ADVERTISEMENT

തിരുവനന്തപുരം ∙ 2018ലെ ജി.വി.രാജ അവാർഡിന് (3 ലക്ഷം രൂപ) അത്‌ലീറ്റ് വൈ.മുഹമ്മദ് അനസും ബാഡ്മിന്റൻ താരം പി.സി.തുളസിയും അർഹരായി. 2018 ജക്കാർത്ത ഏഷ്യൻ ഗെയിംസിലെ 400 മീറ്ററിലെ വെള്ളി മെഡൽ നേട്ടം അനസിനെയും 2014 ഏഷ്യൻ ഗെയിംസിലെ വെങ്കല മെഡലും യൂബർ കപ്പിലെ നേട്ടവും തുളസിയെയും പുരസ്‌കാരങ്ങൾക്ക് അർഹരാക്കിയതായി മന്ത്രി ഇ.പി.ജയരാജൻ അറിയിച്ചു. 

ഒളിംപ്യൻ സുരേഷ് ബാബു ലൈഫ് ടൈം അച്ചീവ്‌മെന്റ് അവാർഡ് (2 ലക്ഷം രൂപ) ജംപ് പരിശീലകൻ ടി.പി.ഔസേപ്പിനാണ്. മികച്ച കായിക പരിശീലകനുള്ള അവാർഡിന് (ഒരു ലക്ഷം രൂപ) ഫുട്‌ബോൾ കോച്ച് സതീവൻ ബാലൻ അർഹനായി. മറ്റ് അവാർഡുകൾ (50,000 രൂപ): കോളജ് കായികാധ്യാപകൻ – കണ്ണൂർ എസ്എൻ കോളജിലെ ഡോ. കെ.അജയകുമാർ. സ്പോർട്സ് ഹോസ്റ്റൽ സ്കൂൾ താരം: സാന്ദ്ര ബാബു (കോതമംഗലം മാർ അത്തനേഷ്യസ് അക്കാദമി), കോളജ് താരം: നിബിൻ ബൈജു (ഇരിങ്ങാലക്കുട ക്രൈസ്റ്റ്). വനിതാ താരം: വി.കെ.വിസ്മയ (ചങ്ങനാശേരി അസംപ്ഷൻ കോളജ്).   

സ്കൂൾ കായികാധ്യാപകൻ: കെ.സുരേന്ദ്രൻ (പാലക്കാട് മാത്തൂർ സിഎഫ്ഡിഎച്ച്എസ്). മികച്ച കോളജ്: ഇരിങ്ങാലക്കുട ക്രൈസ്റ്റ്, സ്‌കൂൾ: കോഴിക്കോട് പുല്ലൂരാംപാറ സെന്റ് ജോസഫ്സ്.  പുസ്തകം: ബി.ടി.സിജിൻ, ഡോ.ആർ.ഇന്ദുലേഖ എന്നിവർ രചിച്ച 'ഒരു ഫുട്‌ബോൾ ഭ്രാന്തന്റെ ഡയറി’, ചാനൽ റിപ്പോർട്ട്: ജോബി ജോർജ് (ഏഷ്യാനെറ്റ് ന്യൂസ്), പത്രം: തോമസ് വർഗീസ് (ദീപിക), ഫൊട്ടോഗ്രഫി: ജഗത് ലാൽ (ദേശാഭിമാനി). 

പ്രത്യേക പുരസ്കാരം (10,001 രൂപ):  ബാഡ്മിന്റൻ താരം അപർണ ബാലൻ, ദീപക് ധർമടം (അമൃത ടിവി), ഡോ. കെ.എ.രാജു (തേവര എസ്എച്ച് കോളജ്), എം.എം.ജാഫർ ഖാൻ (സ്പോർട്സ് ലേഖകൻ). 

ആൻസിക്ക് സ്കോളർഷിപ്

ദേശീയ സീനിയർ സ്കൂൾ മീറ്റിൽ മികച്ച പ്രകടനം കാഴ്ചവച്ച കായികതാരം ആൻസി സോജനു പരിശീലനത്തിനു പ്രതിമാസം 15,000 രൂപ വീതം സർക്കാർ നൽകുമെന്നു മന്ത്രി ഇ.പി.ജയരാജൻ. എ.പി.ജെ.അബ്ദുൽ കലാം സ്‌കോളർഷിപ്പിൽ ഉൾപ്പെടുത്തിയാണ് ഈ തുക നൽകുക. 

നിരസിച്ച് അപർണ

കൊച്ചി ∙ ജി.വി.രാജ അവാർഡിനു പരിഗണിക്കാത്തതിൽ പ്രതിഷേധിച്ച് പ്രത്യേക പുരസ്കാരം ബാഡ്മിന്റൻ താരം അപർണ ബാലൻ നിരസിച്ചു. ‘എന്നെ അപമാനിക്കും പോലെയാണിത്. 20 വർഷമായി ഞാൻ ബാഡ്മിന്റൻ കളിക്കുന്നു. കോമൺവെൽത്ത് ഗെയിംസിലെ വെള്ളിയും സാഫ് ഗെയിംസിലെ സ്വർണ മെഡലുകളും അടക്കം ഒട്ടേറെ നേട്ടങ്ങൾ സ്വന്തമാക്കി.

9 വർഷം ദേശീയ ചാംപ്യൻപട്ടം നേടിയ ഡബിൾസ് ടീമുകളിലെ അംഗമായിരുന്നു. ഇതൊന്നും പരിഗണിച്ചിട്ടില്ല. 2010ലെ കോമൺവെൽത്ത് ഗെയിംംസ് വെള്ളി നേടിയ ടീമിലെ 4 മലയാളികളിൽ 3 പേർക്ക് ഇതിനകം ജി.വി.രാജ അവാർഡ് നൽകി. എനിക്കു മാത്രമാണ് നൽകാത്തത്. മാനദണ്ഡം മാറ്റിയെന്നാണു പറയുന്നത്. മാനദണ്ഡം മാറ്റി ഇഷ്ടമുള്ളവർക്കു കൊടുക്കാനുള്ളതാണോ ഈ അവാർഡ്’ – അപർണ ചോദിച്ചു. 

ഇവിടെ പോസ്റ്റു ചെയ്യുന്ന അഭിപ്രായങ്ങൾ മലയാള മനോരമയുടേതല്ല. അഭിപ്രായങ്ങളുടെ പൂർണ ഉത്തരവാദിത്തം രചയിതാവിനായിരിക്കും. കേന്ദ്ര സർക്കാരിന്റെ ഐടി നയപ്രകാരം വ്യക്തി, സമുദായം, മതം, രാജ്യം എന്നിവയ്ക്കെതിരായി അധിക്ഷേപങ്ങളും അശ്ലീല പദപ്രയോഗങ്ങളും നടത്തുന്നത് ശിക്ഷാർഹമായ കുറ്റമാണ്. ഇത്തരം അഭിപ്രായ പ്രകടനത്തിന് നിയമനടപടി കൈക്കൊള്ളുന്നതാണ്.
തൽസമയ വാർത്തകൾക്ക് മലയാള മനോരമ മൊബൈൽ ആപ് ഡൗൺലോഡ് ചെയ്യൂ
അവശ്യസേവനങ്ങൾ കണ്ടെത്താനും ഹോം ഡെലിവറി  ലഭിക്കാനും സന്ദർശിക്കു www.quickerala.com