ADVERTISEMENT

‘ഇപ്പോഴാണ് ശരിക്കും ഒന്നു കാണാൻ കിട്ടിയത്!’ കായികലോകത്തെ സൂപ്പർ താരങ്ങളോട് ആരാധകർ ഇപ്പോൾ പറയുന്നത് ഇതാണ്. ലോക്ഡൗൺ മൂലം വീട്ടിലിരിക്കുന്ന താരങ്ങളെല്ലാം ഇപ്പോൾ ഓൺലൈൻ ലോകത്താണ്. ലൈവ് ചാറ്റും ലൈവ് സെഷനുമായി തൊട്ടരികെ.

മത്സരങ്ങൾക്കപ്പുറം താരങ്ങളുടെ വീട്ടുവിശേഷവും താൽപര്യങ്ങളും അറിയുന്നതിന്റെ ആവേശത്തിൽ ആരാധകരും. ലോക്ഡൗൺ കാലത്ത് ഹിറ്റായ ചില ലൈവ് വിശേഷങ്ങളിതാ...

ഡബിൾ ട്രബിൾ

ഓസീസ് ക്രിക്കറ്റ് താരം മിച്ചൽ സ്റ്റാർക് ഭാര്യയും ക്രിക്കറ്റ് താരവുമായ അലീസ ഹീലിയുടെ മത്സരം കാണാനെത്തുമ്പോൾ ആരാധകർ കയ്യടിക്കുമെങ്കിൽ, ഭർത്താവ് ശുഐബ് മാലിക് തന്റെ മത്സരം കാണാനെത്തിയാൽ ഇന്ത്യൻ ഉപഭൂഖണ്ഡത്തിലെ പലരും പരിഹസിക്കും എന്ന് ടെന്നിസ് താരം സാനിയ മിർസ ഇന്നലെ തുറന്നു പറഞ്ഞത് ലോക്ഡൗൺ ഹിറ്റായ ലൈവ് പരിപാടികളിലൊന്നിലൂടെയാണ്.

ഇന്ത്യൻ വനിതാ ക്രിക്കറ്റർമാരായ ജമൈമ റോഡ്രിഗസും സ്മൃതി മന്ഥനയും യൂട്യൂബിൽ നടത്തുന്ന ‘ഡബിൾ ട്രബിൾ’ ആണ് ആ ഷോ. അര മണിക്കൂർ നീളമുള്ള ഓരോ എപ്പിസോഡിലും ഒരു സൂപ്പർ താരം അതിഥിയായെത്തും. രോഹിത് ശർമ, പി.വി.സിന്ധു എന്നിവരായിരുന്നു ആദ്യ 2  എപ്പിസോഡുകളിലെ അതിഥി. 

chris-gayle

ഗെയ്‌ലിനോട് കളിക്കരുത്!

വെസ്റ്റിൻഡീസ് വെടിക്കെട്ട് താരം ക്രിസ് ഗെയ്‌ലിനെതിരെ പന്തെറിയാൻ ഏതു ബോളറും ഒന്നു മടിക്കും. ഗെയ്‌ലിന്റെ ലൈവ് സെഷനുകളും അതുപോലെയാണ്. അതു നന്നായി മനസ്സിലായത് ഇന്ത്യൻ സ്പിന്നർ യുസ്‌വേന്ദ്ര ചെഹലിനാണ്. ചെഹലിന്റെ ടിക്ടോക് വിഡിയോകൾ പരമബോറാണെന്നു തുറന്നടിച്ച ഗെയ്ൽ ഇനി വിഡിയോ ഇട്ടാൽ ബ്ലോക്ക് ചെയ്യിക്കുമെന്നു മുന്നറിയിപ്പും നൽകി.

വിൻഡീസ് ടീമിലെ മുൻ സഹതാരം രാംനരേഷ് സർവനെ കൊറോണ വൈറസിനെക്കാളും ഭീകരൻ എന്നു വിശേഷിപ്പിക്കാനും ഗെയ്ൽ മടിച്ചില്ല. ‘ക്രിസ് ഗെയ്ൽ യൂണിവേഴ്സ്’ എന്ന സ്വന്തം യൂട്യൂബ് ചാനലിലൂടെയാണു ഗെയ്‌ലിന്റെ വെടിക്കെട്ടുകൾ.

