ADVERTISEMENT

ശിശിരം വരുമ്പോൾ ഇലകൾ പൊഴിയുന്നതു സ്വാഭാവികം. അനറ്റൊലി കാർപോവ് കരുക്കൾ നീക്കിയപ്പോഴെല്ലാം കാറ്റത്താടുന്ന ഇലകൾ പോലെ എതിരാളികൾ ചെസ് ബോർഡിനു മുന്നിൽ പൊഴിഞ്ഞുവീണിട്ടുണ്ട്. 2 പതിറ്റാണ്ടിലേറെ നീണ്ട ഇടവേളയ്ക്കു ശേഷം ചെസ് ലോകം വീണ്ടും ശിശിരപ്പിറവിക്കു സാക്ഷിയാകാൻ പോകുന്നു. 16 കൊല്ലം ലോക ചാംപ്യൻപട്ടം കൈവശം വച്ച റഷ്യൻ ഇതിഹാസം കാർപോവ് 68–ാം വയസ്സിൽ ക്ലാസിക്കൽ ചെസിലേക്കു മടങ്ങിയെത്തുന്നു. സ്വീഡനിലെ മൽമോയിൽ നടക്കുന്ന ടീപ് സീഗ്മാൻ ആൻഡ് കോ ചെസ് ടൂർണമെന്റിൽ കാർപോവിന്റെ എതിരാളികളിലൊരാൾ മലയാളികളുടെ അഭിമാനതാരം നിഹാൽ സരിൻ! കാർപോവും നിഹാലുമടക്കം 8 ഗ്രാൻഡ്മാസ്റ്റർമാർ ഏറ്റുമുട്ടുന്ന ടൂർണമെന്റ് ഏപ്രിൽ 29ന് ആരംഭിക്കും.

തലമുറകളുടെ പോര്
കാർപോവിനോടുള്ള ആദരണാർഥം ഫ്രാൻസിൽ സംഘടിപ്പിച്ച കാർപോവ് ട്രോഫി രാജ്യാന്തര റാപ്പിഡ് ചെസ് ടൂർണമെന്റിൽ 3 മാസം മുൻപു നടന്ന ‘തലമുറകളുടെ പോരാട്ടം’ ചെസ് പ്രേമികൾ മറന്നിരിക്കാൻ ഇടയില്ല. ടൂർണമെന്റിന്റെ സമാപനവേളയിൽ ഏതെങ്കിലുമൊരു താരവുമായി കാർപോവ് ഒരു പ്രദർശന മത്സരം കളിക്കുമെന്നു സംഘാടകർ പ്രഖ്യാപിച്ചു. ആരാകും ആ ഭാഗ്യവാനെന്ന ചർച്ച പുരോഗമിക്കവെ നിഹാൽ സരിന്റെ പേരു പ്രഖ്യാപിക്കപ്പെട്ടു.

പതിനഞ്ചുകാരനായ നിഹാലിന്റെ പ്രായത്തെക്കാൾ ഒരു വർഷം കൂടുതൽകാലം ലോക ച‍ാംപ്യൻപട്ടം കൈവശം വച്ചയാളാണു കാർപോവ്. പക്ഷേ, 4 റൗണ്ട് നീണ്ട പ്രദർശന മത്സരത്തിൽ 2–2നു കാർപോവിനെ നിഹാൽ സമനിലയിൽ പിടിച്ചു. ആദ്യ ബ്ലിറ്റ്സ് മത്സരത്തിൽ കാർപോവ് നിഹാലിനെ തോൽപിച്ചെങ്കിലും 2–ാം മത്സരത്തിൽ വെറും 28 നീക്കത്തിൽ നിഹാൽ വിജയം പിടിച്ചു. ഹസ്തദാനം ചെയ്ത് നിഹാലിനെ കാർപോവ് അന്ന് അഭിനന്ദിച്ചു. സീഗ്മാൻ ടൂർണമെന്റിലൂടെ കാർപോവ് ക്ലാസിക്കൽ മത്സരവേദിയിലേക്കു മടങ്ങിയെത്തുമ്പോൾ സൗഹൃദം ഒട്ടും പ്രതീക്ഷിക്കേണ്ടതില്ല. ഇന്ത്യൻ ഗ്രാൻഡ്മാസ്റ്റർ ഹരിക ദ്രോണവല്ലിയും ടൂർണമെന്റിൽ പങ്കെടുക്കും.

