ADVERTISEMENT

അനാഥനായൊരു പയ്യൻ പ്രൈമറി സ്കൂൾ തലത്തിൽതന്നെ വിദ്യാഭ്യാസം അവസാനിപ്പിക്കുന്നു. പിന്നീടു കാലിക്കറ്റ് സർവകലാശാലയിൽ ഒരു പമ്പ് ഓപ്പറേറ്ററുടെ ജോലി നേടിയെടുക്കുന്നു. കോഴിക്കോട് വലിയങ്ങാടി വാടിയിൽ പിലാക്കിൾ തൊടുക ഉമ്മർകോയയുടെ (പി.ടി.ഉമ്മർകോയ) ജീവിതകഥയുടെ ‘ഓപ്പണിങ്’ ഇങ്ങനെയാണ്. ജോലിയിലിരിക്കെ ചതുരംഗക്കളി ആ ചെറുപ്പക്കാരനെ ആകർഷിച്ചു എന്നത് വിധിയുടെ മനോഹരമായ മറ്റൊരു കരുനീക്കം. സർവകലാശാലയിൽ ഇംഗ്ലിഷ് പഠിപ്പിക്കാൻ വന്ന മികച്ച ചെസ് താരം കൂടിയായ പ്രഫ. സി.എ.ഷെപ്പേഡിന്റെ പരിശീലനത്തിലായിരുന്നു തുടക്കം. അതിവേഗം മലപ്പുറം ജില്ലാ ചാംപ്യനായ ഉമ്മർകോയ പക്ഷേ അതിനെക്കാൾ മികവു തെളിയിച്ചതു സംഘാടനത്തിലാണ്. 

അദ്ദേഹം കേരള ചെസ് അസോസിയേഷൻ സെക്രട്ടറിയായതോടെ ഇരുട്ടു പുതച്ച ഹാളുകളിൽ മെഴുകുതിരി കത്തിച്ചു നടത്തിവന്ന സംസ്ഥാന ചാംപ്യൻഷിപ്പുകൾ പഴങ്കഥയായി.

കോയാജി എന്നാണ് ഞാൻ പി.ടി.ഉമ്മർകോയയെ വിളിക്കുക. അത്രയ്ക്കാണ് അടുപ്പം. കോഴിക്കോടിനോടും കോയാജിയോടുമുള്ള അടുപ്പം തൊണ്ണൂറുകളിൽ തുടങ്ങുന്നു. 1998–99ലെ ദേശീയ എ ടൂർണമെന്റാണ് എന്റെ ഓർമയിൽ. 25 ദിവസത്തോളം നീണ്ട കോഴിക്കോടൻ ജീവിതം. പിന്നീട് ഒട്ടേറെ സന്ദർഭങ്ങൾ. പിന്നീടു ചില കാര്യങ്ങളിൽ വ്യത്യസ്താഭിപ്രായം ഉടലെടുത്തെങ്കിലും വ്യക്തിപരമായ സൗഹൃദത്തിൽ ഉലച്ചിലൊന്നുമുണ്ടായില്ല. എന്നെ ഒരുപാട് ഇഷ്ടമായിരുന്നു.

ദേശീയ ചാംപ്യൻഷിപ്പുകൾക്ക് കോഴിക്കോട്ടെ ഹോട്ടലുകൾ അരങ്ങുകളായി. ജൂനിയർ ലോക ചാംപ്യൻഷിപ് വരെ ഉമ്മർകോയയുടെ പരിശ്രമത്തിൽ കോഴിക്കോടിന്റെ ആതിഥ്യം സ്വീകരിച്ചെത്തി. 

മാതാപിതാക്കളോടൊപ്പം കോഴിക്കോട്ടു വന്ന തമിഴ്നാട്ടുകാരനായ വിശ്വനാഥൻ ആനന്ദ് എന്ന പയ്യൻ ലോക ജൂനിയർ ചാംപ്യൻഷിപ് കിരീടം നേടുമ്പോൾ ആതിഥേയന്റെ വേഷത്തിലായിരുന്നു ഉമ്മർകോയ. പിന്നീട് ആനന്ദിന്റെ ഉയർച്ചകൾക്കെല്ലാം അദ്ദേഹം ആദ്യ സാക്ഷിയായി. ആനന്ദിന്റെ ആദ്യ ജീവചരിത്ര ഗ്രന്ഥം ഇംഗ്ലിഷിൽ രചിച്ചതും അദ്ദേഹംതന്നെ. 

ചെസിനു വേണ്ടി മാറ്റിവച്ച ജീവിതമായിരുന്നു ഉമ്മർകോയയുടേത്. 1990–2005 കാലയളവിൽ ഒരുപാട് രാജ്യാന്തര ടൂർണമെന്റുകൾ അദ്ദേഹം ഇന്ത്യയിലേക്കു കൊണ്ടുവന്നു. പലവിധ പ്രശ്നങ്ങളാൽ ഏതെങ്കിലും ടൂർണമെന്റുകൾ മുടങ്ങിപ്പോവുമെന്ന അവസ്ഥയിൽ അദ്ദേഹം കോഴിക്കോട്ടു കൊണ്ടുവന്ന് അതു നടത്താറുണ്ടായിരുന്നു. 2004ൽ എന്റെ വിവാഹത്തിനും വന്നിരുന്നു അദ്ദേഹം.

