദപ്രയോഗങ്ങളും നടത്തുന്നത് ശിക്ഷാർഹമായ കുറ്റമാണ്. ഇത്തരം അഭിപ്രായ പ്രകടനത്തിന് നിയമനടപടി കൈക്കൊള്ളുന്നതാണ്.
തൽസമയ വാർത്തകൾക്ക് മലയാള മനോരമ മൊബൈൽ ആപ് ഡൗൺലോഡ് ചെയ്യൂ
അവശ്യസേവനങ്ങൾ കണ്ടെത്താനും ഹോം ഡെലിവറി  ലഭിക്കാനും സന്ദർശിക്കു www.quickerala.com