ADVERTISEMENT

ഭുവനേശ്വർ∙ പരിശീലനത്തിന് പണമില്ലാത്തതിന്റെ പേരിൽ ബിഎംഡബ്ല്യു കാർ വിൽപ്പനയ്ക്കു വച്ച് വിവാദത്തിൽ ചാടിയ പ്രശസ്ത അത്‌ലീറ്റ് ദ്യുതി ചന്ദ് ഒഡീഷ സർക്കാരിനെതിരെ രംഗത്ത്. തനിക്ക് ഇതുവരെ നൽകിയ ഉറച്ച പിന്തുണയ്ക്ക് നന്ദിയുണ്ടെങ്കിലും, ഇപ്പോൾ സർക്കാർ പുറത്തുവിട്ട കണക്കുകൾ കൃത്യമല്ലെന്ന് ദ്യുതി ആരോപിച്ചു. ഇന്ത്യ ഏറ്റവും പ്രതീക്ഷയോടെ കാണുന്ന അത്‌ലീറ്റുകളിൽ ഒരാളായ ദ്യുതിക്ക്, പരിശീലന ചെലവു കണ്ടെത്താൻ ആഡംബര കാർ വിൽക്കേണ്ട സാഹചര്യമുണ്ടായത് വലിയ വിമർശനത്തിന് വഴിവച്ചിരുന്നു. ഈ സാഹചര്യത്തിലാണ് ദ്യുതിക്കായി സർക്കാർ ഇതുവരെ നൽകിയ സഹായങ്ങളുടെ വിശദമായ കണക്ക് ഒഡീഷ പുറത്തുവിട്ടത്. എന്നാൽ, സർക്കാർ പുറത്തുവിട്ട കണക്കുകൾ കൃത്യമല്ലെന്നാണ് ദ്യുതിയുടെ ആരോപണം.

‘ഇക്കാലമത്രയും എനിക്ക് ഉറച്ച പിന്തുണ നൽകിയ ഒഡീഷ സർക്കാരിനോട് തീർത്താൽ തീരാത്ത കടപ്പാടുണ്ട്. പക്ഷേ, എനിക്ക് പരിശീലന ചെലവിനായി നാലു കോടി രൂപ നൽകിയെന്ന് പറയുന്നതിൽ ചില പ്രശ്നങ്ങളുണ്ട്. ഇതു കേട്ടാൽ എല്ലാവരും കരുതുക ഞാൻ ധാരാളം പണം ചെലവാക്കുന്നുണ്ടെന്നാകും’ – ദ്യുതി പ്രതികരിച്ചു. 2018ൽ ഹോക്കി ലോകകപ്പ് സംഘടിപ്പിക്കാൻ കോടികൾ മുടക്കിയപ്പോൾ പോലും കണക്ക് പുറത്തുവിടാത്ത ഒഡ‍ീഷ സർക്കാർ, തനിക്കായി ചെലവഴിച്ച പണത്തിന്റെ കണക്ക് മാത്രം പുറത്തുവിട്ടതിന്റെ ഉദ്ദേശശുദ്ധിയെയും ദ്യുതി ചോദ്യം ചെയ്തു. രാജ്യത്തിനു മുന്നിൽ തന്നെ മോശക്കാരിയാക്കി ചിത്രീകരിക്കാനുള്ള ശ്രമമാണ് നടക്കുന്നതെന്നും ദ്യുതി ആരോപിച്ചു.

‘2018ലെ ഏഷ്യൻ ഗെയിംസിൽ രണ്ട് വെള്ളിമെഡൽ നേടിയപ്പോഴാണ് ഒഡീഷ സർക്കാർ എനിക്ക് മൂന്നു കോടി രൂപ തന്നത്. പി.വി. സിന്ധുവിനും മറ്റ് മെഡൽ ജേതാക്കൾക്കും ഹരിയാനയും പഞ്ചാബും പോലുള്ള സംസ്ഥാന സർക്കാരുകൾ നൽകുന്ന സമ്മാനത്തുക പോലെയാണ് അത്. അത് പരിശീലനത്തിന് നൽകിയ സഹായമായി കാണരുത്’ – ദ്യുതി ചൂണ്ടിക്കാട്ടി.

