ADVERTISEMENT

ലൊസെയ്ൻ (സ്വിറ്റ്സർലൻഡ്) ∙ കോവിഡ് രോഗബാധ മൂലം ടോക്കിയോ ഒളിംപിക്സ് അടുത്ത വർഷത്തേക്കു മാറ്റിവയ്ക്കേണ്ടി വരുമ്പോൾ ചില ത്യാഗങ്ങളും ഒത്തുതീർപ്പുകളുമൊക്കെ വേണ്ടിവരുമെന്നു രാജ്യാന്തര ഒളിംപിക് കമ്മിറ്റി (ഐഒസി) പ്രസിഡന്റ് തോമസ് ബാക്. പുതുക്കിയ തീയതി ഉൾപ്പെടെയുള്ള കാര്യങ്ങൾ തീരുമാനിക്കാൻ രാജ്യാന്തര കായിക ഫെഡറേഷനുകളുമായി ഇന്നുമുതൽ വിഡിയോ ചർച്ച നടത്തുമെന്നും അദ്ദേഹം അറിയിച്ചു. 

നിലവിൽ യോഗ്യത നേടിയവർക്ക് അടുത്ത വർഷത്തെ ഒളിംപിക്സിൽ പങ്കെടുക്കാൻ ഇനിയും യോഗ്യത തെളിയിക്കേണ്ടിവരില്ല. ഈ വർഷത്തെ ഒളിംപിക്സോടെ വിരമിക്കാനിരുന്നവർ  ഒരു വർഷംകൂടി കാത്തിരിക്കണമെന്നു മാത്രം. 

എന്ത്, എപ്പോൾ, എങ്ങനെ

∙ ഏതു തീയതികളിലാകും ഒളിംപിക്സ് നടത്തുക

ജപ്പാനിലെ വേനൽക്കാലമായ ജൂലൈ, ഓഗസ്റ്റ് മാസങ്ങളിലോ അതിനു മുൻപോ നടക്കാനാണു സാധ്യത. 

∙ ഒളിംപിക്സ് അടുത്ത വർഷം നടന്നാൽ മാറ്റേണ്ട പ്രധാന ചാംപ്യൻഷിപ്പുകൾ ഏതൊക്കെയാണ്

1. ലോക അത്‍ലറ്റിക് ചാംപ്യൻഷിപ് –  2021 ഓഗസ്റ്റ് 6–15 (യുഎസ്എ) 

2. ലോക നീന്തൽ ചാംപ്യൻഷിപ് –  2021 ജൂലൈ 16–ഓഗസ്റ്റ് 1 (ജപ്പാൻ) 

∙ ജപ്പാന്റെ മേലുള്ള അധിക ബാധ്യത

ജൂലൈയി‍ൽ ഒളിംപിക്സ് പ്രതീക്ഷിച്ച് ഇതുവരെ ചെയ്ത എല്ലാ കാര്യങ്ങളും ആവർത്തിക്കേണ്ടതുണ്ട്. 96,000 കോടി രൂപയുടെ ബജറ്റിൽ ഒരുക്കങ്ങൾ പൂർത്തിയാക്കിയ ജപ്പാന് ഇനിയുള്ള ഒരു വർഷത്തേക്ക് 50,000 കോടി രൂപയെങ്കിലും അധികം വേണ്ടിവന്നേക്കും. 

‘2022ലേക്ക് മാറ്റാമായിരുന്നു’

ഒളിംപിക്സിനു യോഗ്യത നേടിക്കഴിഞ്ഞ താരങ്ങളുടെ പരിശീലനക്രമത്തിൽ മാറ്റങ്ങൾ വേണ്ടിവരുമെന്നാണ് ഇന്ത്യൻ പരിശീലകർ പറയുന്നത്. യുവ ഷൂട്ടർമാരുടെ പ്രതീക്ഷകളെ ഒളിംപിക്സ് മാറ്റിവയ്ക്കൽ പ്രതികൂലമായി ബാധിച്ചേക്കാമെന്നു ദേശീയ പരിശീലകൻ കൂടിയായ മുൻതാരം ജസ്പാൽ റാണ പറഞ്ഞു. ഈ സീസൺ മുടങ്ങുന്ന സ്ഥിതിയാണുള്ളതെന്നും അതിനാൽ 2022ലേക്ക് ഒളിംപിക്സ് മാറ്റിവയ്ക്കുകയായിരുന്നു ഉചിതമെന്നും ദേശീയ അത്‍ലറ്റിക് ടീമിന്റെ ഡപ്യൂട്ടി ചീഫ് കോച്ചും മലയാളിയുമായ പി. രാധാകൃഷ്ണൻ നായർ പറഞ്ഞു. 

മാറ്റം ഗുണം ചെയ്യും

ജീവനാണു പരമപ്രധാനം. ബാക്കിയുള്ളതിനെല്ലാം അൽപമൊക്കെ കാത്തിരിക്കാം. അത്‌ലീറ്റുകളുടെ സുരക്ഷയ്ക്കാണു കായികസംഘടനകൾ പ്രാധാന്യം കൊടുക്കേണ്ടത്. ഒളിംപിക്സ് മാറ്റാനുള്ള തീരുമാനം എല്ലാവരുടെയും സുരക്ഷയെക്കരുതിയാണ്. അതിൽ ഒരു തെറ്റുമില്ല. ഒളിംപിക്സിനായി ഒരുങ്ങാൻ ഏറെ സമയം ഇനി ലഭിക്കും. അതു വലിയ അനുഗ്രഹമാണ്. 

∙ എം.സി.മേരി കോം, ഇന്ത്യൻ ബോക്സർ

ഇവിടെ പോസ്റ്റു ചെയ്യുന്ന അഭിപ്രായങ്ങൾ മലയാള മനോരമയുടേതല്ല. അഭിപ്രായങ്ങളുടെ പൂർണ ഉത്തരവാദിത്തം രചയിതാവിനായിരിക്കും. കേന്ദ്ര സർക്കാരിന്റെ ഐടി നയപ്രകാരം വ്യക്തി, സമുദായം, മതം, രാജ്യം എന്നിവയ്ക്കെതിരായി അധിക്ഷേപങ്ങളും അശ്ലീല പദപ്രയോഗങ്ങളും നടത്തുന്നത് ശിക്ഷാർഹമായ കുറ്റമാണ്. ഇത്തരം അഭിപ്രായ പ്രകടനത്തിന് നിയമനടപടി കൈക്കൊള്ളുന്നതാണ്.
തൽസമയ വാർത്തകൾക്ക് മലയാള മനോരമ മൊബൈൽ ആപ് ഡൗൺലോഡ് ചെയ്യൂ
അവശ്യസേവനങ്ങൾ കണ്ടെത്താനും ഹോം ഡെലിവറി  ലഭിക്കാനും സന്ദർശിക്കു www.quickerala.com