ADVERTISEMENT

‘ഈ മെഡലുകൾ മുറിച്ചു തരണം’– വിചിത്രമായ ആവശ്യം കേട്ട് ജപ്പാനിലെ ആ ആഭരണപ്പണിക്കാരൻ തീർച്ചയായും ഞെട്ടിക്കാണും! കാരണം, ഒട്ടും കൂസലില്ലാതെ എത്തിയ ആ 2 വിദ്യാർഥികളുടെ കയ്യിലുണ്ടായിരുന്നതു 2 ഒളിംപിക് മെഡലുകളായിരുന്നു. ഒരെണ്ണം വെള്ളി. മറ്റേതു വെങ്കലം. 2 മെഡലുകളും പകുതിയായി മുറിക്കുക, ഓരോന്നിന്റെയും പകുതിവീതം കൂട്ടിച്ചേർക്കുക എന്നതായിരുന്നു അവരുടെ ആവശ്യം. 1936ലെ ബെർലിൻ ഒളിംപിക്സിൽ പുരുഷ പോൾവോട്ടിൽ വെള്ളി നേടിയ ഷുഹെയ് നിഷിദയും സുയെവോ ഒയിയുമായിരുന്നു അവർ. ഏതൊരു അത്‌ലീറ്റും അമൂല്യനിധിയായി കണക്കാക്കുന്ന ഒളിംപിക് മെഡലുകൾ മുറിക്കാൻ തീരുമാനിച്ചതിനു പിന്നിൽ ഒരിക്കലും മുറിഞ്ഞു പോകാത്തൊരു സൗഹൃദത്തിന്റെ കഥയുണ്ട്.

medals
രണ്ടായി മുറിച്ചശേഷം കൂട്ടി യോജിപ്പിച്ച മെഡലുകൾ.

ഹിറ്റ്ലറുടെ വംശീയവിരോധത്തെ ട്രാക്കിൽ വെല്ലുവിളിച്ച അമേരിക്കയുടെ ജെസ്സി ഓവൻസിന്റെ പേരിലാണു ബെർലിൻ ഒളിംപിക്സ് ഓർമിക്കപ്പെടുന്നത്. മത്സരാന്തരീക്ഷത്തിൽ സംശയവും ഭീതിയും നിറ‍ഞ്ഞുനിന്ന അതേ മഹാമേളയിലാണു നിഷിദയും ഒയിയും സൗഹൃദത്തിന്റെ ഉദാത്ത മാതൃക തീർത്തത്. പുരുഷ പോൾവോൾട്ടിൽ 4.15 മീറ്റർ പിന്നിട്ടു ഫൈനൽ റൗണ്ടിലെത്തിയ 5 പേരിൽ ഇരുവരുമുണ്ടായിരുന്നു. 4.25 മീറ്റർ ആയിരുന്നു ആദ്യ കടമ്പ. അമേരിക്കയുടെ ബിൽ ഗ്രാബർ അതിൽ വീണുപോയി. അടുത്ത റൗണ്ടിൽ 4.35 മീറ്റർ ചാടി അമേരിക്കയുടെ ഏൾ മെഡോസ് സ്വർണമുറപ്പിച്ചു. വെള്ളിക്കും വെങ്കലത്തിനും വേണ്ടിയായി പിന്നെ മത്സരം. ഫൈനലിലെ മൂന്നാമത്തെ അമേരിക്കൻ താരമായ ബിൽ സെഫ്റ്റനും ചാട്ടം പിഴച്ചു പിൻമാറി. മത്സരക്കളത്തിൽ ശേഷിച്ചത് ജപ്പാനിലെ വസെദ സർവകലാശാലയിലെ വിദ്യാർഥിയായ നിഷിദയും കിയോ സർവകലാശാലയിലെ വിദ്യാർഥിയായ ഒയിയും.

