ADVERTISEMENT

ടോക്കിയോ∙ കൊറോണ വൈറസ് വ്യാപനത്തിന്റെ പശ്ചാത്തലത്തിൽ അടുത്ത വർഷത്തേക്ക് നീട്ടിവച്ച ടോക്കിയോ ഒളിംപിക്സിന് തീയതിയായി. അടുത്ത വർഷം ജൂലൈ 23ന് ആരംഭിക്കുന്ന ഒളിംപിക്സ്, ഓഗസ്റ്റ് എട്ടിന് അവസാനിക്കും. രാജ്യാന്തര ഒളിംപിക് കമ്മിറ്റിയുടെ എക്സിക്യൂട്ടിവ് ബോർഡ് യോഗം ചേർന്നാണ് തീയതി തീരുമാനിച്ചത്. 2021ലാണ് നടക്കുന്നതെങ്കിലും ടോക്കിയോ 2020 ഒളിംപിക്സ് എന്ന പേരിലാകും ഇത് അറിയപ്പെടുക.

ഈ വർഷം ഓഗസ്റ്റ് 25ന് ആരംഭിക്കേണ്ടിയിരുന്ന ടോക്കിയോ പാരാലിംപിക്സ് പകരം അടുത്ത വർഷം 24 മുതൽ സെപ്റ്റംബർ അഞ്ചു വരെ നടക്കും. ലോകവ്യാപകമായി അടുത്ത വർഷം നടക്കുന്ന വിവിധ കായിക ടൂർണമെന്റുകളുടെ വിശദാംശങ്ങൾ പരിശോധിച്ചതിനു ശേഷമാണ് തീയതിയുടെ കാര്യത്തിൽ അന്തിമ തീരുമാനത്തിലെത്തിയത്.

കോവിഡ് ഭീഷണിമൂലം കാനഡയും ഓസ്ട്രേലിയയും പിൻമാറ്റം പ്രഖ്യാപിച്ചതിനു പിന്നാലെ ഈ മാസം 24നാണ് ടോക്കിയോ ഒളിംപിക്സ് മാറ്റിവയ്ക്കാൻ തീരുമാനിച്ചത്. ജൂലൈ 14ന് ആരംഭിക്കേണ്ട ഒളിംപിക്സ് ഒരു വർഷത്തേക്കു നീട്ടാമെന്ന് ആതിഥേയ രാജ്യമായ ജപ്പാൻ അറിയിക്കുകയായിരുന്നു. രാജ്യാന്തര ഒളിംപിക് കമ്മിറ്റി (ഐഒസി) ഇത് അംഗീകരിച്ചതായി ജപ്പാൻ പ്രധാനമന്ത്രി ഷിൻസോ ആബെയാണ് അറിയിച്ചത്. ഐഒസി പ്രസിഡന്റ് തോമസ് ബാക്കുമായി ടെലഫോണിൽ നടത്തിയ ചർച്ചയിൽ ഒളിംപിക്സ് നടത്താന്‍ ഒരു വർഷത്തെ സാവകാശം വേണമെന്ന് ഷിൻസോ ആബെ അറിയിക്കുകയായിരുന്നു. ഒളിംപിക്സ് നീട്ടിവച്ചതായി അറിയിച്ച് പിന്നീട് ഇരുകൂട്ടരും സംയുക്ത പ്രസ്താവന പുറത്തിറക്കി.

നാലരമാസംകൂടി ബാക്കിയുള്ളതിനാ‍ൽ ഒളിംപിക്സ് മാറ്റിവയ്ക്കുകയോ റദ്ദാക്കുകയോ ചെയ്യുന്നതിനെപ്പറ്റി നിലവിൽ ആലോചിക്കേണ്ട കാര്യമില്ലെന്നു തുടരെത്തുടരെ പ്രഖ്യാപിച്ച ഐഒസി ഇതിനിടെ ചേർന്ന അടിയന്തര യോഗത്തിനുശേഷമാണു നിലപാടു മാറ്റിയത്. 124 വർഷത്തെ ചരിത്രത്തിൽ ഒളിംപിക്സ് വൈകി നടത്തുന്നത് ഇതാദ്യമാണ്. ഒന്നും രണ്ടും ലോക മഹായുദ്ധങ്ങളുടെ പശ്ചാത്തലത്തിൽ  1916, 1940, 1944 വർഷങ്ങളിൽ ഒളിംപിക്സ് റദ്ദാക്കിയിട്ടുണ്ട്. 1980ലെ മോസ്കോ ഒളിംപിക്സിലും 1984ലെ ലൊസാഞ്ചലസ് ഒളിംപിക്സിലും ശീതയുദ്ധത്തിന്റെ പശ്ചാത്തലത്തിൽ വിവിധ ടീമുകൾ പിൻമാറുകയും ചെയ്തു.

English Summary: Tokyo Olympics and Paralympics: New dates confirmed for 2021

ഇവിടെ പോസ്റ്റു ചെയ്യുന്ന അഭിപ്രായങ്ങൾ മലയാള മനോരമയുടേതല്ല. അഭിപ്രായങ്ങളുടെ പൂർണ ഉത്തരവാദിത്തം രചയിതാവിനായിരിക്കും. കേന്ദ്ര സർക്കാരിന്റെ ഐടി നയപ്രകാരം വ്യക്തി, സമുദായം, മതം, രാജ്യം എന്നിവയ്ക്കെതിരായി അധിക്ഷേപങ്ങളും അശ്ലീല പദപ്രയോഗങ്ങളും നടത്തുന്നത് ശിക്ഷാർഹമായ കുറ്റമാണ്. ഇത്തരം അഭിപ്രായ പ്രകടനത്തിന് നിയമനടപടി കൈക്കൊള്ളുന്നതാണ്.
തൽസമയ വാർത്തകൾക്ക് മലയാള മനോരമ മൊബൈൽ ആപ് ഡൗൺലോഡ് ചെയ്യൂ
അവശ്യസേവനങ്ങൾ കണ്ടെത്താനും ഹോം ഡെലിവറി  ലഭിക്കാനും സന്ദർശിക്കു www.quickerala.com