ADVERTISEMENT

ഇന്നലെ അന്തരിച്ച മുൻ ഫിഡെ ലോക വൈസ് പ്രസിഡന്റ് പി.ടി.ഉമ്മർകോയയെ മിസോറം ഗവർണർ പി.എസ്. ശ്രീധരൻ പിള്ള അനുസ്മരിക്കുന്നു

പ്രാഥമിക വിദ്യാഭ്യാസത്തിനുശേഷം കാലിക്കറ്റ് സർവകലാശാലയിൽ സാധാരണ ജീവനക്കാരനായി ചേർന്ന ഒരാൾ ലോക ചെസിന്റെ അമരക്കാരിൽ ഒരാളായിത്തീർന്നുവെന്നതിനെ വിസ്മയം എന്നല്ലാതെ വിശേഷിപ്പിക്കാനാവില്ല. മലയാളമല്ലാതെ മറ്റു ഭാഷകളൊന്നും ഔപചാരിക വിദ്യാഭ്യാസത്തിന്റെ ഭാഗമായി പഠിച്ചിട്ടില്ലാത്ത ഒരാൾ ഇംഗ്ലിഷും ഹിന്ദിയും റഷ്യനും ഉൾപ്പെടെ പല ഭാഷകൾ അനായാസമായി കൈകാര്യം ചെയ്യുന്നതു കാണുമ്പോൾ അതിനെയും വിസ്മയമെന്നുതന്നെ വിളിക്കണം. ഇന്ത്യൻ ചെസിന് ലോക ഭൂപടത്തിൽ ഉന്നത സ്ഥാനം നേടിയെടുക്കാനും കോഴിക്കോടിനെ ചെസ് നഗരമാക്കി മാറ്റാനും കഴിഞ്ഞ കർമശാലിയായിരുന്നു ഉമ്മർകോയ. 

2001ൽ ഇറാനിൽ നടന്ന ഏഷ്യൻ ജൂനിയർ ചാംപ്യൻഷിപ്പിൽ എനിക്കു വെങ്കലം നേടാനായതിനു പിന്നിൽ ഉമ്മർകോയയുടെ പിന്തുണ ഏറെയായിരുന്നു. രാജ്യത്തെ 3 കളിക്കാരെ ചാംപ്യൻഷിപ്പിൽ പങ്കെടുപ്പിക്കാമെന്ന തീരുമാനം നിർണായകമായി. ഗ്രാൻഡ് മാസ്റ്റർ ടൂർണമന്റുകളിൽ വലിയ എൻട്രി ഫീസ് കൊടുക്കേണ്ടിയിരുന്ന കാലത്ത്, ജോലിയില്ലാതിരുന്ന എനിക്ക് ഫ്രീ എൻട്രി ഒരുക്കിത്തന്നതിൽ അദ്ദേഹത്തിന്റെ സഹായം ഉണ്ടായിരുന്നു.

കുറച്ചുകാലം ഇന്ത്യൻ ചെസ് ഫെഡറേഷന്റെ ഉപദേശകരിലൊരാളാവാൻ എനിക്ക് അവസരം ലഭിച്ചിരുന്നു. അക്കാലം ഉമ്മർകോയയെ അടുത്തറിയാനും കഴിഞ്ഞു. ഇന്ത്യയുടെ ചെസ് നഗരമെന്നറിയപ്പെടുംവിധം കോഴിക്കോടിനെ വാനോളമുയർത്താൻ അദ്ദേഹത്തിനു കഴിഞ്ഞത് അദ്ദേഹത്തിന്റെ തകരാത്ത ആത്മവിശ്വാസം കൊണ്ടായിരുന്നു. 

1996 മുതൽ 2006 വരെ ഉമ്മർകോയ ലോക ചെസ് ഫെഡറേഷന്റെ വൈസ് പ്രസിഡന്റായിരുന്ന കാലത്താണ് രാജ്യാന്തര ചെസ് ചാംപ്യൻമാർ പലരും ഇന്ത്യയിൽ നിന്നുണ്ടായത്. സംഘടനയിൽ പല വെല്ലുവിളികളെയും നേരിടാൻ നിർബന്ധിതനായ അദ്ദേഹത്തിന് പലപ്പോഴും പിടിച്ചുനിൽക്കാനാവാത്ത അവസ്ഥകളുണ്ടായത് എനിക്കു നേരിട്ടറിയാം. എന്നാൽ സുപ്രീം കോടതി വരെ നടത്തിയ നിയമപ്പോരാട്ടങ്ങളിൽ വിജയം നേടിയെടുക്കാൻ അദ്ദേഹത്തിനു കഴിഞ്ഞു. അദ്ദേഹത്തിന്റെ ആത്മവീര്യത്തിന്റെ മേൻമയായിരുന്നു അത്.

ഇവിടെ പോസ്റ്റു ചെയ്യുന്ന അഭിപ്രായങ്ങൾ മലയാള മനോരമയുടേതല്ല. അഭിപ്രായങ്ങളുടെ പൂർണ ഉത്തരവാദിത്തം രചയിതാവിനായിരിക്കും. കേന്ദ്ര സർക്കാരിന്റെ ഐടി നയപ്രകാരം വ്യക്തി, സമുദായം, മതം, രാജ്യം എന്നിവയ്ക്കെതിരായി അധിക്ഷേപങ്ങളും അശ്ലീല പദപ്രയോഗങ്ങളും നടത്തുന്നത് ശിക്ഷാർഹമായ കുറ്റമാണ്. ഇത്തരം അഭിപ്രായ പ്രകടനത്തിന് നിയമനടപടി കൈക്കൊള്ളുന്നതാണ്.
തൽസമയ വാർത്തകൾക്ക് മലയാള മനോരമ മൊബൈൽ ആപ് ഡൗൺലോഡ് ചെയ്യൂ
അവശ്യസേവനങ്ങൾ കണ്ടെത്താനും ഹോം ഡെലിവറി  ലഭിക്കാനും സന്ദർശിക്കു www.quickerala.com