ADVERTISEMENT

ലാസ് വേഗസ് ∙ അപരാജിതരുടെ പോരാട്ടത്തിൽ യുഎസ് ബോക്സർ ഡിയോണ്ടേ വൈൽഡറെ ഇടിച്ചിട്ട് ഇംഗ്ലിഷ് ബോക്സർ ടൈസൻ ഫ്യൂറി ലോക ഹെവിവെയ്റ്റ് ബോക്സിങ് പട്ടം തിരിച്ചെടുത്തു. ലാസ് വേഗസിലെ എംജിഎം ഗ്രാൻഡ് ഗാർഡൻ അരീനയിൽ നടന്ന പോരാട്ടത്തിൽ ഏഴാം റൗണ്ടിലാണ് മുപ്പത്തിയൊന്നുകാരനായ ഫ്യൂറി ജയമുറപ്പിച്ചത്.  ടൈസൻ ഫ്യൂറിയോട് തോറ്റതോടെ 11–ാം തവണയും ലോകപട്ടം നിലനിർത്താമെന്ന വൈൽഡറുടെ മോഹമാണ് പൊലിഞ്ഞത്. വൈൽഡറുടെ കരിയറിലെ ആദ്യ തോൽവിയുമാണ് ഇന്നലത്തേത്. 

 എതിരാളികളെ ഒറ്റയിടിക്ക് നോക്കൗട്ട് ചെയ്യുന്നതിൽ വിദഗ്ധനായ വൈൽഡറെ ആദ്യ റൗണ്ട് മുതൽ ഫ്യൂറി വെള്ളം കുടിപ്പിച്ചു. മൂന്നാം റൗണ്ടിൽ ഇടതു ചെവിക്ക് ഇടിയേറ്റതോടെ വൈൽഡറിന് മത്സരത്തിലുള്ള നിയന്ത്രണം നഷ്ടമായി. റിങ്ങിന്റെ മൂലയിലെക്ക് ഒഴിഞ്ഞുമാറിയാണ് പിന്നീട് കളിച്ചത്. അവസരം മുതലെടുത്ത ഫ്യൂറി കടുത്ത ആക്രമണം അഴിച്ചുവിട്ടതോടെ ഏഴാം റൗണ്ടിൽ തന്നെ മത്സരം ഫ്യൂറി ജയിച്ചതായി റഫറി പ്രഖ്യാപിച്ചു. 

2015ൽ ലോക ഹെവിവെയ്റ്റ് ചാംപ്യൻഷിപ് നേടിയ ശേഷം വിഷാദരോഗത്തിനും മദ്യത്തിനും അടിപ്പെട്ട ഫ്യൂറി ബോക്സിങ്ങിൽ നിന്നു മൂന്നു വർഷം വിട്ടു നിന്ന ശേഷമാണ് 2018ൽ തിരിച്ചെത്തിയത്.  ഇതിനിടെ ഹെവിവെയ്റ്റ് പട്ടം ഉപേക്ഷിക്കുകയും ചെയ്തിരുന്നു. 2018 ഡിസംബറിൽ ഇരുവരും തമ്മിൽ നടന്ന പോരാട്ടം സമനിലയിലായിരുന്നു. ടൈസൻ ഫ്യൂറിയോട് റീമാച്ച് ആവശ്യപ്പെടാനുള്ള അവസരം വൈൽഡർക്കുണ്ട്. ഇത് സംഭവിച്ചില്ലെങ്കിൽ ഐബിഎഫ്, ഡബ്ല്യുബിഒ, ഐബിഒ പട്ടങ്ങൾ കൈവശമുള്ള ആന്തണി ജോഷ്വ ആയിരിക്കും ഫ്യൂറിയുടെ അടുത്ത എതിരാളി. 

ഇവിടെ പോസ്റ്റു ചെയ്യുന്ന അഭിപ്രായങ്ങൾ മലയാള മനോരമയുടേതല്ല. അഭിപ്രായങ്ങളുടെ പൂർണ ഉത്തരവാദിത്തം രചയിതാവിനായിരിക്കും. കേന്ദ്ര സർക്കാരിന്റെ ഐടി നയപ്രകാരം വ്യക്തി, സമുദായം, മതം, രാജ്യം എന്നിവയ്ക്കെതിരായി അധിക്ഷേപങ്ങളും അശ്ലീല പദപ്രയോഗങ്ങളും നടത്തുന്നത് ശിക്ഷാർഹമായ കുറ്റമാണ്. ഇത്തരം അഭിപ്രായ പ്രകടനത്തിന് നിയമനടപടി കൈക്കൊള്ളുന്നതാണ്.
തൽസമയ വാർത്തകൾക്ക് മലയാള മനോരമ മൊബൈൽ ആപ് ഡൗൺലോഡ് ചെയ്യൂ
അവശ്യസേവനങ്ങൾ കണ്ടെത്താനും ഹോം ഡെലിവറി  ലഭിക്കാനും സന്ദർശിക്കു www.quickerala.com