1956ൽ രൂപംകൊണ്ട ഇന്ത്യൻ ചെസ് ഫെഡറേഷന്റെ സെക്രട്ടറിയായ ഉമ്മർകോയ ആർബിറ്ററായി പല രാജ്യങ്ങളിലുമെത്തി. കോമൺവെൽത്ത് ചെസ് അസോസിയേഷന്റെ സെക്രട്ടറിയാവുന്ന ആദ്യ മലയാളിയുമായി.

ഉമ്മർകോയയുടെ നേതൃത്വത്തിൽ ഒട്ടേറെ രാജ്യാന്തര ടൂർണമെന്റുകൾ നടന്നിട്ടുണ്ട്. വളർന്നുവരുന്ന താരങ്ങൾക്ക് രാജ്യാന്തര മത്സരങ്ങളിലെ പരിചയം അത്യാവശ്യമാണ്. അതുകൊണ്ടുതന്നെ ആ കാലഘട്ടത്തിലെ മറ്റു കളിക്കാരെപ്പോലെ എനിക്കും അതു വളരെയേറെ ഗുണം ചെയ്തു..

1996ൽ റഷ്യയിൽനിന്നുള്ള കിർസാൻ ഇല്യുഷനിനോവ് ലോക ചെസ് ഫെഡറേഷൻ (ഫിഡെ) പ്രസിഡന്റായപ്പോൾ അദ്ദേഹം വൈസ് പ്രസിഡന്റുമായി. കാലിക്കറ്റ് സർവകലാശാലയിൽ റഷ്യൻ ഭാഷ പഠിപ്പിക്കാൻ വന്ന വിദേശ വനിതയുടെ ശിക്ഷണത്തിൽ ആ ഭാഷ കൂടി സ്വായത്തമാക്കിയതിന്റെ ഫലം ലോകവേദികളിൽ അദ്ദേഹത്തെ തുണയ്ക്കുകയും ചെയ്തു. ഫിഡെ മത്സരങ്ങൾ ഇന്ത്യയിലേക്കു കൊണ്ടുവരാനായിരുന്നു അദ്ദേഹത്തിന്റെ പിന്നീടുള്ള ശ്രമങ്ങൾ. 

പിൽക്കാലത്ത് ചെസ് ഫെഡറേഷനിലുണ്ടായ അധികാര വടംവലികൾ ഉമ്മർകോയയെ കോടതി കയറ്റി. കോഴിക്കോട്ട് ആസ്ഥാനമായി പ്രവർത്തിച്ചിരുന്ന അഖിലേന്ത്യാ ചെസ് ഫെഡറേഷൻ അംഗീകാരം റദ്ദാക്കണമെന്നു കാട്ടി തമിഴ്നാടും മഹാരാഷ്ട്രയും ഡൽഹിയുമൊക്കെ ചേർന്ന് സമർപ്പിച്ച ഹർജികൾ അദ്ദേഹത്തെ വലച്ചു. ഇതിനിടയിൽ, രോഗബാധിതനാവുകയും ചെയ്തതോടെ പന്നിയങ്കരയിലെ നജു റിവാജ് എന്നു പേരുള്ള വസതിയിൽ വിശ്രമത്തിലായി അദ്ദേഹം. 

English Summary: PT Ummer Koya: The Malayalee Ambassador of Chess

ഇവിടെ പോസ്റ്റു ചെയ്യുന്ന അഭിപ്രായങ്ങൾ മലയാള മനോരമയുടേതല്ല. അഭിപ്രായങ്ങളുടെ പൂർണ ഉത്തരവാദിത്തം രചയിതാവിനായിരിക്കും. കേന്ദ്ര സർക്കാരിന്റെ ഐടി നയപ്രകാരം വ്യക്തി, സമുദായം, മതം, രാജ്യം എന്നിവയ്ക്കെതിരായി അധിക്ഷേപങ്ങളും അശ്ലീല പദപ്രയോഗങ്ങളും നടത്തുന്നത് ശിക്ഷാർഹമായ കുറ്റമാണ്. ഇത്തരം അഭിപ്രായ പ്രകടനത്തിന് നിയമനടപടി കൈക്കൊള്ളുന്നതാണ്.
തൽസമയ വാർത്തകൾക്ക് മലയാള മനോരമ മൊബൈൽ ആപ് ഡൗൺലോഡ് ചെയ്യൂ
അവശ്യസേവനങ്ങൾ കണ്ടെത്താനും ഹോം ഡെലിവറി  ലഭിക്കാനും സന്ദർശിക്കു www.quickerala.com