ദ്യുതിയെ സംസ്ഥാന സർക്കാർ ഒഡീഷ മൈനിങ് കോർപറേഷനിൽ ഗ്രൂപ്പ്–എ ലെവൽ ഓഫിസറായി നിയമിക്കുകയും മൈനിങ് കോർപ്പറേഷൻ ദ്യുതിക്ക് ഇതിനകം 29 ലക്ഷം രൂപ പരിശീലനത്തിനും മറ്റുമായി നൽകുകയും ചെയ്തെന്ന സംസ്ഥാന സർക്കാരിന്റെ വാദത്തെയും താരം ഖണ്ഡിച്ചു. തന്റെ മാസ ശമ്പളം ഉൾപ്പെടുന്ന തുകയാണ് ഇതെന്നാണ് ദ്യുതിയുടെ വാദം.

‘ഈ പറയുന്ന 29 ലക്ഷം രൂപയിൽ എന്റെ ശമ്പളം കൂടി ഉൾപ്പെടുന്നുണ്ട്. അത് എങ്ങനെ പരിശീലനത്തിനുള്ള സഹായമാകുമെന്ന് എനിക്ക് മനസ്സിലാകുന്നില്ല. ഞാൻ ഒഡീഷ മൈനിങ് കോർപ്പറേഷനിലെ ജോലിക്കാരിയാണ്. അതിന് എനിക്ക് ശമ്പളം തരുന്നുണ്ട്. അത് പരിശീലനത്തിനുള്ള സഹായമല്ല. എന്തായാലും ഇക്കാര്യത്തിലും വ്യക്തതക്കുറവുണ്ട്’ – ദ്യുതി ചൂണ്ടിക്കാട്ടി.

ദ്യുതിക്ക് ഈ വർഷം ജൂണിലെ കണക്ക് പ്രകാരം പ്രതിമാസം 84,604 രൂപ പ്രതിമാസം ശമ്പളം ലഭിക്കുന്നുണ്ടെന്ന് ഒഡീഷ സർക്കാർ പ്രസ്താവനയിൽ ചൂണ്ടിക്കാട്ടിയിരുന്നു. ജോലിക്ക് ഹാജരാകുക പോലും ചെയ്യാതെയാണ് ഇത്രയും വലിയ തുക ശമ്പളം നൽകുന്നതെന്നായിരുന്നു സർക്കാരിന്റെ വാദം. മുഴുവൻ സമയം പരിശീലനത്തിന് ചെലവഴിക്കാൻ സർക്കാർ ദ്യുതിക്ക് അനുമതി നൽകിയിട്ടുണ്ടെന്നും പ്രസ്താവനയിൽ വ്യക്തമാക്കിയിരുന്നു. ഈ വാദത്തോടും ദ്യുതി വിയോജിപ്പ് പ്രകടിപ്പിച്ചു. വീട്ടിൽ വെറുതെയിരുന്ന് ശമ്പളം വാങ്ങുന്ന വ്യക്തിയല്ല താനെന്ന് ദ്യുതി ചൂണ്ടിക്കാട്ടി. രാജ്യത്തിനായി മെഡലുകൾ വാങ്ങി ജോലി നൽകിയ സ്ഥാപനത്തിന്റെയും സൽപ്പേരു കാക്കുന്ന താരമാണ് താനെന്നാണ് ദ്യുതി ചൂണ്ടിക്കാട്ടുന്നത്.

