ADVERTISEMENT

അസുഖം ബാധിച്ച കാൽ മുറിച്ചു മാറ്റേണ്ടി വരുമെന്നു വരെ ഡോക്ടർ പറഞ്ഞിടത്തു നിന്നാണ് ചിത്തരേശ് നടേശൻ എന്ന മലയാളി ഇന്ന് മിസ്റ്റർ യൂണിവേഴ്സായി ലോകത്തിനു മുൻപിൽ മസിൽ പെരുപ്പിച്ചു നിൽക്കുന്നത്. ഇന്ത്യയിൽ നിന്നുള്ള ആദ്യത്തെ മിസ്റ്റർ യൂണിവേഴ്സ്. ഇന്ത്യയുടെ ‘അർണോൾഡ് ഷ്വാസ്നെഗർ’ എന്നു ചിത്തരേശിനെ വിശേഷിപ്പിക്കുന്നതിലും തെറ്റില്ല. കാരണം 1967ൽ തന്റെ ഇരുപത്തിമൂന്നാം വയസ്സിൽ അർണോൾഡ് നേടിയ ചാംപ്യൻപട്ടമാണ് ഇപ്പോൾ മുപ്പത്തിമൂന്നുകാരൻ ചിത്തരേശിനൊപ്പമുള്ളത്. മിസ്റ്റർ ഏഷ്യയും മിസ്റ്റർ വേൾഡുമൊക്കെ ആയിട്ടുണ്ട് ചിത്തരേശ്. എന്നാൽ, ആ മസിൽ ഭംഗി ലോകമറിഞ്ഞതു കഴിഞ്ഞ വർഷം ദക്ഷിണ കൊറിയയിൽ നടന്ന ലോക ബോഡി ബിൽഡിങ് ആൻഡ് ഫിസിക് സ്പോർട്സ് ചാംപ്യൻഷിപ്പിൽ മിസ്റ്റർ യൂണിവേഴ്സായി തിരഞ്ഞെടുക്കപ്പെട്ടപ്പോഴാണ്.

കൊച്ചി വടുതലയിൽനിന്ന് മിസ്റ്റർ യൂണിവേഴ്സ് വിജയത്തിലേക്കുള്ള ചിത്തരേശിന്റെ യാത്ര അത്ര എളുപ്പമായിരുന്നില്ല. പ്രതിസന്ധികളിൽ തളരാത്ത പോരാട്ട വീര്യമായിരുന്നു കൈമുതൽ. ചെറുപ്പത്തിൽ ഹോക്കിയിലായിരുന്നു താൽപര്യം; കൂടെ ബോഡി ബിൽഡിങ്ങും. കൊച്ചിയിലെ സ്കൂൾ വിദ്യാഭ്യാസത്തിനു ശേഷം തിരുവനന്തപുരം ലക്ഷ്മിഭായ് നാഷനൽ കോളജ് ഓഫ് ഫിസിക്കൽ എജ്യുക്കേഷനിൽ (എൽഎൻസിപിഇ) നിന്നു ബിരുദം നേടി. 2007 മുതൽ ഡൽഹിയിൽ റെജുവിനേഷൻ ഫിറ്റ്നസ് ഗ്രൂപ്പിൽ ട്രെയിനറായി.

