ADVERTISEMENT

ന്യൂഡൽഹി∙ അർജുന പുരസ്കാരത്തിനുള്ള പട്ടികയിൽനിന്ന് കേന്ദ്ര കായിക മന്ത്രാലയം തഴഞ്ഞതിനു പിന്നാലെ പ്രധാനമന്ത്രി നരേന്ദ്ര മോദിക്കും കായികമന്ത്രി കിരൺ റിജിജുവിനും കത്തയച്ച് ഗുസ്തി താരം സാക്ഷി മാലിക്ക്. അർജുന പുരസ്കാരം നേടാൻ താൻ ഇനി രാജ്യത്തിനായി ഏതു മെഡലാണ് നേടേണ്ടതെന്ന് ചോദ്യമുയർത്തിയാണ് സാക്ഷിയുടെ കത്ത്. 2017ലെ കോൺവെൽത്ത് ഗുസ്തി ചാംപ്യൻഷിപ്പിൽ സ്വർണവും അതേ വർഷം നടന്ന ഏഷ്യൻ ഗുസ്തി ചാംപ്യൻഷിപ്പിൽ വെള്ളിയും നേടിയ താരമാണ് സാക്ഷി. 2018ലെ കോമൺവെൽത്ത് ഗെയിംസിൽ വെങ്കലവും നേടി. രാജ്യത്തെ ഉയർന്ന നാലാമത്തെ സിവിലിയൻ ബഹുമതിയായ പത്‌മശ്രീ നൽകി രാജ്യം ആദരിച്ചിട്ടുള്ള താരമാണ് സാക്ഷി.

മുൻപ് ഖേൽരത്ന പുരസ്കാരം നേടിയ സാഹചര്യത്തിലാണ് സാക്ഷിക്കും ഭാരോദ്വഹനത്തിൽ ലോക ചാംപ്യനായ മീരാബായ് ചാനുവിനും ഇത്തവണ അർജുന അവാർഡ് നൽകേണ്ടതില്ലെന്ന് കേന്ദ്ര സർക്കാർ തീരുമാനിച്ചത്. രാജ്യത്തെ പരമോന്നത കായിക പുരസ്കാരമായ രാജീവ് ഗാന്ധി ഖേൽരത്‌ന പുരസ്കാരം നേടിയവരെ അർജുന പുരസ്കാരത്തിന് നാമനിർദ്ദേശം ചെയ്യുന്നതിലെ അസ്വാഭാവികത പലരും ചൂണ്ടിക്കാട്ടിയിരുന്നു. 2016ലാണ് സാക്ഷി മാലിക്കിന് ഖേൽ രത്‌ന പുരസ്കാരം ലഭിച്ചത്. മീരാബായ് ചാനുവിന് 2018ലും. ഈ സാഹചര്യത്തിലാണ് ഇരുവർക്കും ഇത്തവണ അർജുന പുരസ്കാരം നിഷേധിച്ചത്.

ഈ വർഷം അർജുന അവാർഡിനായി 12 അംഗ വിദഗ്ധ സമിതി ശുപാർശ ചെയ്ത 29 പേരിൽ ഇവരുടെ പേരുകൾ മാത്രമാണ് കായിക മന്ത്രാലയം വെട്ടിയത്. ക്രിക്കറ്റ് താരം ഇഷാന്ത് ശർമ, ദീപ്തി ശർമ, അത്‌ലീറ്റ് ദ്യുതി ചന്ദ് തുടങ്ങിയവർ അർജുന പുരസ്കാരം നേടിയവരിൽ ഉൾപ്പെടുന്നു.