‘ഓരോ തവണ ഞാൻ മെഡൽ നേടുമ്പോഴും, അതിന്റെ ഗുണം ഞാൻ ജോലി ചെയ്യുന്ന സ്ഥാപനത്തിനും ലഭിക്കുന്നുണ്ടെന്നാണ് എന്റെ വിശ്വാസം. അവർക്ക് അഭിമാനിക്കാനുള്ള വകയാണ് ഞാൻ നൽകുന്നത്. ഞാൻ വീട്ടിൽ വെറുതേയിരുന്ന് ശമ്പളം വാങ്ങുന്നയാളല്ല. രാജ്യത്തിനായി മെഡൽ നേടുന്നത് ഞാൻ അവസാനിപ്പിച്ചിട്ടുമില്ല. ഓഫിസിലിരുന്ന് പേനയും പേപ്പറും ഉപയോഗിച്ച് ജോലി ചെയ്യുന്നതിനു പകരം, ഞാൻ ഗ്രൗണ്ടിലും സ്റ്റേഡിയത്തിലുമാണ് അധ്വാനിക്കുന്നത്’ – ദ്യുതി ചൂണ്ടിക്കാട്ടി.

കെഐഐടി സ്ഥാപകനും എംപിയുമായ അച്യുത സാമന്ത പരിശീലനത്തിന് സഹായം ഉറപ്പു നൽകിയ സ്ഥിതിക്ക് താൻ ബിഎംഡബ്ലു കാർ വിൽക്കുന്നില്ലെന്നും ദ്യുതി വ്യക്തമാക്കി. ‘കേന്ദ്ര ധനകാര്യ മന്ത്രിയും (നിർമല സീതാരാമൻ) കായികമന്ത്രിയും (കിരൺ റിജിജു) എല്ലാ സഹായവും ഉറപ്പു നൽകിയിട്ടുണ്ട്. ഏതാനും ദിവസം മുൻപ് ഇക്കാര്യം അറിയിച്ച് അവർ വിളിച്ചിരുന്നു. സഹായം വേണ്ട സമയത്ത് ഞാൻ വിളിച്ചോളാമെന്ന് ഏറ്റവും മാന്യമായിത്തന്നെ അറിയിച്ചിട്ടുണ്ട്’ – ദ്യുതി പറഞ്ഞു.

ആഡംബര കാർ വിൽക്കാനുണ്ടെന്ന് കാട്ടി ഫെയ്സ്ബുക്കിൽ പോസ്റ്റ് ചെയ്ത കുറിപ്പിൽ ഒരിടത്തും, പരിശീലനത്തിന് പണമില്ലാത്തതിന്റെ പേരിലാണ് അതു ചെയ്യുന്നതെന്ന് പരാമർശിച്ചിട്ടില്ലെന്ന് ദ്യുതി ചൂണ്ടിക്കാട്ടി. തന്നെ വിവാദത്തിൽ ചാടിക്കാൻ ബോധപൂർവം ശ്രമിക്കുന്നവരാണ് ആ പോസ്റ്റിനെ അത്തരത്തിൽ വ്യാഖ്യാനിച്ചതെന്നാണ് ദ്യുതിയുടെ വാദം.

‘ബിഎംഡബ്ല്യു കാർ വിൽക്കുന്ന കാര്യം പരസ്യമാക്കി ഞാൻ പോസ്റ്റ് ചെയ്ത കുറിപ്പിൽ ഒരിടത്തും പരിശീലനത്തിന് പണമില്ലെന്ന് പറഞ്ഞിട്ടില്ല. ആ പോസ്റ്റിട്ട അന്നു രാത്രി 10 മണി വരെ അത് അവിടെത്തന്നെ ഉണ്ടായിരുന്നു. പക്ഷേ, തെറ്റായ രീതിയിലുള്ള വ്യാഖ്യാനങ്ങൾ വന്നതോടെയാണ് ഞാൻ അത് ഡിലീറ്റ് ചെയ്തത്’ – ദ്യുതി വിശദീകരിച്ചു.

