ADVERTISEMENT

മലപ്പുറം ∙ സംസ്ഥാനത്തെ സ്പോർട്സ് ഹോസ്റ്റലുകളിലെ പ്രവേശനം വെട്ടിക്കുറച്ചും കൂടുതൽ പേരെ പുറത്താക്കിയും പണം ലാഭിക്കാൻ സ്പോർട്സ് കൗൺസിൽ. സ്കൂൾ, കോളജ് തലങ്ങളിലായി ഈ വർഷം സ്പോർട്സ് ഹോസ്റ്റലുകളിൽ പ്രവേശിപ്പിക്കുന്നവരുടെ കുട്ടികളുടെ എണ്ണം 227 ആയി ചുരുക്കാനാണു തീരുമാനം. കഴിഞ്ഞവർഷം 934 കുട്ടികൾക്കു പ്രവേശനം നൽകിയ സ്ഥാനത്താണിത്. ഇതിനു പുറമേ, നിലവിൽ സ്പോർട്സ് ഹോസ്റ്റലുകളിലുള്ള 231 കുട്ടികളെ പ്രകടനം മോശമെന്ന പേരിൽ പുറത്താക്കാനും നീക്കമുണ്ട്.

പ്ലാൻ ഫണ്ട് ഇനത്തിൽ സർക്കാരിൽനിന്ന് കൗൺസിലിനു ലഭിക്കുന്ന വിഹിതം ഇത്തവണ കുറയുമെന്നതിനാൽ ഹോസ്റ്റലുകളിലെ ആളെണ്ണം കുറയ്ക്കുന്നതെന്നാണു അധികൃതരുടെ വിശദീകരണം. നിലവിൽ പുറത്തിറക്കിയ പട്ടിക പ്രകാരം കോളജ് തലത്തിൽ 82 പേർക്കും പ്രൈമറി തലത്തിൽ 36 കുട്ടികൾക്കും മാത്രമാണു സ്പോർട്സ് ഹോസ്റ്റൽ പ്രവേശനം. പ്ലസ്‌വൺ പ്രവേശനത്തിനുള്ള പട്ടികയിലുള്ളത് 109 പേരാണ്. ഈ കുട്ടികളെയെല്ലാം സ്പോർട്സ് കൗൺസിൽ നേരിട്ടു നടത്തുന്ന 53 സെൻട്രലൈസ്ഡ് ഹോസ്റ്റലുകളിൽ പ്രവേശിപ്പിക്കാനാണു തീരുമാനം. ഇതോടെ വിവിധ കോളജുകളിലും സ്കൂളുകളിലുമായി പ്രവർത്തിക്കുന്ന 121 സ്പോർട്സ് ഹോസ്റ്റലുകളിലും ഈ വർഷം പുതിയ കുട്ടികളെത്തില്ല.

പ്രകടനം മോശമായ കുട്ടികളെ മുൻപും സ്പോർട്സ് ഹോസ്റ്റൽ സംവിധാനത്തിൽ നിന്ന് ഒഴിവാക്കിയിട്ടുണ്ടെങ്കിലും 231 പേരെ ഒരുമിച്ചു പുറത്താക്കുന്നത് ഇതാദ്യമാണ്. ഇവരിൽ ഭൂരിഭാഗവും കോളജ് തലത്തിലെ വിദ്യാർഥികളാണ്. പുതിയ അധ്യയന വർഷം ആരംഭിച്ച് 2 മാസം പിന്നിടുമ്പോഴാണ് ഇവരെ ഒഴിവാക്കാനുള്ള തീരുമാനമെത്തുന്നത്. ഇതു കുട്ടികളുടെ തുടർപഠനം അവതാളത്തിലാക്കും. മറ്റു ജില്ലകളിലെ കോളജ് സ്പോർട്സ് ഹോസ്റ്റലുകളിൽ പ്രവേശനം ലഭിച്ചതോടെ സ്വന്തം നാട് വിട്ട് പഠനം നടത്തുന്നവരാണു പുറത്താക്കപ്പെട്ട കുട്ടികളെല്ലാം.

പ്ലാൻ ഫണ്ട് ഇനത്തിൽ കഴിഞ്ഞവർഷം 36 കോടിയാണു സർക്കാരിൽ നിന്നു സ്പോർട്സ് കൗൺസിലിനു ലഭിച്ചത്. അതിൽ 24 കോടി ചെലവഴിച്ചത് സ്പോർട്സ് ഹോസ്റ്റലുകളുടെ നടത്തിപ്പിനാണ്. കോവിഡിനെത്തുടർന്നു ഇത്തവണത്തെ സർക്കാർ വിഹിതത്തിൽ 40 ശതമാനത്തിന്റെ കുറവുണ്ടാകുമെന്നാണു സൂചന. ഇതിന്റെ പശ്ചാത്തലത്തിലാണു സ്പോർട്സ് ഹോസ്റ്റലുകളിലെ എണ്ണം കുറയ്ക്കാനുള്ള കൗൺസിൽ നീക്കം.

English Summary: Sports Hostels Kerala

ഇവിടെ പോസ്റ്റു ചെയ്യുന്ന അഭിപ്രായങ്ങൾ മലയാള മനോരമയുടേതല്ല. അഭിപ്രായങ്ങളുടെ പൂർണ ഉത്തരവാദിത്തം രചയിതാവിനായിരിക്കും. കേന്ദ്ര സർക്കാരിന്റെ ഐടി നയപ്രകാരം വ്യക്തി, സമുദായം, മതം, രാജ്യം എന്നിവയ്ക്കെതിരായി അധിക്ഷേപങ്ങളും അശ്ലീല പദപ്രയോഗങ്ങളും നടത്തുന്നത് ശിക്ഷാർഹമായ കുറ്റമാണ്. ഇത്തരം അഭിപ്രായ പ്രകടനത്തിന് നിയമനടപടി കൈക്കൊള്ളുന്നതാണ്.
തൽസമയ വാർത്തകൾക്ക് മലയാള മനോരമ മൊബൈൽ ആപ് ഡൗൺലോഡ് ചെയ്യൂ
അവശ്യസേവനങ്ങൾ കണ്ടെത്താനും ഹോം ഡെലിവറി  ലഭിക്കാനും സന്ദർശിക്കു www.quickerala.com