ADVERTISEMENT

1998ലെ ബാങ്കോക്ക് ഏഷ്യൻ ഗെയിംസിനുശേഷം ഇന്ത്യൻ എയർലൈൻസ് വിമാനത്തിൽ ഡൽഹിയിലേക്കു മടങ്ങുകയാണ് ഇന്ത്യൻ ടീം. മോശം കാലാവസ്ഥമൂലം വിമാനം മുംബൈയിലേക്കു തിരിച്ചുവിട്ടു. പുരുഷ 4–400 മീറ്റർ റിലേയിൽ വെള്ളി നേടിയ തൃശൂർ നാട്ടിക സ്വദേശി പി.രാമചന്ദ്രൻ കൂട്ടുകാരൻ ലിജോ ഡേവിഡ് തോട്ടാന്റെയൊപ്പം സീറ്റിൽ നിന്നെഴുന്നേറ്റു. വനിതാ 4–400 മീറ്റർ റിലേയിൽ വെള്ളി നേടിയ കോട്ടയം കോരുത്തോടുകാരി ജിൻസി ഫിലിപ്പിന്റെ അടുത്തെത്തി നിന്നശേഷം രാമചന്ദ്രൻ ശബ്ദം താഴ്ത്തിപ്പറ‍ഞ്ഞു:

‘ജിൻസിയെ എനിക്ക് ഇഷ്ടമാണ്. വിൽ യു മാരി മീ?’ വഴിതിരിച്ചുവിട്ട വിമാനത്തിനുള്ളിലെ പ്രണയാഭ്യർഥന പിന്നീട് ഇരുവരുടെയും ജീവിതം മാറ്റിമറിച്ചു. 

∙ പ്രണയമില്ലാ ബാഗേജ്

കെ.പി.തോമസിന്റെ ശിഷ്യയായ ജിൻസി കോരുത്തോട് സ്കൂളിൽനിന്നു പ്രീഡിഗ്രിക്ക് എത്തിയതു തൃശൂർ വിമലയിലാണ്. നാട്ടിക എസ്എൻ കോളജ്, തൃശൂർ കേരള വർമ എന്നിവിടങ്ങളിലായിരുന്നു രാമചന്ദ്രന്റെ പഠനകാലം. സർവകലാശാല മീറ്റുകളിൽ ഇരുവരും മത്സരിച്ചിട്ടുണ്ടെങ്കിലും അടുത്തു പരിചയമില്ലായിരുന്നു. നാട്ടിൻപുറത്തുകാരി ജിൻസിക്ക് ആദ്യകാലങ്ങളിൽ രാമചന്ദ്രനും സംഘവും വെറും വായ്നോട്ടക്കാരായിരുന്നു.

97ൽ ജിൻസി ആദ്യമായി ഇന്ത്യൻ ക്യാംപിലെത്തുമ്പോൾ രാമചന്ദ്രൻ അവിടെയുമുണ്ടായിരുന്നു. ബാഗ് എടുത്തുവയ്ക്കാനും ടിക്കറ്റ് എടുത്തുകൊടുക്കാനും സഹായവുമായി ജിൻസിക്കും സംഘത്തിനും ഏതാവശ്യത്തിനും വിളിപ്പുറത്ത് രാമചന്ദ്രനും സുഹൃത്തുക്കളുമെത്തി. പക്ഷേ, പ്രണയത്തിന്റെ ബാഗേജ് കൈമാറ്റം നടന്നില്ല. 

