ADVERTISEMENT

കായികപ്രേമികൾക്കു സുപരിചിതനാണു പുല്ലേല ഗോപിചന്ദ് എന്ന പി. ഗോപിചന്ദ്. പ്രകാശ് പദുക്കോണിനുശേഷം ഓൾ ഇംഗ്ലണ്ട് ബാഡ്മിന്റനിൽ ജേതാവായ ആദ്യ ഇന്ത്യക്കാരൻ. ബാഡ്മിന്റനിൽ ഇന്ത്യയുടെ ദേശീയ ചീഫ് കോച്ച്. ഒളിംപിക് മെഡൽ നേടിയ സൈന നെഹ്‌വാളിന്റെയും പി.വി.സിന്ധുവിന്റെയും പരിശീലകൻ. ഗോപിചന്ദിന്റെ ഹൈദരാബാദിലെ വീട്ടിൽ ഒരുകാലത്തു ഗോപിയെക്കാൾ വലിയ സെലിബ്രിറ്റി ആയിരുന്ന മറ്റൊരു ബാഡ്മിന്റൻ താരമുണ്ട്; പി.വി.വി.ലക്ഷ്മി. ഗോപിചന്ദിന്റെ ഭാര്യ. ബാഡ്മിന്റൻ കോർട്ടുകളിൽ പ്രണയസന്ദേശം കൈമാറി ജീവിതത്തിൽ ഒന്നിച്ചവരാണു ഗോപിചന്ദും ലക്ഷ്മിയും.

∙ ലവ് ഓൾ

ആന്ധ്രക്കാരിയായ ലക്ഷ്മി 8 തവണ ദേശീയ സീനിയർ ചാംപ്യനായിരുന്നു. 8 വർഷത്തോളം വനിതകളിലെ ദേശീയ ഒന്നാം നമ്പറായിരുന്നു. 1996ലെ അറ്റ്‌ലാന്റ ഒളിംപിക്സിൽ രാജ്യത്തിനായി ഇറങ്ങുമ്പോൾ ആ നേട്ടം കൈവരിക്കുന്ന ഇന്ത്യയിലെ രണ്ടാമത്തെ മാത്രം വനിത. ഗോപിചന്ദ് ഒളിംപിക്സിൽ ഇന്ത്യൻ കുപ്പായമിട്ടത് 2000ൽ സിഡ്നിയിലാണ്. 5 തവണ ദേശീയ ചാംപ്യനായിട്ടുണ്ട് ഗോപിചന്ദ്.  

∙ പവർ സ്മാഷ്

പ്രണയത്തെപ്പറ്റി ലക്ഷ്മി പറയുന്നത് ഇങ്ങനെ: ‘അധികം സംസാരിക്കാത്തയാളായിരുന്നു അദ്ദേഹം. 1987 മുതൽ എനിക്കു ഗോപിയെ പരിചയമുണ്ട്. ആദ്യം കണ്ടപ്പോൾതന്നെ എനിക്ക് ഇഷ്ടമായി. ഞാൻ അങ്ങോട്ടു കയറി സംസാരിക്കുകയായിരുന്നു. 2000ൽ ലക്നൗവിൽ ഒരു ദേശീയ ചാംപ്യൻഷിപ്പിനിടെയാണ് എന്നെ ഇഷ്ടമാണെന്ന് അദ്ദേഹം പറയുന്നത്. വീട്ടുകാരോടു ഞാൻ ഗോപിയുടെ കാര്യം  പറഞ്ഞിട്ടുണ്ടായിരുന്നതിനാൽ പ്രശ്നങ്ങളൊന്നുമുണ്ടായില്ല. 2002 ജൂണിൽ ഞങ്ങൾ വിവാഹിതരായി.’

gopichand-family

∙ ഡ്രോപ് ഷോട്ട്

‘കല്യാണം കഴിഞ്ഞു 4 വർഷത്തിനുശേഷമാണു ഞങ്ങൾ ഒരുമിച്ചൊരു സിനിമയ്ക്കു പോയത്. ഔട്ടിങ്ങിനു പോകാൻ അദ്ദേഹത്തിനു താൽപര്യം തീരെക്കുറവായിരുന്നു. 2008ൽ അക്കാദമിക്കു തുടക്കമിട്ടതോടെ തിരക്കിന്റെ മറ്റൊരു ലോകം. വീട്ടിൽനിന്നു പുലർച്ചെ 4.30നു പോയാൽ മടങ്ങിയെത്തുക രാത്രി ഒൻപതോടെയാണ്. അദ്ദേഹത്തിന്റെ പ്രണയം ശരിക്കും ബാഡ്മിന്റനോടാണ്. ഞാൻ രണ്ടാമതേ വരികയുള്ളൂ’ – ലക്ഷ്മി പറയുന്നു. 

∙ സൈഡ് ലൈൻ

വീട്ടിലെ ബാഡ്മിന്റൻ കോർട്ടിൽ ഗോപിചന്ദിനും ലക്ഷ്മിക്കും കൂട്ടായി രണ്ടുപേർകൂടിയുണ്ട്; മക്കളായ ഗായത്രിയും സായ് വിഷ്ണുവും. ഗായത്രി കഴിഞ്ഞ സാഫ് ഗെയിംസിൽ 2 മെഡൽ നേടി ശ്രദ്ധേയയായി. 2 വർഷം മുൻപു സബ് ജൂനിയർ ദേശീയ ചാംപ്യനായി വിഷ്ണുവും വരവറിയിച്ചു.

English Summary: Pullela Gopichand - P. Lakshmi Love Story

ഇവിടെ പോസ്റ്റു ചെയ്യുന്ന അഭിപ്രായങ്ങൾ മലയാള മനോരമയുടേതല്ല. അഭിപ്രായങ്ങളുടെ പൂർണ ഉത്തരവാദിത്തം രചയിതാവിനായിരിക്കും. കേന്ദ്ര സർക്കാരിന്റെ ഐടി നയപ്രകാരം വ്യക്തി, സമുദായം, മതം, രാജ്യം എന്നിവയ്ക്കെതിരായി അധിക്ഷേപങ്ങളും അശ്ലീല പദപ്രയോഗങ്ങളും നടത്തുന്നത് ശിക്ഷാർഹമായ കുറ്റമാണ്. ഇത്തരം അഭിപ്രായ പ്രകടനത്തിന് നിയമനടപടി കൈക്കൊള്ളുന്നതാണ്.
തൽസമയ വാർത്തകൾക്ക് മലയാള മനോരമ മൊബൈൽ ആപ് ഡൗൺലോഡ് ചെയ്യൂ
അവശ്യസേവനങ്ങൾ കണ്ടെത്താനും ഹോം ഡെലിവറി  ലഭിക്കാനും സന്ദർശിക്കു www.quickerala.com