ഷറപ്പോവയുടെ ഡിന്നർ

ടെന്നിസ് താരങ്ങളായ മരിയ ഷറപ്പോവയും നൊവാക് ജോക്കോവിച്ചും തമ്മിലുള്ള ഇൻസ്റ്റഗ്രാം ലൈവ് ചാറ്റ് ആയിരുന്നു ഇന്നലത്തെ ഹിറ്റ്. ജോക്കോവിച്ചിന് താൻ പണ്ട് ഉഗ്രൻ ഭക്ഷണം വാങ്ങിക്കൊടുത്ത കാര്യമാണു ഷറപ്പോവ പുറത്തുവിട്ടത്. ഒരു മിക്സ്ഡ് ഡബിൾസ് മത്സരത്തിനിടെ പന്തയം വച്ചപ്പോഴാണു സംഭവം.

sharapova-djokovic
ജോക്കോവിച്ചും ഷറപ്പോവയും.

ഷറപ്പോവ തന്നോടു തോൽക്കുകയാണെങ്കിൽ ഡിന്നർ വാങ്ങിത്തരണം എന്നായിരുന്നു അന്നു സൂപ്പർ താരമായിട്ടില്ലാത്ത ജോക്കോയുടെ ആവശ്യം. മത്സരം തോറ്റതോടെ ഷറപ്പോവ ജോക്കോയെയും കൂട്ടി ഒരു റസ്റ്ററന്റിൽ പോയി; ഭക്ഷണവും വാങ്ങിക്കൊടുത്തു.  

ലോക്ഡൗൺ ഹിറ്റ്സ് ലൈവ് ചാറ്റുകൾ വഴി ഹിറ്റായ 5 വാർത്തകൾ

1 ചെറുപ്പകാലത്ത് ‘അഡിഡാസ്’ എന്നു ഷൂസിലെഴുതിയ താനിപ്പോൾ ഹിമ എന്നെഴുതിയ അഡിഡാസ് ഷൂസിട്ടാണു പരിശീലനം നടത്തുന്നതെന്നു ക്രിക്കറ്റ് താരം സുരേഷ് റെയ്നയുമായുള്ള ലൈവ് ചാറ്റിനിടെ ഇന്ത്യൻ അത്‌ലീറ്റ് ഹിമ ദാസ്. 

2 കുടുംബ ജീവിതത്തിലെ പ്രതിസന്ധി ഘട്ടത്തിൽ ആത്മഹത്യ ചെയ്യാൻ ആലോചിച്ചിരുന്നതായി ഇന്ത്യൻ ക്രിക്കറ്റ് താരം മുഹമ്മദ് ഷമി.  

3 ഹാർദിക് പാണ്ഡ്യയുടെ ‘കോഫി വിത്ത് കരൺ’ ഷോ വിവാദം ലൈവ് സെഷനിടെ ഓർമിപ്പിച്ച് സഹതാരം ദിനേശ് കാർത്തിക്. 

4 ധോണിയുടെ വിരമിക്കൽ – റാഞ്ചിയിൽ പോയി അന്വേഷിക്കാൻ ഹർഭജനുമായുള്ള ചാറ്റിനിടെ രോഹിത് ശർമ.

5 സംസ്ഥാന ടീമിൽ സിലക്‌ഷൻ കിട്ടാതെ വന്നപ്പോൾ പുലർച്ചെവരെ പൊട്ടിക്കരഞ്ഞെന്നു വിരാട് കോലി. 

ഇവിടെ പോസ്റ്റു ചെയ്യുന്ന അഭിപ്രായങ്ങൾ മലയാള മനോരമയുടേതല്ല. അഭിപ്രായങ്ങളുടെ പൂർണ ഉത്തരവാദിത്തം രചയിതാവിനായിരിക്കും. കേന്ദ്ര സർക്കാരിന്റെ ഐടി നയപ്രകാരം വ്യക്തി, സമുദായം, മതം, രാജ്യം എന്നിവയ്ക്കെതിരായി അധിക്ഷേപങ്ങളും അശ്ലീല പദപ്രയോഗങ്ങളും നടത്തുന്നത് ശിക്ഷാർഹമായ കുറ്റമാണ്. ഇത്തരം അഭിപ്രായ പ്രകടനത്തിന് നിയമനടപടി കൈക്കൊള്ളുന്നതാണ്.
തൽസമയ വാർത്തകൾക്ക് മലയാള മനോരമ മൊബൈൽ ആപ് ഡൗൺലോഡ് ചെയ്യൂ
അവശ്യസേവനങ്ങൾ കണ്ടെത്താനും ഹോം ഡെലിവറി  ലഭിക്കാനും സന്ദർശിക്കു www.quickerala.com