ADVERTISEMENT

ഇടിമുഴങ്ങാൻ ഇനി ഏതാനും മണിക്കൂറുകൾ മാത്രം. ലോകം മുഴുവൻ ആരാധകരുള്ള വേൾഡ് റസ്‌ലിങ് എന്റർടെയ്ൻമെന്റിന്റെ (ഡബ്ല്യുഡബ്ല്യുഇ) ‘മണി ഇൻ ദ ബാങ്ക് 2020’നുള്ള തയാറെടുപ്പുകൾ പൂർണം. ഡബ്യുഡബ്ലുഇ ചാംപ്യൻ പട്ടം നിലനിർത്താനുള്ള പോരാട്ടത്തിൽ ഡ്രൂ മകിൻടർ തിങ്കളാഴ്ച സേത് റോളിൻസുമായി ഏറ്റുമുട്ടും. ഇന്ത്യൻ സമയം പുലർച്ചെയാണ് മത്സരം. ഡബ്ല്യുഡബ്ല്യുഇ റോയുടെ പ്രധാന പോരാട്ടത്തിൽ യുഎസ് ചാംപ്യൻ ആൻഡ്രേഡിനെ വീഴ്ത്തിയ ആവേശത്തിലാണ് ഡ്രൂ മകിൻടറിന്റെ വരവ്. മത്സരത്തിനു മുന്നോടിയായി മലയാള മനോരമയ്ക്ക് അനുവദിച്ച പ്രത്യേക അഭിമുഖത്തിൽ തന്റെ എതിരാളിയെക്കുറിച്ചും ചാംപ്യൻപട്ടം നിലനിർത്താനുള്ള ശ്രമങ്ങളെക്കുറിച്ചും ഡ്രൂ മകിൻടർ മനസ്സു തുറന്നു.

‘ചാംപ്യൻപട്ടം അനായാസം നിലനിർത്താമെന്ന തോന്നലൊന്നും എനിക്കില്ല. മുൻപും സേതുമായി ഞാൻ ഏറ്റുമുട്ടിയിട്ടുണ്ട്. പലതവണ ഹെവിവെയ്റ്റ് ചാംപ്യൻപട്ടം നേടിയ വ്യക്തി കൂടിയാണ് സേത്. എക്കാലത്തെയും മികച്ച താരങ്ങളിലൊരാളെ തോൽപ്പിക്കാനുള്ള ആഗ്രഹംകൊണ്ടാണ് ഞാൻ സേതിനെ വെല്ലുവിളിച്ചതുപോലും. ബ്രോക് ലെസ്‍നറെ തോൽപ്പിച്ചതുകൊണ്ട് സേതിന് എന്നെ നേരിടായൻ വ്യക്തമായ പ്ലാനുണ്ടാകില്ലെന്ന് കരുതാനാകില്ല. എന്തായാലും ഞാൻ ജയിക്കുമെന്ന കാര്യത്തിൽ സംശയം വേണ്ട’ – ഡ്രൂ മകിൻടർ പറഞ്ഞു.

ലോക്ഡൗൺ കാലത്ത് എങ്ങനെയാണ് കായികക്ഷമത നിലനിർത്തുന്നതെന്നും ഡ്രൂ മകിൻടർ വിശദീകരിച്ചു. ‘നിലവിൽ ഇവിടുള്ള ജിമ്മുകളെല്ലാം പൂട്ടിയിരിക്കുകയാണ്. അതുകൊണ്ട് എന്റെ സ്വകാര്യ ജിം കൂടുതൽ മികവുറ്റതാക്കിയാണ് ഉപയോഗിക്കുന്നത്. ഇതൊക്കെ മുൻ‌പേ പ്ലാന്‍ ചെയ്തതാണെങ്കിലും ഇപ്പോഴാണ് നടപ്പാക്കുന്നത്. ആരോഗ്യകരമായ ഭക്ഷണ ശീലങ്ങള്‍ പിന്തുടരാൻ ശ്രദ്ധിക്കാറുണ്ട്. നെറ്റ്ഫ്ലിക്സിലും ഇപ്പോൾ കുറേയേറെ സമയം ചെലവഴിക്കുന്നുണ്ട്. ഇക്കാര്യത്തിൽ ഭാര്യയും കൂട്ടിനുണ്ട്. ഡബ്ല്യുഡബ്ല്യുഇയ്ക്ക് ഇന്ത്യയിലും വലിയ ആരാധകവൃന്ദമുണ്ടെന്ന് അറിഞ്ഞതിൽ സന്തോഷം’ – ഡ്രൂ മകിൻടർ പറഞ്ഞു.

