ADVERTISEMENT

‘ഇനി വരുന്ന കാലത്ത് ഞാൻ ഉസൈൻ ബോൾട്ടിനെപ്പോലെ അത്‍ലറ്റിക്സിലെ സൂപ്പർതാരമാകുമോ ഇല്ലയോ എന്ന് എനിക്കറിയില്ല. ഒരുകാര്യം ഉറപ്പാണ്. അതിനായി ഞാൻ കഠിനമായി ശ്രമിക്കും. കൂടുതൽ ഉയരങ്ങളിലേക്കു ചാടിക്കൊണ്ടായിരിക്കും ഞാൻ ആ ശ്രമം നടത്തുക’ – അടുത്ത ഉസൈൻ ബോൾട്ട് എന്ന നിലയ്ക്കാണല്ലോ നിങ്ങളെ കായികലോകം കാണുന്നതെന്ന ചോദ്യത്തിന് ഉത്തരമായി പോൾവോൾട്ടിലെ പുതിയ ലോക റെക്കോർഡുകാരൻ അർമാൻഡ് ഡ്യുപ്ലന്റിസ് പറഞ്ഞതിങ്ങനെ. കഴിഞ്ഞ ശനിയാഴ്ച പോൾവോൾട്ടിൽ ലോക റെക്കോർഡിട്ട ഡ്യുപ്ലന്റിസ് കഴിഞ്ഞ ദിവസം ഗ്ലാസ്ഗോ ഇൻഡോർ മീറ്റിൽ വീണ്ടും ആ ഉയരം മെച്ചപ്പെടുത്തി. 6.17 മീറ്ററിൽനിന്ന് ഒരു സെന്റിമീറ്റർകൂടി കൂട്ടി 6.18 മീറ്ററിലേക്ക്. മോണ്ടോ എന്നു വിളിപ്പേരുള്ള ഇരുപതുകാരന്റെ മറ്റൊരു ക്ലാസ് പ്രകടനം. 

armand
അർമാൻഡ് ഡ്യുപ്ലന്റിസ്.

ബുബ്കയ്ക്കും മേലെ

കരിയറിൽ 35 തവണ ലോക റെക്കോർഡ് തിരുത്തിയ പോൾവോൾട്ടിലെ യുക്രെയ്ൻ ഇതിഹാസം സെർജി ബുബ്കയുടെ പേരിലായിരുന്നു 1993 മുതൽ 2014 വരെ പോളിലെ ലോക റെക്കോർഡ്. എന്നാൽ, ഫ്രഞ്ച് താരം റെനോ ലവിലെനി (6.16 മീ) 2014ൽ ബുബ്കയെ (6.15 മീ) തിരുത്തി. 6 വർഷത്തിനുശേഷം ലോക റെക്കോർഡ് അർമാൻഡ് ഡ്യുപ്ലന്റിസിന്റെ പേരിലേക്ക്. 

ചാടുന്ന കുടുംബം

‘ചാട്ടക്കാരുടെ’ ജീൻ ഡ്യുപ്ലന്റിസിനു കിട്ടാൻ കാരണം തേടി താരത്തിന്റെ വീട്ടിലേക്കെത്തിയാൽ ഞെട്ടും. അമേരിക്കക്കാരനായ പിതാവ് ഗ്രെഗ് മുൻ പോൾവോൾട്ട് താരമാണ്. ഇപ്പോൾ താരത്തിന്റെ പരിശീലകനുമാണ്. മാതാവ് സ്വീഡൻകാരിയായ ഹെലൻ മുൻ ഹെപ്റ്റാത്ത്‌ലൻ താരമാണ്. ഇടയ്ക്കു വോളിബോളും കളിച്ചിരുന്നു.

ചേട്ടൻ ആന്ദ്രെ 2009ലെ ലോക യൂത്ത് അത്‍ലറ്റിക്സിലും 2012ലെ ലോക ജൂനിയർ മീറ്റിലും പോൾവോൾട്ടിൽ സ്വീഡനായി മത്സരിച്ചു. മറ്റൊരു സഹോദരൻ അന്റോയ്ൻ പോൾവോൾട്ട് വിട്ട് ഇപ്പോൾ ബേസ്ബോൾ കളിക്കുന്നു. സഹോദരി ജൊഹാനയും പോൾവോൾട്ടറാണ്. യുഎസിലെ ലൂസിയാനയിലെ സ്വന്തം വീടിന്റെ പിൻവശത്ത് പോൾവോൾട്ടിനുള്ള ട്രാക്കും ബെഡും ഒരുക്കിയ ഗ്രെഗിന്റെ മക്കൾ വേറേതു വഴിക്കു തിരിയാനാണ്? ജനിച്ചതു യുഎസിലാണെങ്കിലും അമ്മയുടെ നാടിനുവേണ്ടിയാണു ടോക്കിയോ ഒളിംപിക്സിൽ ഉൾപ്പെടെ ഡ്യുപ്ലന്റിസ് മത്സരിക്കുന്നത്. യുഎസ് ട്രയൽസ് കഠിനമായതിനാലാണു സ്വീഡനിലേക്കുള്ള മാറ്റം. 

chart

തുടക്കം 3–ാം വയസ്സിൽ 

3–ാം വയസ്സിൽ മോണ്ടോ ചാടിത്തുടങ്ങി. 7–ാം വയസ്സിൽ ആ പ്രായവിഭാഗത്തിലെ റെക്കോർഡിട്ടു. 7–12 പ്രായവിഭാഗങ്ങളിലെ റെക്കോർഡുകളും 17 വയസ്സിനു മുകളിലേക്കുള്ള റെക്കോർഡുകളും കരിയറിൽ പലപ്പോഴായി മോണ്ടോ സ്വന്തം പേരിലാക്കി. പലരും ഇപ്പോഴും തകർക്കപ്പെടാതെ നിൽക്കുന്നു. പ്രഫഷനലായി സീനിയർതലത്തിലേക്ക് എത്തിയ ആദ്യ സീസണിൽതന്നെ ലോക റെക്കോർഡിലേക്കെത്തി പോളിലെ യുവപ്രതിഭയായി മോണ്ടോ ഉയർന്നു നിൽക്കുന്നു. ലോക ചാംപ്യൻഷിപ് മെഡലും സീസണിൽ നേടി. 

English Summary: Armondo Duplantis breaks world record again

ഇവിടെ പോസ്റ്റു ചെയ്യുന്ന അഭിപ്രായങ്ങൾ മലയാള മനോരമയുടേതല്ല. അഭിപ്രായങ്ങളുടെ പൂർണ ഉത്തരവാദിത്തം രചയിതാവിനായിരിക്കും. കേന്ദ്ര സർക്കാരിന്റെ ഐടി നയപ്രകാരം വ്യക്തി, സമുദായം, മതം, രാജ്യം എന്നിവയ്ക്കെതിരായി അധിക്ഷേപങ്ങളും അശ്ലീല പദപ്രയോഗങ്ങളും നടത്തുന്നത് ശിക്ഷാർഹമായ കുറ്റമാണ്. ഇത്തരം അഭിപ്രായ പ്രകടനത്തിന് നിയമനടപടി കൈക്കൊള്ളുന്നതാണ്.
തൽസമയ വാർത്തകൾക്ക് മലയാള മനോരമ മൊബൈൽ ആപ് ഡൗൺലോഡ് ചെയ്യൂ
അവശ്യസേവനങ്ങൾ കണ്ടെത്താനും ഹോം ഡെലിവറി  ലഭിക്കാനും സന്ദർശിക്കു www.quickerala.com