ADVERTISEMENT

ന്യൂഡൽഹി∙ കബഡി ടൂർണമെന്റിനായി ഇന്ത്യൻ താരങ്ങൾ പാക്കിസ്ഥാനിലേക്കു പോയത് സ്വന്തം നിലയ്ക്കെന്നു പരിശീലകൻ ഹർപ്രീത് സിങ് ബാബ. കേന്ദ്ര വിദേശകാര്യ, കായിക മന്ത്രാലയങ്ങളുടെ അനുമതിയില്ലാതെ താരങ്ങൾ പാക്കിസ്ഥാനിലേക്കു പോയതു സംബന്ധിച്ച വിവാദം കനത്തതിനു പിന്നാലെയാണു ടീമിനൊപ്പമുള്ള പരിശീലകന്റെ വിശദീകരണം. താരങ്ങൾ സ്വന്തം നിലയ്ക്കു പോയതിനാൽ, മന്ത്രാലയങ്ങളുടെ അനുമതി ആവശ്യമില്ലെന്നാണു ഹർപ്രീതിന്റെ വാദം. സമാന രീതിയിൽ ടൂർണമെന്റുകളിൽ പങ്കെടുക്കാൻ മറ്റു രാജ്യങ്ങളിലേക്കും താരങ്ങൾ മുൻപ് പോയിട്ടുണ്ടെന്നും അദ്ദേഹം കൂട്ടിച്ചേർത്തു.

എന്നാൽ, കായിക മേഖലയിൽ പാക്കിസ്ഥാനും ഇന്ത്യയും തമ്മിൽ ഒരുവിധ ബന്ധവും നിലവിലില്ലാത്ത സാഹചര്യത്തിൽ, ആരെയും അറിയിക്കാതെയുള്ള ടീമിന്റെ യാത്ര അംഗീകരിക്കാനാവില്ലെന്നും താരങ്ങൾക്കു വിലക്കേർപ്പെടുത്തുന്നതു പരിഗണിക്കുമെന്നും കായിക മന്ത്രാലയ വൃത്തങ്ങൾ അറിയിച്ചു. വിജയികൾക്കുള്ള ഭീമമായ സമ്മാനത്തുക കണ്ടാവാം താരങ്ങൾ ടൂർണമെന്റിനു പോയതെന്നാണു ദേശീയ കബഡി ഫെഡറേഷന്റെ നിഗമനം. ഒരു കോടി രൂപയാണു ചാംപ്യൻമാർക്കുള്ള സമ്മാനത്തുക. രണ്ടാം സ്ഥാനക്കാർക്ക് 75 ലക്ഷം രൂപ.

ഭൂരിഭാഗവും പഞ്ചാബിൽ നിന്നുള്ളവർ ഉൾപ്പെട്ട 60 അംഗ സംഘമാണു കഴിഞ്ഞ ദിവസം വാഗാ അതിർത്തി വഴി പാക്കിസ്ഥാനിലേക്കു പോയത്. ഇത്രയുമധികം പേർ എങ്ങനെ പാക്ക് വീസ തരപ്പെടുത്തിയെന്നു വിദേശകാര്യ മന്ത്രാലയം പരിശോധിക്കുന്നുണ്ട്.

അതേസമയം, ലോക ചാംപ്യൻഷിപ്പെന്ന പേരിൽ പാക്കിസ്ഥാൻ കബഡി അസോസിയേഷൻ സംഘടിപ്പിക്കുന്ന ടൂർണമെന്റിന് അംഗീകാരമില്ലെന്നു രാജ്യാന്തര അസോസിയേഷൻ വ്യക്തമാക്കി. ദേശീയ ഫെഡറേഷന്റെ അനുമതിയില്ലാതെ പോയ താരങ്ങൾക്ക് ഇന്ത്യയുടെ പേരിൽ മത്സരിക്കാനാവില്ലെന്ന് ഇന്ത്യൻ ഒളിംപിക് അസോസിയേഷൻ (ഐഒഎ) പ്രസിഡന്റ് നരീന്ദർ ബത്ര പറഞ്ഞു. ടീമിന് ഐഒഎയുടെ അംഗീകാരമില്ലെന്നും അദ്ദേഹം കൂട്ടിച്ചേർത്തു.

English Summary: Indian Kabaddi team arrives in Pakistan for World Cup without permission

ഇവിടെ പോസ്റ്റു ചെയ്യുന്ന അഭിപ്രായങ്ങൾ മലയാള മനോരമയുടേതല്ല. അഭിപ്രായങ്ങളുടെ പൂർണ ഉത്തരവാദിത്തം രചയിതാവിനായിരിക്കും. കേന്ദ്ര സർക്കാരിന്റെ ഐടി നയപ്രകാരം വ്യക്തി, സമുദായം, മതം, രാജ്യം എന്നിവയ്ക്കെതിരായി അധിക്ഷേപങ്ങളും അശ്ലീല പദപ്രയോഗങ്ങളും നടത്തുന്നത് ശിക്ഷാർഹമായ കുറ്റമാണ്. ഇത്തരം അഭിപ്രായ പ്രകടനത്തിന് നിയമനടപടി കൈക്കൊള്ളുന്നതാണ്.
തൽസമയ വാർത്തകൾക്ക് മലയാള മനോരമ മൊബൈൽ ആപ് ഡൗൺലോഡ് ചെയ്യൂ
അവശ്യസേവനങ്ങൾ കണ്ടെത്താനും ഹോം ഡെലിവറി  ലഭിക്കാനും സന്ദർശിക്കു www.quickerala.com