‘ഒഡീഷ സർക്കാർ സഹായം നൽകുന്ന ഒരേയൊരു താരമൊന്നുമല്ല ഞാൻ. ശ്രബാനി നന്ദ, അമിയ മുല്ലിക്ക്, പൂർണിക ഹെംബ്രാം തുടങ്ങിയവരും ഒട്ടേറെ ഹോക്കി താരങ്ങളും സഹായം സ്വീകരിക്കുന്നുണ്ട്. പക്ഷേ, എനിക്കായി ചെലവഴിക്കുന്ന തുക മാത്രം പരസ്യമാക്കി’– ദ്യുതി ചൂണ്ടിക്കാട്ടി.

‘ലോകത്ത് മറ്റൊരിടത്തും ഒരു അത്‍ലീറ്റിന്റെ പരിശീലനത്തിനായി ചെലവഴിക്കുന്ന തുക ഇത്തരത്തിൽ പരസ്യപ്പെടുത്തിയിട്ടുണ്ടാകില്ല. ഇന്ത്യയിൽത്തന്നെ ഹിമ ദാസ്, നീരജ് ചോപ്ര, അഭിനവ് ബിന്ദ്ര, പി.വി. സിന്ധു തുടങ്ങിയവർക്ക് പരിശീലനത്തിനായി നൽകുന്ന തുകയെത്രയെന്ന് വെളിപ്പെടുത്തിയിട്ടുണ്ടോ? എനിക്ക് തന്ന പണം എങ്ങനെ ചെലവഴിച്ചുവെന്നത് സംബന്ധിച്ച് കൃത്യമായ കണക്ക് ഞാൻ സൂക്ഷിച്ചിട്ടുണ്ട്’ – ദ്യുതി വിശദീകരിച്ചു.

‘ടോക്കിയോ ഒളിംപിക്സിനായി എനിക്ക് 50 ലക്ഷം രൂപ അനുവദിച്ചിരുന്നു. ഇക്കാര്യം ഞാൻ ഒരിടത്തും നിഷേധിച്ചിട്ടില്ല. പക്ഷേ, കോവിഡ് മൂലം ഒളിംപിക്സ് ഒരു വർഷത്തേക്ക് നീട്ടിവച്ചതോടെയാണ് എനിക്ക് കൂടുതൽ പണം ആവശ്യമായി വന്നത്. അല്ലെങ്കിൽ ഈ പണം തന്നെ ധാരാളമായിരുന്നു. കോവിഡ് പോലുള്ള ഒരു പ്രതിസന്ധി ഘട്ടത്തിൽ സർക്കാരിനോട് പണം ചോദിക്കുന്നത് ശരിയല്ലെന്ന് കരുതിയാണ് ആഡംബര കാർ വിൽക്കാൻ തീരുമാനിച്ചത്.’– ദ്യുതി വിശദീകരിച്ചു.

English Summary: 'Why am I being humiliated?' Dutee Chand questions Odisha government

ഇവിടെ പോസ്റ്റു ചെയ്യുന്ന അഭിപ്രായങ്ങൾ മലയാള മനോരമയുടേതല്ല. അഭിപ്രായങ്ങളുടെ പൂർണ ഉത്തരവാദിത്തം രചയിതാവിനായിരിക്കും. കേന്ദ്ര സർക്കാരിന്റെ ഐടി നയപ്രകാരം വ്യക്തി, സമുദായം, മതം, രാജ്യം എന്നിവയ്ക്കെതിരായി അധിക്ഷേപങ്ങളും അശ്ലീല പദപ്രയോഗങ്ങളും നടത്തുന്നത് ശിക്ഷാർഹമായ കുറ്റമാണ്. ഇത്തരം അഭിപ്രായ പ്രകടനത്തിന് നിയമനടപടി കൈക്കൊള്ളുന്നതാണ്.
തൽസമയ വാർത്തകൾക്ക് മലയാള മനോരമ മൊബൈൽ ആപ് ഡൗൺലോഡ് ചെയ്യൂ
അവശ്യസേവനങ്ങൾ കണ്ടെത്താനും ഹോം ഡെലിവറി  ലഭിക്കാനും സന്ദർശിക്കു www.quickerala.com