ADVERTISEMENT

ബെയ്ജിങ് ∙ എത്ര കിലോമീറ്റർ ഓടി എന്നതിന് പാൻ ഷാൻകുവിന് കൃത്യമായ കണക്കുണ്ട്: ‘രണ്ട് ടേബിളുകൾക്കിടയിലൂടെ 6250 തവണ. ഓരോ ലാപ്പും 8 മീറ്റർ. അങ്ങനെ ആകെ 50 കിലോമീറ്റർ. ഓടാനെടുത്ത സമയം നാലു മണിക്കൂർ 48 മിനിറ്റ്, 44 സെക്കൻഡ്!’ തെളിവായി തന്റെ റണ്ണിങ് ആപ്പിന്റെ സ്ക്രീൻ ഷോട്ടും ഓടുന്നതിന്റെ വിഡിയോയും ചൈനീസ് സമൂഹ മാധ്യമമായ വെയ്ബോയിൽ പാൻ പങ്കുവച്ചിട്ടുണ്ട്.

‘പുറത്തിറങ്ങാതെ വീട്ടിൽ പൂർണമായി ഒരു ദിവസം പോലും ഞാൻ ഇരുന്നിട്ടില്ല. അതുകൊണ്ട് ഇപ്പോൾ വെറുതെ ഇരിക്കാനാവുന്നില്ല. അങ്ങനെ ആലോചിച്ചപ്പോഴാണ് രണ്ട് മസാജ് മേശകൾക്ക് ഇടയിലൂടെയോ ഓടിയാലോ എന്നു തോന്നിയത്..’ ഹാങ്ഷൗ പട്ടണത്തിൽ നിന്നുള്ള ഈ ഹെൽത്ത് തെറപ്പിസ്റ്റ് കൊറോണയ്ക്കെതിരെ ചൈനയുടെ ചെറുത്തു നിൽപിന്റെ ‘ബ്രാൻഡ് അംബാസഡർ’മാരിൽ ഒരാളാണിപ്പോൾ. കൊറോണയുടെ ഉദ്ഭവനഗരമായ വുഹാനിൽനിന്ന് 595 കിലോമീറ്റർ അകലെയുള്ള പട്ടണമാണ് ഹാങ്ഷൗ. ഫെബ്രുവരി അഞ്ചിനാണ് അധികൃതർ ഇവിടെ ‘ലോക്ക്ഡൗൺ’ പ്രഖ്യാപിച്ചത്. ഇതുവരെ 159 കൊറോണ കേസുകൾ ഇവിടെ സ്ഥിരീകരിച്ചിട്ടുണ്ട്.

പാനിന്റെ മാതൃക പിന്തുടർന്ന് മറ്റുള്ളവരും വീടിനുള്ളിൽ മാരത്തൺ ഓടുന്നതിന്റെ ദൃശ്യങ്ങളും അനുഭവങ്ങളും പങ്കുവച്ചിട്ടുണ്ട്. ഹാങ്ഷൗയിൽ നിന്നു തന്നെയുള്ള ഒരു വീട്ടമ്മ തന്റെ ഓട്ടത്തിന്റെ കമന്ററിയാണ് സമൂഹ മാധ്യമത്തിൽ പങ്കുവച്ചത്.

‘അടുക്കളയിൽ നിന്ന് ഞാൻ ഓട്ടം തുടങ്ങി. ലിവിങ് റൂമിലൂടെ കടന്ന് എന്റെ മകളുടെ മുറിയിലേക്കു കയറി. 20 മീറ്റർ മാത്രം നീളമുള്ള റേസ്കോഴ്‍സ് അതിമനോഹരമാണ്. എന്റെ ഭർത്താവ് ഉറക്കത്തിൽ കൂർക്കം വലിക്കുന്ന ശബ്ദമുയർത്തി എന്നെ പ്രോൽസാഹിപ്പിക്കുന്നു. ഇതൊരു നിശ്ശബ്ദ പോരാട്ടമാണ്. ഞാൻ വേഗം കൂട്ടി ബാൽക്കണിയിലേക്കു കടന്നു. എന്റെ ഭർത്താവ് പറയുന്നത് എനിക്കു വട്ടാണെന്നാണ്..’– ചൈനയിലെ പ്രമുഖ ദിനപത്രമായ സൗത്ത് ചൈന മോണിങ് പോസ്റ്റ് പങ്കുവച്ച വിവരണം ഇങ്ങനെ നീളുന്നു. ഓട്ടത്തിനോട് സവിശേഷ ഭ്രമമുള്ള രാജ്യമാണു ചൈന. ഏകദേശം രണ്ടര കോടി ഓട്ടക്കാർ ചൈനയിലുണ്ടെന്നാണ് കണക്ക്.

∙ ടോക്കിയോ മാരത്തണിലെ കൂട്ടയോട്ടം റദ്ദാക്കി

ടോക്കിയോ ∙ കൊറോണ വൈറസ് ബാധയെത്തുടർന്ന് ടോക്കിയോ ഒളിംപിക്സിലെ കൂട്ടയോട്ടം റദ്ദാക്കി. മാർച്ച് ഒന്നിനു നടക്കുന്ന മാരത്തണിൽ പ്രഫഷനൽ അത്‌ലീറ്റുകൾ മാത്രമേ പങ്കെടുക്കുകയുള്ളുവെന്ന് സംഘാടകർ അറിയിച്ചു. 38,000 അമച്വർ ഓട്ടക്കാർക്ക് ഇതോടെ മാരത്തണിൽ പങ്കെടുക്കാനുള്ള അവസരം നഷ്ടമാകും. ടോക്കിയോ ഒളിംപിക്സ് നടത്തിപ്പിനെച്ചൊല്ലി ആശങ്കകൾ ഉയരുന്നതിനിടെയാണ് പുതിയ വാർത്ത. എന്നാൽ ഒളിംപിക്സ് മുടക്കമില്ലാതെ നടക്കുമെന്ന് സംഘാടകർ വീണ്ടും വ്യക്തമാക്കിയിട്ടുണ്ട്.

ഇവിടെ പോസ്റ്റു ചെയ്യുന്ന അഭിപ്രായങ്ങൾ മലയാള മനോരമയുടേതല്ല. അഭിപ്രായങ്ങളുടെ പൂർണ ഉത്തരവാദിത്തം രചയിതാവിനായിരിക്കും. കേന്ദ്ര സർക്കാരിന്റെ ഐടി നയപ്രകാരം വ്യക്തി, സമുദായം, മതം, രാജ്യം എന്നിവയ്ക്കെതിരായി അധിക്ഷേപങ്ങളും അശ്ലീല പദപ്രയോഗങ്ങളും നടത്തുന്നത് ശിക്ഷാർഹമായ കുറ്റമാണ്. ഇത്തരം അഭിപ്രായ പ്രകടനത്തിന് നിയമനടപടി കൈക്കൊള്ളുന്നതാണ്.
തൽസമയ വാർത്തകൾക്ക് മലയാള മനോരമ മൊബൈൽ ആപ് ഡൗൺലോഡ് ചെയ്യൂ
അവശ്യസേവനങ്ങൾ കണ്ടെത്താനും ഹോം ഡെലിവറി  ലഭിക്കാനും സന്ദർശിക്കു www.quickerala.com