ADVERTISEMENT

ഭുവനേശ്വർ∙ പരിശീലനത്തിന് പണമില്ലാതെ പ്രശസ്ത അത്‌ലീറ്റ് ദ്യുതി ചന്ദ് തന്റെ ബിഎംഡബ്ല്യു കാർ വിൽക്കുന്നുവെന്ന വാർത്ത വിവാദമായതിനു പിന്നാലെ, കഴിഞ്ഞ അഞ്ച് വർഷത്തിനിടെ ദ്യുതിക്ക് നൽകിയ സാമ്പത്തിക സഹായത്തിന്റെ വിശദാംശങ്ങൾ വെളിപ്പെടുത്തി ഒഡീഷ സർക്കാർ. ബിഎംഡബ്ല്യു വിൽക്കുന്നത് പരിശീലനത്തിന് പണമില്ലാത്തതുകൊണ്ടല്ല, പരിപാലന ചെലവ് ഭീമമായതു കൊണ്ടാണെന്ന ദ്യുതിയുടെ വിശദീകരണത്തിനു പിന്നാലെയാണ് താരത്തിന് ഇതുവരെ നൽകിയ സാമ്പത്തിക സഹായത്തിന്റെ വിശദാംശങ്ങൾ സംസ്ഥാന സർക്കാർ പുറത്തുവിട്ടത്. ഇതുപ്രകാരം, 2015 മുതൽ ഇതുവരെ ദ്യുതി ചന്ദിന് ഒഡീഷ സർക്കാർ മാത്രം നൽകിയത് 4.09 കോടി രൂപയാണ്!

ഒഡീഷയിലെ കായിക മന്ത്രാലയമാണ് ദ്യുതിക്ക് സംസ്ഥാന സർക്കാർ നൽകിയ സഹായങ്ങളുടെ വിശദാംശങ്ങൾ പുറത്തുവിട്ടത്. ‘2018ൽ ഏഷ്യൻ ഗെയിംസിൽ മെഡൽ നേടിയതിനുള്ള ഉപഹാരമെന്ന നിലയിൽ 3 കോടി രൂപയാണ് സംസ്ഥാന സർക്കാർ നൽകിയത്. 2015–19 കാലയളവിൽ കായിക പരിശീലനത്തിനുള്ള സഹായമെന്ന നിലയിൽ 30 ലക്ഷം രൂപ നൽകി. ടോക്കിയോ ഒളിംപിക്സിനുള്ള ഒരുക്കത്തിനായി ഇതിനു പുറമെ വേറൊരു 50 ലക്ഷം രൂപ കൂടി നൽകി. ഇത് 2019 ഓഗസ്റ്റ് രണ്ടിനും ഡിസംബർ 27നുമായി രണ്ട് ഗഡുക്കളായാണ് നൽകിയത്’ – കായിക മന്ത്രാലയത്തിന്റെ പ്രസ്താവനയിൽ പറയുന്നു.

ഇതിനു പുറമെ ദ്യുതി ചന്ദിന് സംസ്ഥാന സർക്കാർ അരലക്ഷത്തിലധികം രൂപ ശമ്പളത്തിൽ ജോലി നൽകിയ കാര്യവും പ്രസ്താവനയിൽ വ്യക്തമാക്കുന്നുണ്ട്.

‘ഒഡീഷ മൈനിങ് കോർപറേഷനിൽ (ഒഎംസി) എ ലെവൽ ഓഫിസറായി ദ്യുതിയെ സംസ്ഥാന സർക്കാർ നിയമിച്ചിട്ടുണ്ട്. നിലവിൽ (2020 ജൂണിലെ കണക്ക്) 84,604 രൂപയാണ് ദ്യുതിയുടെ മൊത്തം പ്രതിമാസ ശമ്പളം. ജോലി സംബന്ധമായ ആവശ്യങ്ങൾക്കായി ദ്യുതി ഓഫിസിൽ വരേണ്ട കാര്യം പോലുമില്ല. മുഴുവൻ സമയ പരിശീലനത്തിന് ദ്യുതിക്ക് സംസ്ഥാന സർക്കാർ പ്രത്യേക അനുമതി നൽകിയിട്ടുള്ളതാണ്’ – പ്രസ്താവന വ്യക്തമാക്കുന്നു.

