ADVERTISEMENT

ജപ്പാനിൽ വിമാനമിറങ്ങി എവിടെ നോക്കിയാലും ഈ 5 പേരെ കാണാം. വിമാനത്താവളത്തിൽ, പരസ്യബോർഡുകളിൽ, കോളാ കുപ്പികളിൽ, ടിവി ചാനലുകളിൽ എവിടെയും എപ്പോഴും ഈ 5 യുവാക്കൾ ഉണ്ടാവും. ഈ യുവസംഘത്തിന്റെ പേരാണ് ‘അറാഷി.’ ജെ–പോപ് എന്നറിയപ്പെടുന്ന ജാപ്പനീസ് പോപ് സംഗീതത്തിലെ ത്രസിപ്പിക്കുന്ന യുവ ബാൻഡ്. ഇവരെന്നു പറഞ്ഞാൽ ഒഹ്നോ സതോഷി, സാകുറായി ഷോ, ഐബ മസാകി, നിനോമിയ കസുനറി, മത്‌സുമോട്ടോ ജുൻ എന്നിവർ. ജപ്പാനിൽ മാത്രമല്ല ചൈന, സിംഗപ്പുർ, മലേഷ്യ, ഇന്തൊനീഷ്യ, ഫിലിപ്പീൻസ് എന്നിവിടങ്ങളിലും വൻ ആരാധകസംഘമുണ്ട് അറാഷി ബാൻഡിന്.

1999ൽ രൂപംകൊടുക്കുമ്പോൾ ഈ 5 പേരും പൊടിപ്പയ്യൻമാരായിരുന്നു. സതോഷിക്ക് 19 വയസ്സ്. സാകുറായിക്കും മസാകിക്കും 17 വയസ്സ്. കസുനറിക്കും മത്‌സുമോട്ടോയ്ക്കും 16. കൗമാര പ്രതിഭകളെ കണ്ടെത്തി അവതരിപ്പിക്കുന്ന ഒരു കമ്പനിയാണ് ഇവരുടെ പരിപാടി ആദ്യമായി സംഘടിപ്പിച്ചത്. പക്ഷേ, പിള്ളേരു കയറിയങ്ങു ഹിറ്റായി. വെറും ഹിറ്റല്ല, ബ്ലോക്ക് ബസ്റ്റർ. ഇവരുടെ ആദ്യ പാട്ടുതന്നെ തരംഗമായി. ജപ്പാൻ ആതിഥേയത്വം വഹിച്ച വോളിബോൾ ലോകകപ്പിന്റെ അവതരണഗാനമായി തിരഞ്ഞെടുക്കപ്പെട്ടതോടെ അറാഷിയുടെ വരതെളിഞ്ഞു. പിന്നീടങ്ങോട്ടു കുതിപ്പിന്റെ കാലമായിരുന്നു.

കോടിക്കണക്കിന് ആരാധകരെ സമ്പാദിച്ച് ബാൻഡ് പാടി മുന്നേറി. ഈ വർഷം നടക്കുന്ന ടോക്കിയോ ഒളിംപിക്സിനു മുന്നോടിയായി, ചൈനയുമായുള്ള സൗഹൃദം വളർത്താനുള്ള ശ്രമങ്ങളുടെ ഗുഡ്‌വിൽ അംബാസഡർമാരായി ജപ്പാൻ സർക്കാർ തിരഞ്ഞെടുത്തതും അറാഷിയെയാണ്. പ്രായമായെങ്കിലും 5 പേരും ഇപ്പോഴും ജപ്പാനിലെ സൂപ്പർതാരങ്ങൾ തന്നെ. സതോഷിക്ക് 40 വയസ്സായി. സാകുറായിക്കും മസാകിക്കും 38. കസുനറിക്കും മത്‍‌സുമോട്ടോയ്ക്കും 37. എങ്കിലും ഇവരുണ്ടാക്കുന്ന ആവേശത്തിന് കുറവൊട്ടുമില്ല.

അറാഷി എന്ന ജാപ്പനീസ് വാക്കിനു കൊടുങ്കാറ്റ് എന്നാണർഥം. ആസ്വാദകരിൽ ആനന്ദത്തിന്റെ കൊടുങ്കാറ്റ് ഉയർത്തിവിടുന്നവർക്കു പറ്റിയ പേര്. അറാഷിയെ കേൾക്കാൻ ഇടിച്ചുകൂടി നിൽക്കുന്ന ആരാധകരെ സങ്കടപ്പെടുത്തുന്ന ഒരു സംഗതിയുണ്ട്. ഈ വർഷം ഒടുവിലോടെ ബാൻഡ് പിരിച്ചുവിടുമെന്നാണു പ്രഖ്യാപനം. ആരാധകരുടെ ചങ്ക് തകരാൻ മറ്റെന്തുവേണം! 

ഇവിടെ പോസ്റ്റു ചെയ്യുന്ന അഭിപ്രായങ്ങൾ മലയാള മനോരമയുടേതല്ല. അഭിപ്രായങ്ങളുടെ പൂർണ ഉത്തരവാദിത്തം രചയിതാവിനായിരിക്കും. കേന്ദ്ര സർക്കാരിന്റെ ഐടി നയപ്രകാരം വ്യക്തി, സമുദായം, മതം, രാജ്യം എന്നിവയ്ക്കെതിരായി അധിക്ഷേപങ്ങളും അശ്ലീല പദപ്രയോഗങ്ങളും നടത്തുന്നത് ശിക്ഷാർഹമായ കുറ്റമാണ്. ഇത്തരം അഭിപ്രായ പ്രകടനത്തിന് നിയമനടപടി കൈക്കൊള്ളുന്നതാണ്.
തൽസമയ വാർത്തകൾക്ക് മലയാള മനോരമ മൊബൈൽ ആപ് ഡൗൺലോഡ് ചെയ്യൂ
അവശ്യസേവനങ്ങൾ കണ്ടെത്താനും ഹോം ഡെലിവറി  ലഭിക്കാനും സന്ദർശിക്കു www.quickerala.com