ADVERTISEMENT

അത്‍ലറ്റിക്സിൽ ഇന്ത്യയുടെ ലോകചാംപ്യൻ ഹിമ ദാസിന്റെ മത്സരയിനത്തിൽ മാറ്റം. വനിതകളുടെ 400 മീറ്ററിനു പകരം 200 മീറ്ററിൽ ഹിമയെ മത്സരിപ്പിക്കാനാണ് ഇന്ത്യൻ അത്‍ലറ്റിക് ഫെഡറേഷന്റെ തീരുമാനം. 400 മീറ്ററിൽ ഹിമയ്ക്കു വേഗസ്ഥിരത നിലനിർത്താൻ കഴിയുന്നില്ലെന്നും 200 മീറ്ററിലേക്കു മാറിയാൽ പ്രകടനം മെച്ചപ്പെടുത്താമെന്നുമാണു വിലയിരുത്തൽ. 

എന്നാൽ, 400 മീറ്ററിൽ ലോക ജൂനിയർ ചാംപ്യനും ഇന്ത്യൻ റെക്കോർഡിനുടമയുമായ ഹിമയുടെ 200 മീറ്ററിലെ പ്രകടനങ്ങൾ ഒട്ടും ആശാവഹമല്ല. അതിനാൽ, അസം സ്വദേശിനിയുടെ മത്സരയിനം മാറ്റുന്നതിനെതിരെ എതിർപ്പുയർന്നിട്ടുണ്ട്. 23.10 സെക്കൻഡാണ് 200 മീറ്ററിലെ ഹിമയുടെ മികച്ച പ്രകടനം. 22.80 സെക്കൻഡാണു ടോക്കിയോ ഒളിംപിക്സിനുള്ള യോഗ്യതാമാർക്ക്. 400 മീറ്ററിലാകട്ടെ തന്റെ കരിയറിലെ മികച്ച പ്രകടനമായ 50.79 സെക്കൻഡ് ആവർത്തിച്ചാൽ ഒളിംപിക്സ് യോഗ്യത നേടാം.

പരുക്കിനെത്തുടർന്നു കഴിഞ്ഞ സീസണിൽ ലോക അത്‍ലറ്റിക് ചാംപ്യൻഷിപ് അടക്കമുള്ള പ്രധാന മത്സരങ്ങൾ നഷ്ടമായ ഹിമ ദാസ് ഇപ്പോൾ പട്യാലയിലെ ഇന്ത്യൻ അത്‍ലറ്റിക് ക്യാംപിലുണ്ട്. പുറംവേദന ഉൾപ്പെടെയുള്ള ഫിറ്റ്നസ് പ്രശ്നങ്ങൾ കാരണമാണു ഹിമ മത്സരയിനം മാറ്റിയതെന്നും 400 മീറ്ററിൽ നിന്നു പൂർണമായും പിൻമാറുന്നതിനെക്കുറിച്ചു തീരുമാനമെടുത്തിട്ടില്ലെന്നും അത്‍ലറ്റിക്സ് ഡപ്യൂട്ടി ചീഫ് കോച്ച് പി. രാധാകൃഷ്ണൻ നായർ ‘മനോരമ’യോടു പറഞ്ഞു.

ഹിമ ദാസിന്റെ മത്സരയിനം മാറ്റിയതിനു പിന്നിൽ മറ്റു  കാരണങ്ങളുണ്ടോ?

400 മീറ്ററിൽ മികച്ച റെക്കോർഡുള്ള ഹിമ ദാസിന്റെ മത്സരയിനം തിടുക്കത്തിൽ മാറ്റിയതിനു പിന്നിൽ ശരീരത്തിലെ പുരുഷ ഹോർമോണിന്റെ അളവു കൂടുതൽ കാരണമെന്നു സൂചന. അളവിൽ കൂടുതൽ പുരുഷ ഹോർമോൺ ശരീരത്തിലുള്ള വനിതാ താരങ്ങൾക്കു 400, 800, 1500 മീറ്റർ ഇനങ്ങളിൽ വിലക്കേർപ്പെടുത്തുന്ന നിയമം കഴിഞ്ഞവർഷം പ്രാബല്യത്തിലായിരുന്നു.

ദക്ഷിണാഫ്രിക്കക്കാരി അത്‍ലീറ്റ് കാസ്റ്റർ സെമന്യ ഈ വിധത്തിൽ വിലക്കു നേരിടുന്ന താരമാണ്. ഹിമയ്ക്കും പുരുഷ ഹോർമോണിന്റെ അളവു കൂടുതലാണെന്നു പരിശീലകരിൽ ഒരു വിഭാഗം പറയുന്നു. പരിശോധനയിൽ പിടിക്കപ്പെട്ടാൽ രാജ്യാന്തര തലത്തിൽ ഹിമയ്ക്കു മത്സരവിലക്കു നേരിടേണ്ടിവരും. പുരുഷ ഹോർമോൺ പ്രശ്നങ്ങളുള്ളവർക്ക് 200 മീറ്റർ ഉൾപ്പെടുന്ന സ്പ്രിന്റ് ഇനങ്ങളിൽ മത്സര വിലക്കില്ല. സ്പ്രിന്റ് ഇനങ്ങളിലെ ഇന്ത്യൻ സൂപ്പർതാരം ദ്യുതി ചന്ദും തുടക്കത്തിൽ 400 മീറ്ററിലാണു മത്സരിച്ചിരുന്നത്. പിന്നീടു പരിശീലകരുടെ നിർദേശപ്രകാരം 100, 200 ഇനങ്ങളിലേക്കു മാറുകയായിരുന്നു.

ഇവിടെ പോസ്റ്റു ചെയ്യുന്ന അഭിപ്രായങ്ങൾ മലയാള മനോരമയുടേതല്ല. അഭിപ്രായങ്ങളുടെ പൂർണ ഉത്തരവാദിത്തം രചയിതാവിനായിരിക്കും. കേന്ദ്ര സർക്കാരിന്റെ ഐടി നയപ്രകാരം വ്യക്തി, സമുദായം, മതം, രാജ്യം എന്നിവയ്ക്കെതിരായി അധിക്ഷേപങ്ങളും അശ്ലീല പദപ്രയോഗങ്ങളും നടത്തുന്നത് ശിക്ഷാർഹമായ കുറ്റമാണ്. ഇത്തരം അഭിപ്രായ പ്രകടനത്തിന് നിയമനടപടി കൈക്കൊള്ളുന്നതാണ്.
തൽസമയ വാർത്തകൾക്ക് മലയാള മനോരമ മൊബൈൽ ആപ് ഡൗൺലോഡ് ചെയ്യൂ
അവശ്യസേവനങ്ങൾ കണ്ടെത്താനും ഹോം ഡെലിവറി  ലഭിക്കാനും സന്ദർശിക്കു www.quickerala.com