അതേസമയം, ഈ തീരുമാനത്തോട് വിയോജിപ്പ് പ്രകടിപ്പിച്ച സാക്ഷി മാലിക്ക്, രണ്ടു ചോദ്യങ്ങളുയർത്തിയാണ് പ്രധാനമന്ത്രിക്കും കായികമന്ത്രിക്കും കത്തയച്ചത്. നേടാവുന്ന പരമാവധി മെഡലുകളും പുരസ്കാരങ്ങളും സ്വപ്നം കണ്ടാണ് ഏതൊരു കായികതാരവും മുന്നോട്ടു പോകുന്നതെന്ന് 27കാരിയായ സാക്ഷി കത്തിൽ ചൂണ്ടിക്കാട്ടി. ഇനി അർജുന പുരസ്കാരം കൂടി ലഭിക്കാൻ താൻ ഏതു മെഡലാണ് ഇന്ത്യയ്ക്കായി നേടേണ്ടതെന്നാണ് ഇരുവരോടുമുള്ള സാക്ഷിയുടെ ആദ്യ ചോദ്യം. തന്റെ ഗുസ്തി കരിയറിൽ ഇനി അർജുന പുരസ്കാരം ലഭിക്കാനുള്ള സാധ്യത അവശേഷിക്കുന്നുണ്ടോ എന്നാണ് രണ്ടാമത്തെ ചോദ്യം.

‘ബഹുമാനപ്പെട്ട പ്രധാനമന്ത്രി നരേന്ദ്ര മോദി ജി, കായികമന്ത്രി കിരൺ റിജിജു ജീ, എനിക്ക് ഖേൽ രത്‌ന പുരസ്കാരം ലഭിച്ചതിൽ അതിയായ സന്തോഷവവും അഭിമാനവുമുണ്ട്. സാധ്യമായ എല്ലാ പുരസ്കാരങ്ങളും സ്വപ്നം കണ്ടാണ് കായിക താരങ്ങൾ മുന്നോട്ടു പോകുന്നത്. അതിനുവേണ്ടിയാണ് തന്റെ ജീവിതം തന്നെ സമർപ്പിച്ചിരിക്കുന്നത്. എന്റെ പേരിൽ അർജുന പുരസ്കാര പട്ടികയിൽ കാണമെന്ന് ഞാനും ആഗ്രഹിക്കുന്നുണ്ട്. ഈ പുരസ്കാരത്തിനായി ഏതു മെഡലാണ് ഞാൻ ഇന്ത്യയ്ക്കായി ഇനി നേടേണ്ടത്? അതോ, ഈ ജീവിതത്തിൽ ഇനി അർജുന അവാർഡ് ലഭിക്കാൻ എനിക്ക് ഭാഗ്യമില്ല എന്നുണ്ടോ?’ – കത്തിൽ സാക്ഷി ചോദിച്ചു.

English Summay: Which medal should I bring for India to get Arjuna Award: Sakshi Malik asks in letter to PM Narendra Modi

ഇവിടെ പോസ്റ്റു ചെയ്യുന്ന അഭിപ്രായങ്ങൾ മലയാള മനോരമയുടേതല്ല. അഭിപ്രായങ്ങളുടെ പൂർണ ഉത്തരവാദിത്തം രചയിതാവിനായിരിക്കും. കേന്ദ്ര സർക്കാരിന്റെ ഐടി നയപ്രകാരം വ്യക്തി, സമുദായം, മതം, രാജ്യം എന്നിവയ്ക്കെതിരായി അധിക്ഷേപങ്ങളും അശ്ലീല പദപ്രയോഗങ്ങളും നടത്തുന്നത് ശിക്ഷാർഹമായ കുറ്റമാണ്. ഇത്തരം അഭിപ്രായ പ്രകടനത്തിന് നിയമനടപടി കൈക്കൊള്ളുന്നതാണ്.
തൽസമയ വാർത്തകൾക്ക് മലയാള മനോരമ മൊബൈൽ ആപ് ഡൗൺലോഡ് ചെയ്യൂ
അവശ്യസേവനങ്ങൾ കണ്ടെത്താനും ഹോം ഡെലിവറി  ലഭിക്കാനും സന്ദർശിക്കു www.quickerala.com