വിരമിച്ചോ, വിരമിക്കുമോ?
പൊസിഷനൽ ചെസിലെ ഭീഷ്മരായ കാർപോവ് തൊണ്ണൂറുകളുടെ അന്ത്യത്തിൽ ക്ലാസിക്കൽ ചെസിനോടു വിടപറഞ്ഞതാണ്. ചില റാപ്പിഡ്, ബ്ലിറ്റ്സ് ടൂർണമെന്റുകളിൽ ഇടയ്ക്കിടെ മത്സരിച്ചെങ്കിലും ശ്രദ്ധയും ഏകാഗ്രതയും രാഷ്ട്രീയത്തിലേക്കു തിരിഞ്ഞതോടെ കളിയിൽ നിന്നകന്നു. സുപ്രീം സോവിയറ്റ് കമ്മിഷൻ അംഗമായും 2005ൽ റഷ്യൻ പബ്ലിക് ചേംബർ അംഗമായും രാഷ്ട്രീയത്തിലേക്ക്. 2009 സെപ്റ്റംബറിൽ ഫിഡെ റേറ്റിങ്ങിൽ മുന്നിലുള്ള 100 താരങ്ങളുടെ പട്ടികയിൽനിന്നു പുറത്തായി.

സ്വീഡനിൽ കാർപോവിന്റെ എതിരാളികൾ
∙ അലക്സി ഷിറോവ് (സ്പെയിൻ)
∙ നീൽസ് ഗ്രാൻഡേലിയസ് (സ്വീഡൻ)
∙ ഡേവിഡ് നവേറ (ചെക് റിപ്പബ്ലിക്)
∙ ലീം ഗ്വാങ് ലീ (വിയറ്റ്നാം)
∙ ഹരിക ദ്രോണവല്ലി (ഇന്ത്യ)
∙ ജോർദൻ വാൻ ഫൊറീസ്റ്റ് (നെതർലൻഡ്സ്)
∙ നിഹാൽ സരിൻ (ഇന്ത്യ)

English Summary: Anatoly Karpov, Tepe Sigeman & Co Chess Tournament, Nihal Sarin

ഇവിടെ പോസ്റ്റു ചെയ്യുന്ന അഭിപ്രായങ്ങൾ മലയാള മനോരമയുടേതല്ല. അഭിപ്രായങ്ങളുടെ പൂർണ ഉത്തരവാദിത്തം രചയിതാവിനായിരിക്കും. കേന്ദ്ര സർക്കാരിന്റെ ഐടി നയപ്രകാരം വ്യക്തി, സമുദായം, മതം, രാജ്യം എന്നിവയ്ക്കെതിരായി അധിക്ഷേപങ്ങളും അശ്ലീല പദപ്രയോഗങ്ങളും നടത്തുന്നത് ശിക്ഷാർഹമായ കുറ്റമാണ്. ഇത്തരം അഭിപ്രായ പ്രകടനത്തിന് നിയമനടപടി കൈക്കൊള്ളുന്നതാണ്.
തൽസമയ വാർത്തകൾക്ക് മലയാള മനോരമ മൊബൈൽ ആപ് ഡൗൺലോഡ് ചെയ്യൂ
അവശ്യസേവനങ്ങൾ കണ്ടെത്താനും ഹോം ഡെലിവറി  ലഭിക്കാനും സന്ദർശിക്കു www.quickerala.com