sections
MORE

രാഷ്ട്രീയമല്ല, രാജ്യത്തിനൊരു മെഡൽ! : സൈന നെഹ്‌വാൾ സംസാരിക്കുന്നു

Saina Nehwal
സൈന നെഹ്‌വാൾ
SHARE

രാഷ്ട്രീയ പ്രവേശനത്തിന്റെയും ഒളിംപിക്സ് തയാറെടുപ്പു കളുടെയും പശ്ചാത്തലത്തിൽ ഇന്ത്യൻ ബാഡ്മിന്റൻ താരം സൈന നെഹ്‌വാൾ സംസാരിക്കുന്നു

ബാഡ്മിന്റൻ കോർട്ടിലെ അപ്രതീക്ഷിത നീക്കങ്ങളാണ് സൈന നെഹ്‌വാളിന്റെ കരുത്ത്. എതിരാളി പോയിന്റെന്നുറപ്പിച്ച സ്മാഷുകൾ പോലും കോരിയെടുത്ത് സ്വന്തം നേട്ടമാക്കി മാറ്റും. ജീവിതത്തിലും അതേ പാത തന്നെയാണു പിന്തുടരുന്നത്. ആർക്കും പിടികിട്ടാത്ത അപ്രതീക്ഷിത ആംഗിളിൽ നിന്നാണു സൈന തന്റെ റാക്കറ്റിൽ ഇപ്പോൾ രാഷ്ട്രീയത്തെ കോരിയെടുത്തിരിക്കുന്നത്. രാഷ്ട്രീയത്തിലേക്കുള്ള ചുവടുവയ്പിനെക്കുറിച്ച്, ടോക്കിയോ ഒളിംപിക്സിനുള്ള തയാറെടുപ്പുകളെക്കുറിച്ച് സൈന നെഹ്‍വാൾ ‘മനോരമ’യോടു സംസാരിക്കുന്നു. രാഷ്ട്രീയ പ്രവേശത്തിനു ശേഷമുള്ള സൈനയുടെ ആദ്യ എക്സ്ക്ലൂസീവ് അഭിമുഖം.

പ്രമുഖ കായിക താരങ്ങളിൽ പലരും വിരമിച്ചതിനുശേഷം രാഷ്ട്രീയ പാർട്ടികളിൽ അംഗത്വമെടുക്കുന്നതു കണ്ടിട്ടുണ്ട്. പക്ഷേ ലോക ബാഡ്മിന്റനിൽ മുൻനിരയിൽ നിൽക്കുമ്പോൾ തിടുക്കപ്പെട്ട് രാഷ്ട്രീയ പ്രവേശം നടത്താൻ എന്തായിരുന്നു കാരണം?

ബിജെപിയിൽ ചേരാനുള്ള തീരുമാനം പെട്ടെന്ന് എടുത്തതല്ല. ഇതിനെക്കുറിച്ച് കുറച്ചു നാളായി ആലോചിച്ചു വരുകയായിരുന്നു. ഉചിതമായ സമയം വന്നപ്പോൾ അംഗത്വമെടുത്തു, അത്രേയുള്ളൂ. ബിജെപി എന്ന രാഷ്ട്രീയ പാർട്ടിയുടെ ആശയങ്ങളെക്കാൾ പ്രധാനമന്ത്രി നരേന്ദ്രമോദിയുടെ വികസന നയങ്ങളിൽ ഞാൻ ആകൃഷ്ടയായി എന്നു പറയുന്നതാകും ശരി. ഇക്കാര്യം ഞാൻ ഞാൻ മുൻപും തുറന്നു പറഞ്ഞിട്ടുള്ളതാണ്. ഇന്ത്യയുടെ വികസനത്തിനായി നരേന്ദ്രമോദി നടത്തുന്ന കഠിനാധ്വാനങ്ങൾ, രാജ്യത്തിനുവേണ്ടി മെഡൽ നേടാൻ കോർട്ടിൽ വിയർപ്പൊഴുക്കുന്ന എനിക്ക് എളുപ്പത്തിൽ മനസ്സിലാക്കാൻ കഴിയും.

സൈന നെഹ്‍വാൾ ബാഡ്മിന്റനിൽ നിന്നു വിരമിക്കാനൊരുങ്ങുകയാണെന്നും അതിന്റെ സൂചനയാണ് രാഷ്ട്രീയ പ്രവേശനമെന്നുമുള്ള പ്രചാരണം ശക്തമാണ്?

