ADVERTISEMENT

ഇന്നലെ അന്തരിച്ച മുൻ ഇന്ത്യൻ ഹോക്കി ക്യാപ്റ്റൻ ബൽബീർ സിങ് സ്വന്തമാക്കിയ ഒരുപിടി റെക്കോർഡുകൾക്ക് ഏഴു പതിറ്റാണ്ടുകൾക്കുശേഷവും മാറ്റമില്ല. രണ്ടു കാലഘട്ടങ്ങളിലായി ഇന്ത്യയ്ക്കുവേണ്ടി കളിക്കുകയും സുവർണനേട്ടങ്ങവിലേക്ക് ഇന്ത്യയെ നയിക്കുകയും ചെയ്ത ഇതിഹാസതാരങ്ങളാണ് ധ്യാൻചന്ദും ഇന്നലെ അന്തരിച്ച ബൽബീർ സിങ് സീനിയറും. ലോകഹോക്കി കണ്ട ഏറ്റവും മികച്ച സെന്റർ ഫോർവേഡ് താരങ്ങളായിരുന്നു ഇരുവരും. 

ഇന്ത്യൻ ഹോക്കി ഇതിഹാസം എന്ന വിശേഷണം ധ്യാൻചന്ദിന് അവകാശപ്പെട്ടതാണ്. ഒളിംപിക് ഹോക്കിയിൽ മൂന്നു തവണ ഇന്ത്യയ്ക്ക് വിജയം സമ്മാനിക്കുകയും നായകനെന്ന നിലയിൽ ഒരിക്കൽ സ്വർണനേട്ടത്തിലേക്ക് നയിക്കുകയും ചെയ്ത താരമാണ് ധ്യാൻചന്ദ്.  സ്വാതന്ത്ര്യത്തിനു മുൻപായിരുന്നു ധ്യാൻചന്ദിന്റെ ഒളിംപിക് നേട്ടങ്ങളെങ്കിൽ സ്വതന്ത്ര ഇന്ത്യയുടെ വിജയങ്ങളിലാണ് ബൽബീർ തിലകം ചാർത്തിയത്. 1928, 32, 36 ഒളിംപിക് മേളകളിലായിരുന്നു ധ്യാൻചന്ദിന്റെ നേട്ടങ്ങൾ. രണ്ടാം ലോകമഹായുദ്ധംമൂലം രണ്ട് മേളകൾ  (1940, 44) മുടങ്ങിയതോടെ ധ്യാൻചന്ദിന്റെ കരിയർ ഏറെക്കുറെ അവസാനിച്ചു. 

1947ൽ സ്വാതന്ത്ര്യം പ്രാപിച്ചതോടെ മറ്റൊരു ഹോക്കിയുഗത്തിനാണ് ഇന്ത്യ തുടക്കം കുറിച്ചത്. ആ നേട്ടങ്ങളിലേക്ക് ഇന്ത്യയെ നയിക്കുന്നതിൽ ബൽബീർ സിങ് ഒന്നാം സ്ഥാനത്തായിരുന്നു. തുടർന്നു നടന്ന മൂന്നു മേളകളിലും ഇന്ത്യയ്ക്കായിരുന്നു സ്വർണം. ആ മൂന്നു സംഘത്തിലും ബൽബീർ അംഗമായിരുന്നു. 1948ൽ താരമെന്ന നിലയിലും 52ൽ ഉപനായകൻ എന്ന നിലയിലും 1956ൽ നായകനെന്ന നിലയിലും ബർബീർ ഇന്ത്യൻ ജയങ്ങൾക്കു ചുക്കാൻ പിടിച്ചു. ഒളിംപിക് ഹോക്കിയിൽ കൂടുതൽ ഗോളുകൾ (39 ഗോളുകൾ), ഫൈനലിൽ കൂടുതൽ ഗോളുകൾ (മൂന്നു ഫൈനലുകളിൽനിന്നായി 13 ഗോളുകൾ) എന്നീ റെക്കോർഡുകൾ ധ്യാൻചന്ദിന് സ്വന്തമാണ്. എട്ടു മൽസരങ്ങളിൽനിന്ന് 22 ഗോളുകൾ എന്നതാണ് ബൽബീറിന്റെ ഒളിംപിക് കരിയർ. എന്നാൽ ബൽബീർ സിങ്ങിന്റെ പേരിലും ഇനിയും മായാതെ കിടുക്കുന്ന ചില റെക്കോർഡുകളുണ്ട്. 

1948ലെ ലണ്ടൻ മേളയിലായിരുന്നു ബൽബീർ സിങ്ങിന്റെ ഒളിംപിക് അരങ്ങേറ്റം. ഇന്ത്യയുടെ ആദ്യ മൽസരം ഓസ്ട്രിയയ്ക്കെതിരെ. പക്ഷേ ആ മൽസരത്തിൽ ബൽബീറിനെ കളിപ്പിച്ചിരുന്നില്ല. ഇന്ത്യയ്ക്ക് 8–0ന്റെ വിജയം. അർജന്റീനയ്ക്കെതിരെ ഇന്ത്യയുടെ ജയം 9–1ന്. ആ മൽസരത്തിൽ ബൽബീറിന്റെ വകയായിരുന്നു ആറു ഗോളുകൾ. ഇതോടെ ഒരു നേട്ടം അദ്ദേഹം സ്വന്തമാക്കി. ഒളിംപിക്സിലെ അരങ്ങേറ്റ മൽസരത്തിൽ കൂടുതൽ ഗോളുകൾ നേടിയ താരം എന്ന നേട്ടം. 

