ADVERTISEMENT

കൊൽക്കത്ത∙ അർജുന അവാർഡ് ജേതാവായ ഹെപ്റ്റത്തലൺ താരം സ്വപ്ന ബർമന്റെ വീട്ടിൽ റെയ്ഡ് നടത്തിയ ഫോറസ്റ്റ് ഓഫിസറെ സ്ഥലം മാറ്റിയത് വിവാദമാകുന്നു. സ്വപ്നയുടെ വീട്ടിൽ നിയമവിരുദ്ധമായി മരത്തടികൾ സൂക്ഷിച്ചിട്ടുണ്ടെന്ന രഹസ്യ വിവരത്തെ തുടർന്നാണ് ബയ്കുന്താപുർ ഫോറസ്റ്റ് ഡിവിഷിനു കീഴിലെ ബെലകോബ റേഞ്ച് ഓഫിസർ സഞ്ജയ് ദത്തയുടെ നേതൃത്വത്തിൽ റെയ്ഡ് നടത്തിയത്. എന്നാൽ, താരത്തിന്റെ വീട്ടിൽ റെയ്ഡ് നടത്തിയതിനെ രൂക്ഷമായി വിമർശിച്ച മുഖ്യമന്ത്രി മമതാ ബാനർജി, റെയ്ഡിന് നേതൃത്വം നൽകിയ ഉദ്യോഗസ്ഥനെ സ്ഥലംമാറ്റി. എന്നാൽ, മുഖ്യമന്ത്രിയുടെ നടപടിക്കെതിരെ നാട്ടുകാർ പ്രതിഷേധവുമായി രംഗത്തെത്തിയതോടെയാണ് വിവാദം കനത്തത്.

2018ലെ ഏഷ്യൻ ഗെയിംസിൽ ആദ്യമായി ഇന്ത്യയ്ക്ക് ഹെപ്റ്റത്തലൺ സ്വർണം സമ്മാനിച്ച് ചരിത്രമെഴുതിയ സ്വപ്ന ബർമന്റെ വീട്ടിൽ ഈ മാസം 13നാണ് വനം വകുപ്പ് വകുപ്പ് റെയ്ഡ് നടത്തിയത്. വീടുപണിയുമായി ബന്ധപ്പെട്ട് ഇവിടെ നിയമവിരുദ്ധമായി സൂക്ഷിച്ചിരുന്ന മരത്തടികൾ റെയ്ഡിൽ കണ്ടെടുത്തതായി വനം വകുപ്പ് വ്യക്തമാക്കിയിരുന്നു. മരത്തടികള്‍ സൂക്ഷിക്കുന്നതിന് ആവശ്യമായ രേഖകൾ ഹാജരാക്കാൻ സ്വപ്നയ്‌ക്ക് സാധിച്ചില്ലെന്നു വനം വകുപ്പ് അറിയിച്ചു.

എന്നാൽ, കായികതാരത്തിന്റെ വീട്ടിൽ റെയ്ഡ് നടത്തിയ സംഭവം വാർത്തയായതോടെ മുഖ്യമന്ത്രി മമതാ ബാനർജി പ്രശ്നത്തിൽ ഇടപെടുകയായിരുന്നു. റെയ്ഡിന് പോയ വനം വകുപ്പ് ഉദ്യോഗസ്ഥരെ രൂക്ഷമായ ഭാഷയിൽ വിമർശിച്ച മമതാ ബാനർജി, മതിയായ രേഖകളോടെയാണ് സ്വപ്ന വീട്ടില് മരത്തടികൾ സൂക്ഷിച്ചിരുന്നതെന്ന് വ്യക്തമാക്കുകയും ചെയ്തു.

‘വീടുപണിയുടെ ഭാഗമായിട്ടാണ് സ്വപ്ന മരത്തടികൾ സൂക്ഷിച്ചിരുന്നത്. ബംഗാളിൽനിന്നുള്ള വളരെ മികച്ചൊരു കായികതാരമാണ് സ്വപ്ന ബർമൻ. അവരോട് എനിക്ക് ബഹുമാനമേയുള്ളൂ. സംസ്ഥാന സർക്കാരിന്റെ അനുമതി കൂടാതെയാണ് വനം വകുപ്പ് ഉദ്യോഗസ്ഥരിൽ ചിലർ അവിടെ റെയ്‍ഡ് നടത്തിയത്. അവർ അനുമതി തേടിയിരുന്നെങ്കിൽ ഉറപ്പായും നൽകില്ലായിരുന്നു’ – മമതാ ബാനർജി വ്യക്തമാക്കി.

സ്വപ്നയുമായി പിന്നീട് ഫോണിൽ സംസാരിച്ച മമതാ ബാനർജി, എല്ലാ പ്രശ്നവും രമ്യമായി പരിഹരിക്കുമെന്നും ഉറപ്പു നൽകി. ഇതിനു പിന്നാലെയാണ് റെയ്ഡിനു നേതൃത്വം നൽകിയ ഉദ്യോഗസ്ഥനെ സ്ഥലംമാറ്റിയത്.

എന്നാൽ, ഉദ്യോഗസ്ഥനെ സ്ഥലം മാറ്റിയ നടപടിക്കെതിരെ നാട്ടുകാർ സംഘടിച്ച് പ്രതിഷേധിച്ചതോടെ രംഗം വീണ്ടും മാറി. വിട്ടുവീഴ്ച കൂടാതെ കർത്തവ്യ നിർവഹണം നടത്തിയ ഉദ്യോഗസ്ഥനെയാണ് സ്ഥലം മാറ്റിയതെന്നും അത് റദ്ദാക്കണമെന്നും ആവശ്യപ്പെട്ടാണ് നാട്ടുകാർ പ്രതിഷേധിച്ചത്. ജൽപാൽഗുരി ജില്ലാ ഫോറസ്റ്റ് ഡയറക്ടറേറ്റിനു സമീപം പ്രതിഷേധിച്ച നാട്ടുകാരിൽ അധികവും മമതയുടെ പാർട്ടിക്കാരായിരുന്നുവെന്ന് എഎൻഐ റിപ്പോർട്ട് ചെയ്തു.

English Summary: Villagers protest as forest officer who raided Swapna Barman's Jalpaiguri house gets transferred

ഇവിടെ പോസ്റ്റു ചെയ്യുന്ന അഭിപ്രായങ്ങൾ മലയാള മനോരമയുടേതല്ല. അഭിപ്രായങ്ങളുടെ പൂർണ ഉത്തരവാദിത്തം രചയിതാവിനായിരിക്കും. കേന്ദ്ര സർക്കാരിന്റെ ഐടി നയപ്രകാരം വ്യക്തി, സമുദായം, മതം, രാജ്യം എന്നിവയ്ക്കെതിരായി അധിക്ഷേപങ്ങളും അശ്ലീല പദപ്രയോഗങ്ങളും നടത്തുന്നത് ശിക്ഷാർഹമായ കുറ്റമാണ്. ഇത്തരം അഭിപ്രായ പ്രകടനത്തിന് നിയമനടപടി കൈക്കൊള്ളുന്നതാണ്.
തൽസമയ വാർത്തകൾക്ക് മലയാള മനോരമ മൊബൈൽ ആപ് ഡൗൺലോഡ് ചെയ്യൂ
അവശ്യസേവനങ്ങൾ കണ്ടെത്താനും ഹോം ഡെലിവറി  ലഭിക്കാനും സന്ദർശിക്കു www.quickerala.com