പിന്നീട് ബോഡി ബിൽഡിങ്ങിലായി ശ്രദ്ധ. എന്നാൽ, 2010–13 കാലം ചിത്തരേശിനു പ്രതിസന്ധികളുടെ വർഷമായിരുന്നു. കാലിനേറ്റ പരുക്കും അണുബാധയും ചിത്തരേശിനെ കു‌റേക്കാലം ആശുപത്രിയിലാക്കി. കാലിന്റെ കാര്യം മറന്നേക്കാൻ വരെ ഡോക്ടർമാർ വിധിയെഴുതി. ഒരു വർഷത്തോളം പരിശീലനം നഷ്ടമായി. പക്ഷേ, തോൽക്കാൻ‌ ചിത്തരേശിന്റെ മനസ്സും ശരീരവും തയാറായിരുന്നില്ല.അസുഖം ഭേദമായി. 2014 മുതൽ പ്രഫഷനൽ ബോഡി ബിൽഡിങ്ങിൽ ശ്രദ്ധ കേന്ദ്രീകരിച്ചു. 2015 മുതൽ 2018 വരെ നാലു വർഷം തുടർച്ചയായി മിസ്റ്റർ ഡൽഹിയും മിസ്റ്റർ ഇന്ത്യയുമായി. പിന്നീട് മിസ്റ്റർ ഏഷ്യയും മിസ്റ്റർ വേൾഡുമായി; 2019 നവംബറിൽ മിസ്റ്റർ യൂണിവേഴ്സും.

ആ നേട്ടത്തിനു പിന്നിലുള്ള കഠിനാധ്വാനം വളരെ വലുതായിരുന്നു. വടുതല ഗണപതി ക്ഷേത്രത്തിനു സമീപത്തെ ചെറിയ വീട്ടിൽനിന്നാണു മിസ്റ്റർ യൂണിവേഴ്സായി ചിത്തരേശ് വളർന്നത്. ഇഷ്ട ഭക്ഷണവും, ചടങ്ങുകളും ആഘോഷങ്ങളുമൊക്കെ ഉപേക്ഷിച്ചു. ചിട്ടയായ ഭക്ഷണക്രമം പിൻതുടർന്നു. ജിംനേഷ്യത്തിൽ പരിശീലനത്തിനായി മണിക്കൂറുകൾ ചെലവിട്ടു. സാമ്പത്തിക ബുദ്ധിമുട്ടുകളുണ്ടായി. കടം വാങ്ങിയാണെങ്കിലും പരിശീലനം മുടക്കിയില്ല. മലയാളി കോച്ച് എം.പി. സാഗറിനു കീഴിലുള്ള പരിശീലനം വിജയവഴികളിൽ ചിത്തരേശിനു കൂട്ടായി.

ചിത്തരേശിന്റെ വാട്സാപ് സ്റ്റാറ്റസിൽ ഇങ്ങനെ എഴുതിയിട്ടുണ്ട്– ‘എന്റെ ഭാര്യയാണ് എന്റെ ജീവിതം’. ഉസ്ബെക്കിസ്ഥാൻ സ്വദേശിയായ നസീബയാണ് ചിത്തരേശിന്റെ ഭാര്യ. പ്രതിസന്ധികളിൽനിന്നു കരകയറാൻ ചിത്തരേശിന് ഊർജമായത് നസീബയുടെ സാന്നിധ്യമായിരുന്നു.

English Summary: Chitharesh Natesan: India's First Mr Universe

ഇവിടെ പോസ്റ്റു ചെയ്യുന്ന അഭിപ്രായങ്ങൾ മലയാള മനോരമയുടേതല്ല. അഭിപ്രായങ്ങളുടെ പൂർണ ഉത്തരവാദിത്തം രചയിതാവിനായിരിക്കും. കേന്ദ്ര സർക്കാരിന്റെ ഐടി നയപ്രകാരം വ്യക്തി, സമുദായം, മതം, രാജ്യം എന്നിവയ്ക്കെതിരായി അധിക്ഷേപങ്ങളും അശ്ലീല പദപ്രയോഗങ്ങളും നടത്തുന്നത് ശിക്ഷാർഹമായ കുറ്റമാണ്. ഇത്തരം അഭിപ്രായ പ്രകടനത്തിന് നിയമനടപടി കൈക്കൊള്ളുന്നതാണ്.
തൽസമയ വാർത്തകൾക്ക് മലയാള മനോരമ മൊബൈൽ ആപ് ഡൗൺലോഡ് ചെയ്യൂ
അവശ്യസേവനങ്ങൾ കണ്ടെത്താനും ഹോം ഡെലിവറി  ലഭിക്കാനും സന്ദർശിക്കു www.quickerala.com