എന്റെ പ്രായവും സമീപകാലത്തെ മോശം പ്രകടനങ്ങളുമൊക്കെയാകും ആളുകൾ ഇത്തരത്തിൽ ചിന്തിക്കാൻ കാരണം. പരുക്കിന്റെ പിടിയിലായിരുന്നു ഞാൻ. അതോടെ റാങ്കിങ്ങിൽ പിന്നിലായിപ്പോയി. പക്ഷേ ഇപ്പോൾ ഫിറ്റ്നസ് വീണ്ടെടുത്തിട്ടുണ്ട്. മികച്ച പ്രകടനങ്ങളോടെ ശക്തമായ തിരിച്ചുവരവ് നടത്തുകയാണ് ലക്ഷ്യം. ഒളിംപിക്സിനു യോഗ്യതയും ഉറപ്പാക്കണം. കളിക്കളം വിട്ട് സജീവ രാഷ്ട്രീയത്തിൽ ശ്രദ്ധ കേന്ദ്രീകരിക്കാൻ ഇപ്പോൾ ആലോചനയില്ല.

ഒളിംപിക്‌സിനു യോഗ്യത ഉറപ്പിക്കാൻ സൈനയ്ക്കു മുൻപിലുള്ളത് വെറും 2 മാസം മാത്രമാണ്. ടോക്കിയോ ടിക്കറ്റ് എടുക്കുകയെന്നതു വലിയൊരു കടമ്പയല്ലേ?

ഒളിംപിക്സിനായുള്ള ഇതുവരെയുള്ള എന്റെ തയാറെടുപ്പുകൾ തീർത്തും മോശമായിരുന്നു. കാലിനേറ്റ പരുക്കു പലതവണ പരിശീലനം മുടക്കി. ഒരുവർഷത്തിനിടെ ഒരു ടൂർണമെന്റിലും വിജയിക്കാനായിരുന്നില്ല. പക്ഷേ ഇപ്പോൾ പരുക്കെല്ലാം ഭേദമായി. കഴിഞ്ഞ 2 മാസത്തെ പരിശീലനം എനിക്കു നൽകിയ ആത്മവിശ്വാസം വളരെ വലുതാണ്. ഒളിംപിക്സ് യോഗ്യതാ റാങ്കിങ്ങിൽ ഇപ്പോൾ 22–ാം സ്ഥാനത്താണു ഞാൻ. ഏപ്രിൽ 26ന് യോഗ്യതാ കാലാവധി അവസാനിക്കും. അതിനു മുൻപ് ആദ്യ 16 സ്ഥാനത്തിനുള്ളിലെത്തണം.

ലോകത്തിലെ മുൻനിര താരങ്ങൾ ഒരേ അക്കാദമിയിൽ ഒരുമിച്ചു പരിശീലിക്കുന്നതാണു ഇന്ത്യൻ ബാഡ്മിന്റനിലെ വളർച്ചയ്ക്കു കാരണമെന്നു പരിശീലകൻ ഗോപിചന്ദ് പറഞ്ഞിട്ടുണ്ട്. പി.വി.സിന്ധുവുമൊത്തുള്ള പരിശീലനം സൈനയെ എത്രത്തോളം സഹായിക്കുന്നുണ്ട്?

ഞാനും സിന്ധുവും ഒരുമിച്ചു പരിശീലിക്കുന്ന അവസരങ്ങൾ കുറവാണ്. ഗച്ചിബൗളിയിലെ ഗോപിചന്ദ് അക്കാദമിയിൽ രണ്ടുസമയത്തായാണു ഞങ്ങളുടെ പരിശീലനം. ഗോപി സാറിനു രണ്ടുപേരെയും കൂടുതൽ ശ്രദ്ധിക്കുന്നതിനാണ് പരിശീലന സമയത്തിൽ മാറ്റംവരുത്തിയത്. പക്ഷേ പ്രധാന ടൂർണമെന്റുകൾക്കു തയറാടെക്കുമ്പോൾ ഒരുമിച്ചുണ്ടാകും. ആ സമയങ്ങളിൽ പരസ്പരം പ്രചോദിപ്പിച്ചും തെറ്റുകൾ ചൂണ്ടിക്കാണിച്ചുമാണു ഞങ്ങളുടെ പരിശീലനം.

English Summary:  Saina Nehwal Speaks on Politics and Olympics preparation

തൽസമയ വാർത്തകൾക്ക് മലയാള മനോരമ മൊബൈൽ ആപ് ഡൗൺലോഡ് ചെയ്യൂ
MORE IN OTHER SPORTS
SHOW MORE
FROM ONMANORAMA