ADVERTISEMENT

‘വോളിബോൾ കോർട്ടിലെ മൂലാട് ബ്രദേഴ്സിന്റെ സ്മാഷുകൾക്കു കരുത്തും വേഗവും കൂട്ടിയതു മലയാള മനോരമയുടെ ക്ലബ് പുരസ്കാരമാണ്. മൂന്നരപ്പതിറ്റാണ്ടിലധികം നീണ്ട ഞങ്ങളുടെ ക്ലബ് ചരിത്രത്തിലെ ഏറ്റവും വലിയ സുവർണ മുഹൂർത്തമായിരുന്നു മനോരമയുടെ ആദരം’ – കഴിഞ്ഞ വർഷത്തെ ബെസ്റ്റ് സ്പോർട്സ് ക്ലബ് പുരസ്കാരത്തിൽ 2–ാം സ്ഥാനം നേടിയ കോഴിക്കോട് കോട്ടൂർ പഞ്ചായത്തിലെ മൂലാട് ബ്രദേഴ്സ് ക്ലബ്ബിന്റെ മുഖ്യ സംഘാടകരിലൊരാളായ എൻ.ബാബുവിന്റെ വാക്കുകളിൽ നിറയുന്നത് ആവേശം.

സി.കെ.രതീഷ്, എൻ.ജിതിൻ, എസ്.രേഖ എന്നിവരിലൂടെ മൂലാടിന്റെ വോളിപ്പെരുമ കേരള ടീമിൽ നിറഞ്ഞുനിൽക്കാൻ തുടങ്ങിയിട്ടു നാളേറെയായി. എന്നാൽ, വോളിബോൾ ആരാധകർക്ക് വളരെ പണ്ടു മുതലേ മൂലാടിന്റെ വോളിപ്രേമത്തെപ്പറ്റി അറിയാം, കോട്ടൂരിലും മൂലാടിലും നിന്നു വന്ന സൂപ്പർ താരങ്ങളെ അറിയാം. കഴിഞ്ഞ വർഷം മനോരമയുടെ പുരസ്കാരം കിട്ടിയതു ക്ലബ് ആഘോഷമാക്കി മാറ്റി. പുരസ്കാരത്തുകയായ 2 ലക്ഷം രൂപകൊണ്ട് പുതിയ കോർട്ടിന്റെ പണികൾ തീർത്തു.

വെയ്റ്റ് ട്രെയിനിങ്ങിനായി ഉപകരണങ്ങൾ വാങ്ങി. തൊട്ടടുത്തുതന്നെ മറ്റൊരു കോർട്ടിനുള്ള ഒരുക്കങ്ങൾ വേഗത്തിൽ പുരോഗമിക്കുന്നുമുണ്ട്.  ദിവസവും രാവിലെയും വൈകിട്ടുമായി നൂറോളം കുട്ടികൾ ഇവിടെ ഇപ്പോൾ പരിശീലനം നടത്തുന്നു. സംസ്ഥാന, ജില്ലാ ടീമുകളിൽ മൂലാട് താരങ്ങൾ ഇടംപിടിച്ചു. കിരീടങ്ങൾ നേടിയ ടീമുകളിൽ മൂലാട് താരങ്ങൾ തിളങ്ങി...

moolad-ground
നിർ‌മാണം പുരോഗമിക്കുന്ന രണ്ടാമത്തെ വോളി കോർട്ട്.

 മലബാർ കുതിപ്പ്

ആദ്യ വർഷം 2–ാം സ്ഥാനം. കഴിഞ്ഞ വർഷം 3–ാം സ്ഥാനം. കഴിഞ്ഞ രണ്ടു തവണയും പുരസ്കാരപ്പട്ടികയിൽ ഇടംപിടിക്കാൻ കഴിഞ്ഞ ഒരേയൊരു ക്ലബ്ബാണു കോഴിക്കോട് പുല്ലൂരാംപാറ മലബാർ സ്പോർട്സ് അക്കാദമി. കഴിഞ്ഞ വർഷം ലഭിച്ച ഒരു ലക്ഷം രൂപ ഉപയോഗിച്ചു പുതിയ ജിംനേഷ്യത്തിലേക്ക് ഉപകരണങ്ങൾ വാങ്ങി. അക്കാദമി നടത്തുന്ന പരിശീലന ക്യാംപിൽ അംഗമാകാൻ അപേക്ഷകരുടെ തിരക്കാണ്. 

കേരളത്തിന്റെ വിവിധ ഭാഗങ്ങളിൽനിന്നുള്ളവർ ഇപ്പോൾ മലബാറിലുണ്ട്. കഴിഞ്ഞ വർഷം സംസ്ഥാന ഇന്റർ ക്ലബ് അത്‍ലറ്റിക്സിൽ മലബാർ അക്കാദമി 2–ാം സ്ഥാനക്കാരായി. സംസ്ഥാന സ്കൂൾ അത്‍ലറ്റിക്സിലും മികച്ച പ്രകടനം. അക്കാദമിയിലൂടെ വളർന്ന അപർണ റോയി രാജ്യാന്തര നേട്ടം സ്വന്തമാക്കി. ലിസ്ബത്ത് കരോളിൻ ജോസഫും ദേശീയ മീറ്റുകളിൽ തിളങ്ങി.

ഇവിടെ പോസ്റ്റു ചെയ്യുന്ന അഭിപ്രായങ്ങൾ മലയാള മനോരമയുടേതല്ല. അഭിപ്രായങ്ങളുടെ പൂർണ ഉത്തരവാദിത്തം രചയിതാവിനായിരിക്കും. കേന്ദ്ര സർക്കാരിന്റെ ഐടി നയപ്രകാരം വ്യക്തി, സമുദായം, മതം, രാജ്യം എന്നിവയ്ക്കെതിരായി അധിക്ഷേപങ്ങളും അശ്ലീല പദപ്രയോഗങ്ങളും നടത്തുന്നത് ശിക്ഷാർഹമായ കുറ്റമാണ്. ഇത്തരം അഭിപ്രായ പ്രകടനത്തിന് നിയമനടപടി കൈക്കൊള്ളുന്നതാണ്.
തൽസമയ വാർത്തകൾക്ക് മലയാള മനോരമ മൊബൈൽ ആപ് ഡൗൺലോഡ് ചെയ്യൂ
അവശ്യസേവനങ്ങൾ കണ്ടെത്താനും ഹോം ഡെലിവറി  ലഭിക്കാനും സന്ദർശിക്കു www.quickerala.com