ADVERTISEMENT

ഇരുപത്തെട്ടു വയസ്സുകാരനായ ശ്രീനിവാസ ഗൗഡയെ ഇന്ത്യ അറിയാൻ തുടങ്ങിയിട്ടു ചുരുക്കം ദിവസങ്ങളേ ആയിട്ടുള്ളൂ; പക്ഷേ, കർണാടകയിലെ ദക്ഷിണ കന്നഡ ജില്ലയിൽ വർഷങ്ങളായി ഗൗഡ ഒരു താരമാണ്. മരമടിയിലെ (കാളയോട്ടം) സൂപ്പർതാരം. ഉഴുതുമറിച്ച വയലിലെ ചേറിലൂടെ കാളകളെ തെളിക്കുന്നതിൽ ഈ ചെറുപ്പക്കാരന്റെ മികവ് മറ്റാർക്കുമില്ലെന്നാണു കാണികളുടെ സാക്ഷ്യം. പ്രാദേശിക ഭാഷയിൽ ‘കമ്പള’ എന്നറിയപ്പെടുന്ന മരമടിയിൽ ശ്രീനിവാസ ഗൗഡ വാരിക്കൂട്ടിയ മെഡലുകൾക്കു കയ്യും കണക്കുമില്ല.

കെട്ടിട നിർമാണത്തൊഴിലാളിയാണു ശ്രീനിവാസ. ചെറുപ്പംമുതലേ മരമടി വേദികളിലെ സാന്നിധ്യമാണ്. 21–ാം വയസ്സിൽ പ്രഫഷനൽ കാളയോട്ടക്കാരനാകാൻ തീരുമാനിച്ചു. മൂഡബിദ്രിയിലെ ‘കമ്പള അക്കാദമി’യിൽ 2013ൽ പരിശീലനത്തിനായി ചേർന്നു. അക്കാദമിയിലെ ആദ്യ ബാച്ച് ‘വിദ്യാർഥികളി’ലൊരാളാണ്. 2017–18 സീസണിൽ 28 മെഡലുകൾ നേടി വ്യക്തിഗത ചാംപ്യനായി. ഈ വർഷം ഇതുവരെ പങ്കെടുത്ത 12 മത്സരങ്ങളി‍ൽനിന്നായി 29 മെഡലുകൾ നേടിക്കഴിഞ്ഞു. 

കാളയോട്ടത്തിൽ മിടുക്കനായതിനാൽ ഒരു ലക്ഷം രൂപ മുതൽ 2 ലക്ഷം രൂപ വരെ ഒരു സീസണിൽ ശ്രീനിവാസയ്ക്കു നൽകാൻ കാളയുടമകൾ തയാറാണ്.

ഞങ്ങൾ എതിര്

ഗൗഡയെ ബോൾട്ടുമായി താരതമ്യം ചെയ്യുന്നതിനോടു ഞങ്ങൾക്കു യോജിപ്പില്ല. കാരണം, ശാസ്ത്രീയമായല്ല ഞങ്ങൾ സമയം കണക്കാക്കുന്നത്. മാത്രമല്ല, മരമടി വേദികളിലെ ദൂരം പലയിടങ്ങളിലും വ്യത്യസ്തവുമായിരിക്കും.

-കെ.ഗുണപാല കഡംബ, കമ്പള അക്കാദമി പ്രസിഡന്റ്. 

ആ ‘ബോൾട്ടിന്’ സംഭവിച്ചത്

കഴിഞ്ഞ വർഷം രാമേശ്വർ ഗുജ്ജർ എന്ന മധ്യപ്രദേശ് സ്വദേശിയും ഇത്തരത്തിൽ മാധ്യമശ്രദ്ധ നേടിയിരുന്നു. നഗ്നപാദനായി ഓടി 100 മീറ്റർ ദൂരം 11 സെക്കൻഡിൽ താഴെ പൂർത്തിയാക്കിയതു ചർച്ചയായതോടെ ഇദ്ദേഹത്തിന്റെയും കായികക്ഷമത പരിശോധിച്ചു.

പക്ഷേ, നിരാശയായിരുന്നു ഫലം. മാധ്യമങ്ങളുടെ അമിത ശ്രദ്ധയിൽ അസ്വസ്ഥനായതിനാൽ രാമേശ്വറിനു മികച്ച പ്രകടനം നടത്താനായില്ലെന്നാണ് അന്ന് അധികൃതർ പറഞ്ഞത്. പിന്നീടു രാമേശ്വർ ഗുജ്ജറിന്റെ പേര് എവിടെയും കേട്ടതുമില്ല.

എംബപെയുടെ  വേഗം

കഴിഞ്ഞ ജൂലൈയിൽ മൊണാക്കോയ്ക്കെതിരായ മത്സരത്തിൽ പിഎസ്ജി താരം കിലിയൻ എംബപെ ഓടിയ വേഗമെടുത്താൽ ലോക റെക്കോർഡിനായി (9.58 സെക്കൻഡ്) ഉസൈ‍ൻ ബോൾട്ട് ഓടിയതിനെക്കാൾ വേഗം വരും. 38 കിലോമീറ്റർ വേഗത്തിൽ എംബപെ ഓടിയെന്നാണു കണക്ക്.

100 മീറ്റർ റെക്കോർഡിട്ടപ്പോൾ ബോൾട്ട് ഓടിയത് 37.58 കിലോമീറ്റർ വേഗത്തിലായിരുന്നു. എന്നാൽ, ട്രാക്കിലെ ഓട്ടവും മറ്റ് ഓട്ടങ്ങളും വ്യത്യസ്തമാണെന്നതാണു യാഥാർഥ്യം. ട്രാക്കിൽ സ്റ്റാർട്ടിങ് ബ്ലോക്കിൽനിന്ന് കുതിച്ചു പാഞ്ഞാണു വേഗം കൈവരിക്കുന്നത്. 

ഇവിടെ പോസ്റ്റു ചെയ്യുന്ന അഭിപ്രായങ്ങൾ മലയാള മനോരമയുടേതല്ല. അഭിപ്രായങ്ങളുടെ പൂർണ ഉത്തരവാദിത്തം രചയിതാവിനായിരിക്കും. കേന്ദ്ര സർക്കാരിന്റെ ഐടി നയപ്രകാരം വ്യക്തി, സമുദായം, മതം, രാജ്യം എന്നിവയ്ക്കെതിരായി അധിക്ഷേപങ്ങളും അശ്ലീല പദപ്രയോഗങ്ങളും നടത്തുന്നത് ശിക്ഷാർഹമായ കുറ്റമാണ്. ഇത്തരം അഭിപ്രായ പ്രകടനത്തിന് നിയമനടപടി കൈക്കൊള്ളുന്നതാണ്.
തൽസമയ വാർത്തകൾക്ക് മലയാള മനോരമ മൊബൈൽ ആപ് ഡൗൺലോഡ് ചെയ്യൂ
അവശ്യസേവനങ്ങൾ കണ്ടെത്താനും ഹോം ഡെലിവറി  ലഭിക്കാനും സന്ദർശിക്കു www.quickerala.com