drew-mcIntyre-1

ഈ മേഖലയിലെ സൂപ്പർതാരമായ അണ്ടർടേക്കറുമായുള്ള ബന്ധത്തെക്കുറിച്ചും മകിൻടർ മനസ്സു തുറന്നു. റെ‌സ്‌ലിങ്ങിൽ തന്റെ മെന്ററാണ് അണ്ടർടേക്കറെന്ന് അദ്ദേഹം വ്യക്തമാക്കി. എന്തു സംശയമുണ്ടെങ്കിലും ഏറ്റവും കൂടുതൽ ഉപദേശം തേടി സമീപിച്ചിട്ടുള്ളത് അണ്ടർടേക്കറിനെയാണ്. അതുകൊണ്ടുതന്നെ അദ്ദേഹത്തിൽനിന്ന് ഒട്ടേറെത്തവണ മാർഗനിർദ്ദേശങ്ങളും ലഭിച്ചിട്ടുണ്ടെന്ന് ഡ്രൂ മകിൻടർ പറഞ്ഞു. കേരളത്തിലെ ആരാധകരോട് എന്താണ് പറയാനുള്ളതെന്ന ചോദ്യത്തിന് ഡ്രൂ മകിൻടറിന്റെ മറുപടി ഇങ്ങനെ:

ഡബ്ല്യു‍ഡബ്ല്യുഇയുടെ ആരാധകരായിരിക്കുന്നതിന് കേരളീയരോട് പ്രത്യേകം നന്ദി. അവിടുത്തെ ആരാധകരെക്കുറിച്ചാണ് ഈ അടുത്താണ് ഞാൻ ശരിക്കു മനസ്സിലാക്കിയത്. ഈ മേഖലയിലുള്ള ഇന്ത്യൻ സൂപ്പർതാരങ്ങളായ ജിൻഡർ മഹൽ, ഗ്രേറ്റ് ഖാലി എന്നിവർക്കൊപ്പം ഒട്ടേറെ തവണ ഞാൻ സഞ്ചരിച്ചിട്ടുണ്ട്. ഇന്ത്യയിലെ ആരാധകരെ കുറിച്ച് അവർ പറഞ്ഞിട്ടുണ്ടെങ്കിലും അവരുടെ ആവേശം തിരിച്ചറിഞ്ഞത് അടുത്തിടെയാണ്. നിങ്ങളെ സന്തോഷിപ്പിക്കാൻ പുതിയ രീതികളുമായി ഞങ്ങൾ ഇനിയും വരും. എന്തായാലും ഞങ്ങളെല്ലാം ഉടൻ അവിടേക്കു വരുന്നുണ്ട്. കേരളത്തിന്റെ ഭക്ഷണമാണ് എന്റെ പ്രധാന ലക്ഷ്യം’ – ഡ്രൂ മകിൻടർ പറഞ്ഞു.

English Summary: WWE Champion Drew McIntyre Exclusive Interview

ഇവിടെ പോസ്റ്റു ചെയ്യുന്ന അഭിപ്രായങ്ങൾ മലയാള മനോരമയുടേതല്ല. അഭിപ്രായങ്ങളുടെ പൂർണ ഉത്തരവാദിത്തം രചയിതാവിനായിരിക്കും. കേന്ദ്ര സർക്കാരിന്റെ ഐടി നയപ്രകാരം വ്യക്തി, സമുദായം, മതം, രാജ്യം എന്നിവയ്ക്കെതിരായി അധിക്ഷേപങ്ങളും അശ്ലീല പദപ്രയോഗങ്ങളും നടത്തുന്നത് ശിക്ഷാർഹമായ കുറ്റമാണ്. ഇത്തരം അഭിപ്രായ പ്രകടനത്തിന് നിയമനടപടി കൈക്കൊള്ളുന്നതാണ്.
തൽസമയ വാർത്തകൾക്ക് മലയാള മനോരമ മൊബൈൽ ആപ് ഡൗൺലോഡ് ചെയ്യൂ
അവശ്യസേവനങ്ങൾ കണ്ടെത്താനും ഹോം ഡെലിവറി  ലഭിക്കാനും സന്ദർശിക്കു www.quickerala.com