അപ്പോഴേക്കും നേരം സന്ധ്യയായി. സ്റ്റേഡിയത്തിലെ അരണ്ട വെളിച്ചത്തിൽ മത്സരം കാണാൻ കാത്തുനിന്ന കാൽ ലക്ഷത്തോളം കാണികളെ അമ്പരപ്പിച്ച് നിഷിദയും ഒയിയും തങ്ങളുടെ തീരുമാനം സംഘാടകരെ അറിയിച്ചു. ‘ഞങ്ങൾക്കു പരസ്പരം മത്സരിക്കാൻ വയ്യ; മെഡലുകൾ പങ്കിട്ടോളാം!’ എന്നാൽ, ഒളിംപിക് നിയമങ്ങൾ അതിന് അനുവദിച്ചിരുന്നില്ല. ഒടുവിൽ സംഘാടകർ ജപ്പാൻ ഒളിംപിക് സമിതിയോടു പറഞ്ഞു: ‘വെള്ളി ആർക്കു വേണമെന്ന് നിങ്ങൾക്കു തീരുമാനിക്കാം.’ ചർച്ചയ്ക്കൊടുവിൽ നിഷിദ വെള്ളിയും ഒയി വെങ്കലവും സ്വീകരിക്കാൻ തീരുമാനമായി. ഫൈനൽ റൗണ്ടിൽ 4.25 മീറ്റർ ആദ്യം പിന്നിട്ടത് നിഷിദയാണ് എന്നതായിരുന്നു കാരണം.

മെഡലുകൾ സ്വീകരിച്ചു നാട്ടിൽ തിരിച്ചെത്തിയെങ്കിലും നിഷിദയ്ക്കും ഒയിയ്ക്കും തൃപ്തിയായില്ല. മെഡലുകൾ പങ്കുവയ്ക്കണം എന്നായിരുന്നു ഉറ്റ സുഹൃത്തുക്കളായ അവരുടെ മോഹം. അങ്ങനെയാണ് ഇരുവരും മെഡലുകൾ മുറിച്ചു പങ്കുവയ്ക്കുക എന്ന പോംവഴിയിലെത്തിയത്. കായികലോകം ആവേശപൂർവം ആ തീരുമാനത്തെ സ്വീകരിച്ചു. അങ്ങനെ പകുതി വെള്ളിയും പകുതി വെങ്കലവുമായ 2 മെഡലുകൾ സൃഷ്ടിക്കപ്പെട്ടു. ‘സൗഹൃദത്തിന്റെ മെഡലുകൾ’ എന്നാണ് അവ പിന്നീട് അറിയപ്പെട്ടത്.

ഒളിംപിക്സിനു ശേഷം പട്ടാളത്തിൽ ചേർന്ന ഒയി 1941ൽ 27–ാം വയസ്സിൽ 2–ാം ലോക മഹായുദ്ധത്തിൽ കൊല്ലപ്പെട്ടു. 56 വർഷങ്ങൾക്കുശേഷം 1997ലായിരുന്നു നിഷിദയുടെ മരണം. ഒയിയുടെ മെഡൽ ഇപ്പോൾ അദ്ദേഹത്തിന്റെ കുടുംബത്തിന്റെ കൈവശമാണ്. നിഷിദയുടേതു വസെദ സർവകലാശാലയിൽ സൂക്ഷിച്ചിരിക്കുന്നു; ആ സുവർണ സൗഹൃദത്തിന്റെ ഓർമയ്ക്കായി.

ഇവിടെ പോസ്റ്റു ചെയ്യുന്ന അഭിപ്രായങ്ങൾ മലയാള മനോരമയുടേതല്ല. അഭിപ്രായങ്ങളുടെ പൂർണ ഉത്തരവാദിത്തം രചയിതാവിനായിരിക്കും. കേന്ദ്ര സർക്കാരിന്റെ ഐടി നയപ്രകാരം വ്യക്തി, സമുദായം, മതം, രാജ്യം എന്നിവയ്ക്കെതിരായി അധിക്ഷേപങ്ങളും അശ്ലീല പദപ്രയോഗങ്ങളും നടത്തുന്നത് ശിക്ഷാർഹമായ കുറ്റമാണ്. ഇത്തരം അഭിപ്രായ പ്രകടനത്തിന് നിയമനടപടി കൈക്കൊള്ളുന്നതാണ്.
തൽസമയ വാർത്തകൾക്ക് മലയാള മനോരമ മൊബൈൽ ആപ് ഡൗൺലോഡ് ചെയ്യൂ
അവശ്യസേവനങ്ങൾ കണ്ടെത്താനും ഹോം ഡെലിവറി  ലഭിക്കാനും സന്ദർശിക്കു www.quickerala.com