ADVERTISEMENT

ഒളിംപിക് ചരിത്രത്തിലെ ഏറ്റവും പ്രായമേറിയ താരവും മെഡൽ ജേതാവും എന്ന നേട്ടം സ്വീഡന്റെ ഓസ്കർ ഗോമർ സ്വാന്റെ പേരിലാണ്. സ്വാൻ ആ നേട്ടങ്ങൾ കൈവരിച്ചിട്ട് ഇന്ന് 100 വയസ്. 1920ലെ ആന്റ്വർപ് ഒളിംപിക്സിലായിരുന്നു പ്രായത്തെ വെല്ലുന്ന സ്വാന്റെ റെക്കോർഡ് പ്രകടനം. 1920 ജൂലൈ 27നായിരുന്നു ഷൂട്ടിങ്ങിലെ ഒരിനമായ 100 മീറ്റർ ടീം റണ്ണിങ് ഡീർ ഡബിൾ ഷോട്സ് മൽസരം. നാലു രാജ്യങ്ങള്‍ ടീമിനെ അയച്ചു. 5 പേരടങ്ങുന്ന ഓരോ ടീമുകളാണ് മൽസരിച്ചത്. ആകെ  20 താരങ്ങൾ പങ്കെടുത്തു. 72കാരനായ ഓസ്കർ സ്വാൻ അടങ്ങുന്നതായിരുന്നു സ്വീഡന്റെ ടീം. അന്ന് നോർവേ സ്വർണം സ്വന്തമാക്കിയപ്പോൾ സ്വീഡന്റെ നേട്ടം വെള്ളിയിൽ ഒതുങ്ങി.

എന്നാൽ ചരിത്രത്തിലെ ഏറ്റവും പ്രായമേറിയ ഒളിംപിക് മെഡൽ ജേതാവും താരവും എന്ന നേട്ടമാണ് സ്വാനിനൊപ്പം ചേർന്നത്. അപ്പോൾ സ്വാനിന് പ്രായം 72 വയസും 280 ദിവസവും. 100 വർഷം പിന്നിടുമ്പോഴും ആ റെക്കോർഡ് സ്വാനിന്റെ പേരിൽത്തന്നെയാണ്. 

മൂന്ന് ഒളിംപിക് മേളകളിൽ പങ്കെടുത്ത ഖ്യാതിയുണ്ട് സ്വാനിന്. 1908, 1912, 1920 മേളകളിൽനിന്നായി മൂന്നു സ്വർണവും ഒരു വെള്ളിയും രണ്ട് വെങ്കലവും. 1908ലെ ലണ്ടൻ മേളയിൽനിന്നുമാത്രം രണ്ടു സ്വർണം, ഒരു വെങ്കലം. 1912 സ്റ്റോക്ക്ഹോം മേളയിൽനിന്ന് ഒരു സ്വർണവും ഒരു വെങ്കലവും. സ്റ്റോക്ക്ഹോം മേളയിൽ സ്വർണം നേടുമ്പോൾ അദ്ദേഹം മറ്റൊരു റെക്കോർഡും സ്വന്തമാക്കി: ഒളിംപിക് സ്വർണം നേടുന്ന ഏറ്റവും പ്രായമേറിയ താരം. അപ്പോൾ അദ്ദേഹത്തിന് 64 വയസ്, 258 ദിവസം. ഇപ്പോഴും ആ റെക്കോർഡ് അദ്ദേഹത്തിന്റെ പേരിൽത്തന്നെയാണ്. 

1920ൽ വെള്ളി നേടിയതോടെ ചരിത്രത്തിലെ ഏറ്റവും പ്രായമേറിയ ഒളിംപിക് മെഡൽ ജേതാവ് എന്ന സ്ഥാനവും അദ്ദേഹം സ്വന്തമാക്കി. മറ്റൊരു േനട്ടവും സ്വാൻ കുടുംബത്തിന് അവകാശപ്പെടാം. 1908, 1912, 1920 മേളകളിൽ മെഡലണിയാൻ അദ്ദേഹത്തിന്റെ മകൻ ആൽഫ്രഡ് സ്വാനും അദ്ദേഹത്തിനൊപ്പമുണ്ടായിരുന്നു. അങ്ങനെ ഒരേ ടീമിൽ മൽസരിച്ച് മെഡലണിഞ്ഞ അച്ഛനും മകനും എന്ന അപൂർവ നേട്ടവും ആ കുടുംബം സ്വന്തമാക്കി. 1908– 1924 മേളകളിൽനിന്നായി ആൽഫ്രഡ് നേടിയത് ഒൻപത് മെഡലുകളാണ്: മൂന്നു സ്വർണം, മൂന്നു വെള്ളി, മൂന്ന് വെങ്കലം.

English Summary: Oldest Medal Winner in the History of Olympics

ഇവിടെ പോസ്റ്റു ചെയ്യുന്ന അഭിപ്രായങ്ങൾ മലയാള മനോരമയുടേതല്ല. അഭിപ്രായങ്ങളുടെ പൂർണ ഉത്തരവാദിത്തം രചയിതാവിനായിരിക്കും. കേന്ദ്ര സർക്കാരിന്റെ ഐടി നയപ്രകാരം വ്യക്തി, സമുദായം, മതം, രാജ്യം എന്നിവയ്ക്കെതിരായി അധിക്ഷേപങ്ങളും അശ്ലീല പദപ്രയോഗങ്ങളും നടത്തുന്നത് ശിക്ഷാർഹമായ കുറ്റമാണ്. ഇത്തരം അഭിപ്രായ പ്രകടനത്തിന് നിയമനടപടി കൈക്കൊള്ളുന്നതാണ്.
തൽസമയ വാർത്തകൾക്ക് മലയാള മനോരമ മൊബൈൽ ആപ് ഡൗൺലോഡ് ചെയ്യൂ
അവശ്യസേവനങ്ങൾ കണ്ടെത്താനും ഹോം ഡെലിവറി  ലഭിക്കാനും സന്ദർശിക്കു www.quickerala.com