ADVERTISEMENT

1900ൽ പാരിസിൽ അരങ്ങേറിയ രണ്ടാമത് ഒളിംപിക് മേളയിലാണ് ചരിത്രം പിറന്നത്. ജൂലൈ 16ന് 200 മീറ്റർ ഹർഡിൽസിൽ നോർമൻ പ്രിച്ചാർഡ് നേടിയ വെളളി മെഡലാണ് ഇന്ത്യയുടെ ആദ്യ ഒളിംപിക് മെഡൽ. ജൂലൈ 22ന് അരങ്ങേറിയ 200 മീറ്റർ ഓട്ടത്തിലൂടെ രണ്ടാമത്തെ വെള്ളി മെഡലും പ്രിച്ചാർഡ് സ്വന്തമാക്കി.

∙ സ്വതന്ത്ര ഇന്ത്യ പിറവിയെടുക്കുന്നതിനു വർഷങ്ങൾക്കുമുൻപ് ഒളിംപിക്‌സിന്റെ ഔദ്യോഗിക രേഖകളിൽ ഇന്ത്യ സ്‌ഥാനം നേടിയിരുന്നു. ഇതിന് ഇന്ത്യൻ കായികലോകം നന്ദിപറയേണ്ടത് കൊൽക്കത്തയിൽനിന്നുള്ള ഒരു അത്‌ലീറ്റിനോടാണ്. ഒരു നൂറ്റാണ്ടു മുൻപ് ഇന്ത്യയ്‌ക്ക് രണ്ട് ഒളിംപിക് മെഡലുകൾ സമ്മാനിച്ച കായികതാരമാണ് നോർമൻ ഗിൽബർട്ട് പ്രിച്ചാർഡ്. 1900ലെ പാരിസ് ഒളിംപിക്‌സിൽ രണ്ട് വെള്ളി മെഡലുകളാണ് അദ്ദേഹം ഇന്ത്യയ്ക്കു നേടിത്തന്നത്. ഇന്ത്യയുടെ മാത്രമല്ല ഏഷ്യയിലെതന്നെ ആദ്യ ഒളിംപിക് മെഡൽ ജേതാവാണ് പ്രിച്ചാർഡ്.

ഒരു ഇംഗ്ലിഷ് കുടുംബത്തിൽ 1875 ജൂൺ 23ന് കൊൽക്കത്തയ്‌ക്ക് തെക്കുളള ആലിപുരിലായിരുന്നു പ്രിച്ചാർഡിന്റെ ജനനം. കൊൽക്കത്തയിലെ സെന്റ് സേവ്യഴ്‌സ് കോളജിൽ വിദ്യാഭ്യാസം. പഠിക്കുമ്പോൾതന്നെ കായികരംഗത്തു മികവു തെളിയിച്ചു. ഫുട്‌ബോളിലായിരുന്നു ആദ്യം മികവു പുലർത്തിയത്. തുടർന്ന് ബേർഡ് ആൻഡ് കമ്പനിയിൽ ഉദ്യോഗം. ജോലിക്കൊപ്പം ബംഗാൾ പ്രസിഡൻസി അത്‌ലറ്റിക് ക്ലബിൽ അംഗത്വം. അവിടെനിന്നാണ് പ്രിച്ചാർഡ് എന്ന അത്‌ലറ്റിന്റെ ഉയർച്ച കായികലോകം കണ്ടത്. അദ്ദേഹത്തിന്റെ നേട്ടങ്ങൾ ബംഗാളിൽ നിറഞ്ഞുനിന്നു. 1894 മുതൽ 1900 വരെ തുടർച്ചയായി ഏഴു വർഷം 100 വാര ഓട്ടത്തിലെ ചാംപ്യനായിരുന്നു. 440 വാര, 120 വാര ഓട്ടങ്ങളിലും പ്രിച്ചാർഡ് തന്നെയായിരുന്നു ബംഗാൾ ചാംപ്യൻ.

പഠനത്തിനു 1900ൽ പ്രിച്ചാർഡ് ലണ്ടനിലേക്കു കപ്പൽകയറി. ലണ്ടൻ യൂണിവേഴ്‌സിറ്റിയിൽ ചേർന്നതോടെ ട്രാക്കിലേക്കു കൂടുതൽ ശ്രദ്ധിച്ചുതുടങ്ങി. അവിടെ വാഴ്‌സിറ്റി മീറ്റിലെ വിജയമാണ് ഒളിംപിക്‌സിൽ എത്തിച്ചത്. ലണ്ടൻ അത്‌ലറ്റിക് ക്ലബ് നടത്തിയ 100 വാര, 120 വാര, 440 വാര ഓട്ടമൽസരങ്ങളിൽ ചാംപ്യനായതോടെ പ്രിച്ചാർഡിന്റെ പേര് ലണ്ടനിലെങ്ങും പ്രശസ്‌തമായി. ബ്രിട്ടിഷ് ചാംപ്യൻമാരെപ്പോലും പിന്നിലാക്കിയ പ്രകടനമായിരുന്നു പ്രിച്ചാർഡ് മേളയിലുടനീളം കാഴ്‌ചവച്ചത്. തൊട്ടടുത്ത ആഴ്‌ചയിൽ അരങ്ങേറിയ ബ്രിട്ടീഷ് അമച്വർ അത്‌ലറ്റിക് ചാംപ്യൻഷിപ്പിലും പ്രിച്ചാർഡ് മികവു പുലർത്തി.