ഇതിലും വലിയ റെക്കോർഡിനാണ് 1952ലെ ഹെൽസിങ്കി ഒളിംപിക്സ് വേദിയൊരുക്കിയത്. ഫൈനലിൽ ഹോളണ്ടിനെ ഇന്ത്യ തോൽപിച്ചത് 6–1 എന്ന സ്കോറിൽ. അന്ന് അഞ്ചു ഗോളുകളും പിറന്നത് ബൽബീറിന്റെ സ്റ്റിക്കിൽനിന്നാണ്. ഇതോടെ മറ്റൊരു നേട്ടവും അദ്ദേഹം സ്വന്തമാക്കി. ഒളിംപിക് ഹോക്കി ഫൈനലിൽ കൂടുതൽ ഗോൾ നേടിയ താരം. ഏഴു പതിറ്റാണ്ടിനുശേഷവും ഈ റെക്കോർഡിന് മാറ്റമില്ല. 1908 ഒളിംപിക് ഫൈനലിൽ ഇംഗ്ലണ്ടിന്റെ റിഗ്ഗി പ്രിഡ്മോറിന്റെ േപരിലുണ്ടായിരുന്ന നാലു ഗോളുകൾ എന്ന നേട്ടമാണ് 44 വർഷങ്ങൾക്കുശേഷം ബൽബീർ മറികടന്നത്. ആ ഫൈനലിൽ  ഇംഗ്ലണ്ട് അയർലൻഡിനെ തോൽപ്പിച്ചത് 8–1 എന്ന സ്കോറിനായിരുന്നു.

രാജ്യത്തിനകത്തും രാജ്യാന്തരവേദികളിലും ഒട്ടേറെ ബഹുമതികൾ സ്വന്തമാക്കിയ ഹോക്കി താരമാണ് അദ്ദേഹം. കളത്തിനുപുറത്തും ഏതാനും നേട്ടങ്ങൾ ബൽബീനിന് സ്വന്തം. 1956 ഒളിംപിക്സ് സ്മരണാർഥം ഡൊമിനിക്കൻ റിപ്പബ്ലിക്ക് 1958ൽ സ്റ്റാംപ് പുറത്തിറക്കിയപ്പോൾ അതിൽ ഇടംപിടിച്ചത് രണ്ട് ഇന്ത്യൻ കളിക്കാരാണ്: ബൽബീർ സിങ്, ഗുർദേവ് സിങ്. പത്മശ്രീ പുരസ്കാരം സ്വന്തമാക്കിയ ആദ്യ കായികതാരവും ബൽബീറാണ് (1957).ധ്യാൻചന്ദും ഇന്ത്യൻ ക്രിക്കറ്റ് നായകനായിരുന്ന സി. കെ. നായിഡുവും  1956ൽ പത്മഭൂഷൺ നേടിയവരാണെങ്കിലും പത്മശ്രീ നേടിയ ആദ്യ സ്പോർട്സ് താരമാണ് ബൽബീർ.

രാജ്യാന്തരകായികവേദിയിൽ വലിയൊരു നേട്ടമാണ് ബൽബീറിനെ പിന്നീട് തേടിയെത്തിയത്. 2012 ലണ്ടൻ ഒളിംപിക്സിനോടനുബന്ധിച്ച് തയാറാക്കിയ ഒളിംപിക് മ്യൂസിയം പ്രദർശനത്തിൽ ആദരിക്കപ്പെട്ട 16 ഒളിംപ്യൻമാരിലെ ഏക ഇന്ത്യക്കാരനാണ് അദ്ദേഹം. പ്രാചീന ഒളിംപിക്സിന് തുടക്കമിട്ട 776 ബിസി മുതൽ 2012വരെയുള്ള ഒളിംപിക് വേദികളിൽ ഇതിഹാസം രചിച്ച താരങ്ങളാണ് അന്ന് ആദരിക്കപ്പെട്ടത്. കഠിനാദ്ധ്വാനംകൊണ്ടും നിശ്ചയദാർഡ്യംകൊണ്ടും ഉയർന്ന മൂല്യങ്ങൾക്കൊണ്ടും ഒളിംപിക് പ്രസ്ഥാനത്തിന് പ്രകാശമേകിയ 16 പേരെയാണ് അന്ന് സംഘാടകർ അവതരിപ്പിച്ചത്. അക്കൂട്ടത്തിലെ ഏക ഇന്ത്യക്കാരനായി ബൽബീർ തലയുർത്തി നിൽക്കുന്നു.

English Summary: Balbir Singh records

ഇവിടെ പോസ്റ്റു ചെയ്യുന്ന അഭിപ്രായങ്ങൾ മലയാള മനോരമയുടേതല്ല. അഭിപ്രായങ്ങളുടെ പൂർണ ഉത്തരവാദിത്തം രചയിതാവിനായിരിക്കും. കേന്ദ്ര സർക്കാരിന്റെ ഐടി നയപ്രകാരം വ്യക്തി, സമുദായം, മതം, രാജ്യം എന്നിവയ്ക്കെതിരായി അധിക്ഷേപങ്ങളും അശ്ലീല പദപ്രയോഗങ്ങളും നടത്തുന്നത് ശിക്ഷാർഹമായ കുറ്റമാണ്. ഇത്തരം അഭിപ്രായ പ്രകടനത്തിന് നിയമനടപടി കൈക്കൊള്ളുന്നതാണ്.
തൽസമയ വാർത്തകൾക്ക് മലയാള മനോരമ മൊബൈൽ ആപ് ഡൗൺലോഡ് ചെയ്യൂ
അവശ്യസേവനങ്ങൾ കണ്ടെത്താനും ഹോം ഡെലിവറി  ലഭിക്കാനും സന്ദർശിക്കു www.quickerala.com