∙ പ്രണയവും വിവാഹവും 

ആദ്യശ്രമം പരാജയപ്പെട്ടെങ്കിലും രാമചന്ദ്രൻ പിന്നാലെകൂടി. ഒടുവിൽ പ്രണയം. 99ലെ സാഫിലും ഇരുവരും വെള്ളി നേടി. 2000 സിഡ്നി ഒളിംപിക്സിൽ ഇന്ത്യയ്ക്കായി ഓടി. 99ലെ ലോക പൊലീസ് മീറ്റിൽ ജിൻസി 3 സ്വർണവും 2 വെള്ളിയും നേടി. 2002 ഏഷ്യൻ ഗെയിംസിൽ ജിൻസി സ്വർണവും രാമചന്ദ്രൻ വെള്ളിയും നേടി. നേട്ടങ്ങളുടെ കൊടുമുടിയിലും ജിൻസിയുടെ വീട്ടുകാരുടെ സമ്മതം ഉറപ്പിക്കാൻ രാമചന്ദ്രനു വിയർക്കേണ്ടിവന്നു.

അന്യമതസ്ഥനുമായുള്ള വിവാഹത്തെ ജിൻസിയുടെ കുടുംബം എതിർത്തു. ഇളയവരിൽ ഒരാൾ കന്യാസ്ത്രീ, മറ്റേയാൾ അവിവാഹിത. ‌മൂത്തവൾ ഇങ്ങനെ പോയാൽ എന്തു ചെയ്യുമെന്നായി വീട്ടുകാർ? പക്ഷേ, രാമചന്ദ്രന്റെ വീട്ടുകാരുടെ നിരന്തര ഇടപെടലും ജിൻസിയുടെ സഹോദരിയുടെ ശ്രമങ്ങളും ഫലംകണ്ടു. 2003ൽ വിവാഹം. 

∙ ശുഭയാത്ര 

ഈ ഏപ്രിലി‍ൽ ഇരുവരും 17–ാം വിവാഹ വാ‍ർഷികം ആഘോഷിച്ചു. ജിൻസിയുടെ മാതാപിതാക്കൾക്കു രാമചന്ദ്രൻ ഇപ്പോൾ മരുമകനല്ല, മകനാണ്. കസ്റ്റംസിൽ സൂപ്രണ്ടായ രാമചന്ദ്രൻ ഇപ്പോൾ തിരുവനന്തപുരം വിമാനത്താവളത്തിൽ. സിആർപിഎഫ് ഡപ്യൂട്ടി കമൻഡാന്റായ ജിൻസി ഇപ്പോൾ ഡപ്യൂട്ടേഷനിൽ സായ് പരിശീലകയായി ജോലി ചെയ്യുന്നു. മക്കളായ അഭിഷേകും എയ്ബലും അതുല്യയും ഇവർക്കൊപ്പം സന്തോഷം പങ്കിടാൻ ജീവിതത്തിന്റെ ട്രാക്കിലുണ്ട്.

English Summary: Olympian P.Ramachandran - Jincy Philip Love Story

ഇവിടെ പോസ്റ്റു ചെയ്യുന്ന അഭിപ്രായങ്ങൾ മലയാള മനോരമയുടേതല്ല. അഭിപ്രായങ്ങളുടെ പൂർണ ഉത്തരവാദിത്തം രചയിതാവിനായിരിക്കും. കേന്ദ്ര സർക്കാരിന്റെ ഐടി നയപ്രകാരം വ്യക്തി, സമുദായം, മതം, രാജ്യം എന്നിവയ്ക്കെതിരായി അധിക്ഷേപങ്ങളും അശ്ലീല പദപ്രയോഗങ്ങളും നടത്തുന്നത് ശിക്ഷാർഹമായ കുറ്റമാണ്. ഇത്തരം അഭിപ്രായ പ്രകടനത്തിന് നിയമനടപടി കൈക്കൊള്ളുന്നതാണ്.
തൽസമയ വാർത്തകൾക്ക് മലയാള മനോരമ മൊബൈൽ ആപ് ഡൗൺലോഡ് ചെയ്യൂ
അവശ്യസേവനങ്ങൾ കണ്ടെത്താനും ഹോം ഡെലിവറി  ലഭിക്കാനും സന്ദർശിക്കു www.quickerala.com