ADVERTISEMENT

പൈവളികെ (കാസർകോട്) ∙ യഥാർഥ ‘ഉസൈൻ ബോൾട്ട്’ താട്ടെയും മോഡെയുമാണ് – എന്റെ പ്രിയപ്പെട്ട പോത്തുകുട്ടന്മാർ. ഈ പോത്തുകളുടെ കരുത്തിലാണ് എനിക്ക് ഇത്ര വേഗത്തിൽ ഓടാനാവുന്നത്. – പറയുന്നതു കമ്പള മത്സരത്തിലെ റെക്കോർഡ് ഓട്ടക്കാരൻ ശ്രീനിവാസ് ഗൗഡ. കേരളത്തിലെ ഏക കമ്പളയായ കേരള–കർണാടക അതിർത്തിയിലെ പൈവളികെയിൽ ബോളംഗള അണ്ണതമ്മ ജോഡുക്കര കമ്പള സമിതിയുടെ പോത്തോട്ട മത്സരത്തിന് എത്തിയതാണ് ഗൗ‍ഡ.

9.55 സെക്കൻഡിൽ 100 മീറ്റർ പിന്നിട്ടതോടെ ‘ഉസൈൻ ബോൾട്ടി’ നെക്കാൾ വേഗമുള്ള ഓട്ടക്കാരൻ എന്ന വിശേഷണം ലഭിച്ചെങ്കിലും അതൊന്നും താൻ ശ്രദ്ധിക്കുന്നതേയില്ലെന്നു ഗൗഡ പറയുന്നു.

‘മൂഡബിദ്രിയിലെ ഒരു കെട്ടിടനിർമാണ തൊഴിലാളിയാണ് ഞാൻ.  എട്ടാം ക്ലാസ് വരെയേ പഠിച്ചിട്ടുള്ളൂ. ഇക്കാലത്ത് ഒരിക്കൽപോലും ഒരു സ്പോർട്സ് ഇനത്തിലും മത്സരിച്ചിട്ടില്ല. 

ചെറുപ്പം മുതൽ കമ്പള എനിക്ക് ആവേശമാണ്. 2013 ൽ 20–ാം വയസ്സിൽ മൂഡബിദ്രിയിലെ കമ്പള അക്കാദമിയിൽ പരിശീലനത്തിനു ചേർന്നു. ഇപ്പോൾ വയസ്സ് 27 ആയി. ഇനി മറ്റൊരു കായിക ഇനത്തിലും കരുത്തുതെളിയിക്കാൻ എനിക്കു കഴിയില്ല. അതുകൊണ്ടാണ് ബെംഗളൂരുവി‍ൽ കായികക്ഷമതാ പരിശോധനയ്ക്കു പോകാതിരുന്നത്.

∙ ഈ പോത്തുകൾ സ്വന്തമാണോ?

കമ്പള മത്സരത്തിലെ പോത്തുകളൊന്നും യഥാർഥത്തിൽ പോത്തോട്ടക്കാരുടെ സ്വന്തമല്ല. താട്ടെയും മോഡെയും യെദപ്പദവ് സ്വദേശി ആനന്ദ് ചന്ദ്രസാലിയാന്റെയാണ്.  ഇവയ്ക്ക് എട്ടു വയസ്സുണ്ടിപ്പോൾ

∙ എങ്ങനെയാണ് ഒരുക്കം?

കൃത്യമായ പരിശീലനത്തിലൂടെയാണ് കമ്പളയ്ക്കൊരുങ്ങുന്നത്. രാവിലെ ആറിനു കടുക് മിശ്രിതം, കാരറ്റ്, ബദാം എന്നിവ ഭക്ഷണമായി നൽകും.  നീന്തൽക്കുളത്തിൽ കഠിന പരിശീലനവുമുണ്ട്.

∙ ഗൗഡ പെട്ടെന്നു പ്രശസ്തനായല്ലോ?

കർണാടക കാർമിക ഇലാകെ എന്ന സംഘടന മൂന്നു ലക്ഷം രൂപ സമ്മാനം നൽകി. മല്ലേശ്വരം സ്പോർട്സ് ക്ലബ്, ഒരു അഭ്യുദയകാക്ഷി എന്നിവർ ഓരോ ലക്ഷം വീതവും. അങ്ങനെ ആകെ 5 ലക്ഷം രൂപ കിട്ടി. ഓരോ മത്സരത്തിലും ഒന്നാം സ്ഥാനം കിട്ടിയാൽ 10,000 രൂപ കിട്ടും.   

ഇവിടെ പോസ്റ്റു ചെയ്യുന്ന അഭിപ്രായങ്ങൾ മലയാള മനോരമയുടേതല്ല. അഭിപ്രായങ്ങളുടെ പൂർണ ഉത്തരവാദിത്തം രചയിതാവിനായിരിക്കും. കേന്ദ്ര സർക്കാരിന്റെ ഐടി നയപ്രകാരം വ്യക്തി, സമുദായം, മതം, രാജ്യം എന്നിവയ്ക്കെതിരായി അധിക്ഷേപങ്ങളും അശ്ലീല പദപ്രയോഗങ്ങളും നടത്തുന്നത് ശിക്ഷാർഹമായ കുറ്റമാണ്. ഇത്തരം അഭിപ്രായ പ്രകടനത്തിന് നിയമനടപടി കൈക്കൊള്ളുന്നതാണ്.
തൽസമയ വാർത്തകൾക്ക് മലയാള മനോരമ മൊബൈൽ ആപ് ഡൗൺലോഡ് ചെയ്യൂ
അവശ്യസേവനങ്ങൾ കണ്ടെത്താനും ഹോം ഡെലിവറി  ലഭിക്കാനും സന്ദർശിക്കു www.quickerala.com