norman-trevor
ഒരു ഹോളിവുഡ് ചിത്രത്തിൽ നോർമൻ (വലത്)

മേളയിലെ മികച്ച പ്രകടനം പ്രിച്ചാർഡിന് ഒളിംപിക്‌സിൽ പങ്കെടുക്കാനുളള യോഗ്യത നേടിക്കൊടുത്തു. ബ്രിട്ടന്റെ പ്രതിനിധിയായി മത്സരിക്കാൻ സമ്മർദമുണ്ടായെങ്കിലും ഇന്ത്യക്കാരനായി ട്രാക്കിലിറങ്ങാനാണ് പ്രിച്ചാർഡ് ഇഷ്‌ടപ്പെട്ടത്. പാരിസിൽ വലിയൊരു അത്‌ലറ്റിക് മൽസരം നടക്കുന്നുവെന്നല്ലാതെ, അത് ഒളിംപ്‌കിസ്‌ ആണെന്നു പ്രിച്ചാർഡിനുപോലും അറിയില്ലായിരുന്നത്രേ. ഏതായാലും പാരിസ മേള ഇന്ത്യയുടെ ആദ്യ രാജ്യാന്തര കായിക വേദിയായി. (1908 മുതലാണ്‌ കായികതാരങ്ങൾ അവരവരുടെ രാജ്യങ്ങളെ പ്രതിനിധീകരിക്കുന്ന സമ്പ്രദായം തുടങ്ങിയത്. ഇന്ത്യ ഔദ്യോഗികമായി ഒരു സംഘത്തെ ഒളിംപിക്‌സിന് അയയ്‌ക്കുന്നത് 1928ൽ മാത്രമാണ്)

ഒളിംപിക്‌സിൽ പ്രിച്ചാർഡ് നിരാശനാക്കിയില്ല. ഇരട്ട വെള്ളി നേടിത്തന്ന് ഇന്ത്യയുടെ ആദ്യ മെഡൽ ജേതാവ് എന്ന ബഹുമതി അദ്ദേഹം സ്വന്തമാക്കി. 200 മീറ്റർ ഹർഡിൽസിൽ അമേരിക്കയുടെ ആൽവിൻ ക്രെൻസ്‌ലെയ്‌ൻ (25.4 സെ) ആണ് പ്രിച്ചാർഡിനെ (26.6 സെ) രണ്ടാം സ്‌ഥാനത്താക്കിയത്. 200 മീറ്റർ ഓട്ടത്തിൽ അദ്ദേഹം അമേരിക്കയുടെ തന്നെ വാൾട്ടർ ട്യൂസ്‌ബറിക്കു (22.2 സെ) പിന്നിൽ വെള്ളി നേടി. (22.8 സെ). ഒളിംപിക്‌സിലെ അത്‌ലറ്റിക്‌സ് വിഭാഗത്തിൽ ഇന്നും നമുക്ക് അവകാശപ്പെടാൻ പ്രിച്ചാർഡിന്റെ മെഡലുകൾ മാത്രം.   60 മീ., 100 മീ, 110 മീ. ഹർഡിൽസ് എന്നിവയിൽ പങ്കെടുത്തെങ്കിലും അവയിലൊന്നും വിജയിക്കാനായില്ല. അങ്ങനെ ഇന്ത്യൻ അത്‌ലറ്റിക്‌സിലെ ആദ്യ സൂപ്പർ താരം എന്ന വിശേഷണം സ്വന്തമാക്കി. ഒളിംപിക്‌സിലെ മികച്ച പ്രകടനത്തിന്‌ഫ്രഞ്ച് ഒളിംപിക് കമ്മിറ്റിയുടെ പ്രത്യേക ബഹുമതിയും പ്രിച്ചാർഡ് നേടുകയുണ്ടായി.

