മുഹമ്മദ് അലി: ഒരു ‘സൈക്കിൾ നഷ്ട’ത്തിന്റെ നിരാശയിൽ പിറന്ന ബോക്സിങ് ഇതിഹാസം!

Mail This Article
ബോക്സിങ് റിങ്ങിലെ ഇതിഹാസം അമേരിക്കക്കാരൻ മുഹമ്മദ് അലിയും ഒരു സൈക്കിളും തമ്മിൽ എന്താണ് ബന്ധം? ഉണ്ട്, അലിയും സൈക്കിളും തമ്മിൽ അഭേദ്യമായൊരു ബന്ധമുണ്ട്. കാത്തിരുന്ന് കിട്ടിയ സൈക്കിൾ നഷ്ടപ്പെട്ടെന്ന ഒറ്റക്കാരണത്താൽ ജീവിതത്തിന്റെ വഴി തന്നെ മാറിപ്പോവുകയും ആ വഴിയിലൂടെ നടന്ന് ഇതിഹാസമാകുകയും ചെയ്ത വ്യക്തിയാണ് മുഹമ്മദ് അലി. എങ്ങനെയാണെന്നല്ലേ? രാജ്യാന്തര സൈക്കിൾ ദിനത്തോട് (ജൂൺ മൂന്ന്) അനുബന്ധിച്ച് ആ രസകരമായ സംഭവം വായിക്കാം:
ഏതൊരാളുടെയും ബാല്യകാലത്തിലെ സ്വപ്നങ്ങളിലൊന്നാണ് സ്വന്തമായൊരു സൈക്കിൾ. അമേരിക്കയിലെ കെന്റുക്കി ലൂയിസ് വില്ലയിൽ കാഷ്യസ് മാർലസ് ക്ലേ സീനിയറിന്റെയും ഒഡീസ ഗ്രേഡിയുടെയും മൂത്ത മകനും അത്തരമൊരു മോഹമുണ്ടായിരുന്നു. മാതാപിതാക്കളുടെ സാമ്പത്തികബുദ്ധിമുട്ടുകൾ ചെറുപ്പത്തിൽ തന്നെ അറിയാമായിരുന്നതുകൊണ്ട് അവനതൊരു സ്വപ്നം മാത്രമായി കൊണ്ടുനടക്കുകയായിരുന്നു.
സ്വന്തമായൊരു സൈക്കിളെന്ന സ്വപ്നം മനസ്സിൽ താലോലിച്ച് നടന്ന ആ 12 വയസ്സുകാരനെ ആഹ്ലാദത്തിലാറാടിച്ച അപ്രതീക്ഷിത സമ്മാനമായിരുന്നു പിതാവ് വാങ്ങിക്കൊടുത്ത ആ ചുവന്ന ഷ്വിൻ സൈക്കിൾ. സൈക്കിളിനെ തൂത്തുംതുടച്ചും കണ്ണിലെ കൃഷ്ണമണിപോലെ കൊണ്ടുനടന്ന പയ്യന്റെ ആഹ്ലാദത്തിന് പക്ഷേ, അധികം ആയുസ്സില്ലായിരുന്നു. ഏതാനും നാളുകൾക്കുശേഷം സഹോദരൻ റുഡോൾഫിനൊപ്പം കൊളംബിയ ഓഡിറ്റോറിയത്തിൽ പരിപാടി കണ്ടുകൊണ്ടിരുന്ന സമയം പുറത്തിരുന്ന അവന്റെ സൈക്കിളാരോ മോഷ്ടിച്ചു. ഓഡിറ്റോറിയത്തിൽ നിന്നും തിരിച്ചിറങ്ങിയപ്പോൾ തന്റെ സൈക്കിൾ നഷ്ടപ്പെട്ടെന്നു മനസ്സിലാക്കിയ അവന്റെ ഹൃദയം തകർന്നു.
കണ്ണീരൊഴുക്കിയ കുട്ടിയോട് താഴെ ജിംനേഷ്യത്തിലെ പരിശീലകൻ ഒരു പൊലീസ് ഉദ്യോഗസ്ഥനാണെന്നും അദ്ദേഹത്തോട് പറഞ്ഞാൽ പോംവഴിയുണ്ടാകുമെന്നും അടുത്തുണ്ടായിരുന്ന ആരോ പറഞ്ഞു. കരഞ്ഞുകൊണ്ടവിടെയെത്തിയ അവനോട് ജിമ്മിലെ പരിശീലകനായ ജോ മാർട്ടിൻ കാര്യം തിരക്കി. തന്റെ സൈക്കിൾ കണ്ടെത്തുന്നതിന് ഉടൻ തന്നെ അദേഹം എന്തെങ്കിലും ചെയ്യുമെന്ന് പ്രതീക്ഷിച്ച കുട്ടിയെ നിരാശപ്പെടുത്തി കൂടുതലൊന്നും പറയാതെ അവനോട് ജിമ്മിൽ ചേർന്ന് ബോക്സിംഗ് പരിശീലിക്കാൻ അദ്ദേഹം ആവശ്യപ്പെട്ടു. ജിം ട്രെയിനർ എന്നതുകൂടാതെ മികച്ചൊരു ബോക്സിംഗ് പരിശീലകൻ കൂടിയായിരുന്നു ജോ മാർട്ടിൻ. സൈക്കിൾ മോഷണം പോയതിന്റെ ദുഃഖം മറന്ന് കഠിന പരിശീലനം തുടങ്ങിയ ആ പന്ത്രണ്ടുവയസ്സുകാരൻ ഏതാനും ആഴ്ചകൾക്കം തന്റെ ആദ്യ വിജയം നേടി. പിന്നീടുള്ളത് ചരിത്രമാണ്.
ജോ മാർട്ടിന്റെ അന്വേഷണത്തിൽ കുട്ടിയുടെ സൈക്കിളൊരിക്കലും കണ്ടുകിട്ടിയില്ലെങ്കിലും ആ സംഭവം കാരണം അദ്ദേഹം കണ്ടെടുത്തത് ലോക കായികലോകത്ത് പകരം വയ്ക്കാനാവാത്ത താരത്തെയായിരുന്നു. ബോക്സിംഗ് ഇതിഹാസം സാക്ഷാൽ മുഹമ്മദ് അലിയായിരുന്നു അന്ന് സൈക്കിൾ നഷ്ടപ്പെട്ടെന്ന ഒറ്റക്കാരണത്താൽ റിംഗിലേക്ക് മാറിക്കയറിയ, അന്ന് കാഷ്യസ് ക്ലേ എന്നറിയപ്പെട്ടിരുന്ന ആ പന്ത്രണ്ടു വയസ്സുകാരൻ!
English Summary: Boxing Legent Muhammed Ali and A Stolen Bicycle