‘ഇതനുസരിച്ച്, ഒഡീഷ മൈനിങ് കോർപ്പറേഷനിൽ ദ്യുതിയെ ജോലിക്കെടുത്തശേഷം, ഔദ്യോഗികമായ ഒരു ജോലിയും അവർക്ക് നൽകിയിട്ടില്ല. ഒഎംസി മാത്രം ഇതുവരെ 29 ലക്ഷം രൂപയാണ് പരിശീലനത്തിനായും സാമ്പത്തിക സഹായമായും നൽകിയത്’ – പ്രസ്താവനയിൽ പറയുന്നു. ഇതിനെല്ലാം പുറമെ ഇന്ത്യൻ അത്‍ലറ്റിക് ഫെഡറേഷനും കേന്ദ്ര സർക്കാരും കേന്ദ്ര കായിക മന്ത്രാലയവും പലതവണ സഹായം നൽകിയിട്ടുണ്ടെന്നും പ്രസ്താവനയിൽ ചൂണ്ടിക്കാട്ടിയിട്ടുണ്ട്.

നേരത്തെ, പരിശീലന ചെലവിന് പണം കണ്ടെത്താൻ ആഡംബര കാർ വിൽക്കുന്നുവെന്ന റിപ്പോർട്ടുകളിൽ വിശദീകരണവുമായി ദ്യുതി നേരിട്ട് രംഗത്തെത്തിയിരുന്നു. പരിശീലനത്തിന് പണമില്ലാത്തതിന്റെ പേരിലാണ് തന്റെ ബിഎംഡബ്ല്യു വിൽക്കുന്നതെന്ന വാർത്ത അടിസ്ഥാനരഹിതമാണെന്ന് ദ്യുതി പ്രതികരിച്ചു. ബിഎംഡബ്ല്യു പോലൊരു ആഡംബർ കാർ കൊണ്ടുനടക്കുന്നതിലെ സാമ്പത്തിക ബുദ്ധിമുട്ടു നിമിത്തമാണ് വിൽക്കാൻ ആലോചിക്കുന്നതെന്നും ദ്യുതി വിശദീകരിച്ചു. ഒഡീഷ സർക്കാരും കേന്ദ്ര സർക്കാരും ഉറച്ച പിന്തുണയാണ് നൽകുന്നതെന്ന് വ്യക്തമാക്കിയ ദ്യുതി, ഇപ്പോൾത്തന്നെ ആവശ്യത്തിലേറെ ഭാരം വഹിക്കുന്ന സർക്കാരുകളെ ബുദ്ധിമുട്ടിക്കാതെ സ്വന്തം നിലയ്ക്ക് എന്തെങ്കിലും ചെയ്യാനുള്ള ശ്രമത്തിന്റെ ഭാഗമായാണ് ആഡംബര കാർ വിൽക്കാൻ തീരുമാനിച്ചതെന്നും വിശദീകരിച്ചു.

English Summary: Odisha government reveals record of financial support given to Dutee Chand

ഇവിടെ പോസ്റ്റു ചെയ്യുന്ന അഭിപ്രായങ്ങൾ മലയാള മനോരമയുടേതല്ല. അഭിപ്രായങ്ങളുടെ പൂർണ ഉത്തരവാദിത്തം രചയിതാവിനായിരിക്കും. കേന്ദ്ര സർക്കാരിന്റെ ഐടി നയപ്രകാരം വ്യക്തി, സമുദായം, മതം, രാജ്യം എന്നിവയ്ക്കെതിരായി അധിക്ഷേപങ്ങളും അശ്ലീല പദപ്രയോഗങ്ങളും നടത്തുന്നത് ശിക്ഷാർഹമായ കുറ്റമാണ്. ഇത്തരം അഭിപ്രായ പ്രകടനത്തിന് നിയമനടപടി കൈക്കൊള്ളുന്നതാണ്.
തൽസമയ വാർത്തകൾക്ക് മലയാള മനോരമ മൊബൈൽ ആപ് ഡൗൺലോഡ് ചെയ്യൂ
അവശ്യസേവനങ്ങൾ കണ്ടെത്താനും ഹോം ഡെലിവറി  ലഭിക്കാനും സന്ദർശിക്കു www.quickerala.com