ഒളിംപിക്സിനുശേഷം ഇന്ത്യയിൽ തിരികെയെത്തിയ പ്രിച്ചാർഡ് ഇന്ത്യൻ ഫുട്‌ബോൾ അസോസിയേഷന്റെ സെക്രട്ടറിയായും പ്രവർത്തിച്ചു. 1906ൽ വീണ്ടും ഇംഗ്ലണ്ടിലെത്തി. അതിനുശേഷം ഇന്ത്യയിലേക്കു തിരികെ വന്നതായി രേഖകളൊന്നുമില്ല. പിന്നീട് കായികരംഗത്തോടു വിടവാങ്ങിയ പ്രിച്ചാർഡ് ഹോളിവുഡ് ചിത്രങ്ങളിൽ അഭിനയിക്കാൻ അമേരിക്കയിലേക്കു പറക്കുകയായിരുന്നു. വെള്ളിത്തിരയിൽ നോർമൻ ട്രിവർ എന്ന പേരാണ് അദ്ദേഹം സ്വീകരിച്ചത്. 1915ൽ പുറത്തിറങ്ങിയ ആഫ്‌റ്റർ നൈറ്റ് മുതൽ ടു നൈറ്റ് അറ്റ് ട്വൽവ് (1929) എന്ന സിനിമയിൽവരെ അഭിനയിച്ചു. 1929 ഒക്‌ടോബർ 30 ന് അമേരിക്കയിലെ നോർവോക്കിൽ മസ്‌തിഷ്‌കരോഗത്തെത്തുടർന്ന് മരണം.

2004 ഒളിംപിക്സ് നടക്കുമ്പോൾ ബ്രിട്ടൻ ഒരവകാശവാദവുമായി മുന്നിട്ടിറങ്ങിയത് കായികലോകത്ത്  വിവാദം സൃഷ്ടിച്ച സംഭവമാണ്. പ്രിച്ചാർഡ് ബ്രിട്ടനെയാണ്‌  ഒളിംപിക്‌സിൽ പ്രതിനിധീകരിച്ചെതെന്നും റെക്കോർഡ് ബുക്കിലേക്ക് പകർത്തിയെഴുതുമ്പോൾ ഇന്ത്യയെന്ന് തെറ്റായി രേഖപ്പെട്ടതാണെന്നും അവർ പറഞ്ഞിരുന്നു. ഈ അവകാശം ഇന്ത്യ നഖശിഖാന്തം എതിർത്തു. ഒരു നൂറ്റാണ്ടിനു മുൻപെ ഇന്ത്യൻ അത്‌ലറ്റിക്‌സിൽ ചരിത്രം കുറിച്ച പ്രിച്ചാർഡിനെപ്പറ്റി കൂടുതൽ വിവരങ്ങൾ ലഭ്യമല്ല. പ്രിച്ചാർഡിനെപ്പറ്റി ലഭ്യമായ വിവരങ്ങൾക്ക് ഇന്ത്യൻ സ്‌പോർട്‌സ് കടപ്പെട്ടിരിക്കുന്നത്‌ ലണ്ടനിലുളള ഇന്ത്യാ ഓഫീസിൽ സൂക്ഷിച്ചിട്ടുളള ബംഗാൾ പാരീഷ് രേഖകളോടാണ്. ഇവ പിന്നീട് ഇന്റർനാഷvൽ സൊസൈറ്റി ഓഫ് ഒളിംപിക് ഹിസ്‌റ്റോറിയൻസ്‌ ജേണലിൽ പ്രസിദ്ധീകരിക്കപ്പെട്ടു.

English Summary: India's First Olympic Medal, July 1900

ഇവിടെ പോസ്റ്റു ചെയ്യുന്ന അഭിപ്രായങ്ങൾ മലയാള മനോരമയുടേതല്ല. അഭിപ്രായങ്ങളുടെ പൂർണ ഉത്തരവാദിത്തം രചയിതാവിനായിരിക്കും. കേന്ദ്ര സർക്കാരിന്റെ ഐടി നയപ്രകാരം വ്യക്തി, സമുദായം, മതം, രാജ്യം എന്നിവയ്ക്കെതിരായി അധിക്ഷേപങ്ങളും അശ്ലീല പദപ്രയോഗങ്ങളും നടത്തുന്നത് ശിക്ഷാർഹമായ കുറ്റമാണ്. ഇത്തരം അഭിപ്രായ പ്രകടനത്തിന് നിയമനടപടി കൈക്കൊള്ളുന്നതാണ്.
തൽസമയ വാർത്തകൾക്ക് മലയാള മനോരമ മൊബൈൽ ആപ് ഡൗൺലോഡ് ചെയ്യൂ
അവശ്യസേവനങ്ങൾ കണ്ടെത്താനും ഹോം ഡെലിവറി  ലഭിക്കാനും സന്ദർശിക്കു www.quickerala.com